ആദായനികുതി റിട്ടേൺ ഇനിയും സമർപ്പിച്ചില്ലേ? അവസാന തീയതി ജൂലൈ 31, മറന്നാൽ പിഴയും പലിശയും!

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ (ഐടിആർ) ഇതുവരെ സമർപ്പിക്കാത്തവർക്ക് ഇനി ശേഷിക്കുന്നത് ഒരു ദിവസം മാത്രം. 2025-26 സാമ്പത്തിക വർഷത്തേക്കും 2026-27 അസസ്‌മെന്റ് വർഷത്തേക്കുമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ശമ്പളവരുമാനമുള്ളവരും ഓഡിറ്റ് ആവശ്യമില്ലാത്ത മറ്റ് നികുതിദായകരുമാണ് ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കേണ്ടത്.

Advertisement

അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്ക് പിന്നീട് പ്രത്യേക സമയപരിധിയുണ്ട്. എന്നാൽ സാധാരണ നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ ഇനി സമയം വളരെ കുറവാണ്. ജൂലൈ 31-നകം റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് സമർപ്പിക്കാം. എന്നാൽ പിഴ നൽകേണ്ടിവരുകയും ചില നികുതി ആനുകൂല്യങ്ങൾ നഷ്‌ടപ്പെടുകയും ചെയ്യാം.

Advertisement

ഐടിആർ വൈകിയാൽ പിഴ എത്ര?

ആദായനികുതി നിയമത്തിലെ 234 എഫ് വകുപ്പ് പ്രകാരം ജൂലൈ 31ന് ശേഷം, എന്നാൽ 2026 ഡിസംബർ 31ന് മുമ്പ് റിട്ടേൺ സമർപ്പിച്ചാൽ പരമാവധി 5,000 വരെ പിഴ ഈടാക്കും. നികുതിദായകന്റെ വരുമാനത്തെ ആശ്രയിച്ചാണ് പിഴയുടെ തുക. 5 ലക്ഷത്തിന് മുകളിൽ ആകെ വരുമാനമുള്ളവർ 5,000 പിഴ നൽകണം. 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 1,000 ആണ് പിഴ.

ഇതിന് പുറമെ, അടയ്ക്കാനുള്ള നികുതി തുകയുണ്ടെങ്കിൽ 234 എ വകുപ്പ് പ്രകാരം പ്രതിമാസം 1 ശതമാനം പലിശ ഈടാക്കും. ജൂലൈ 31ന് ശേഷം, അതായത് ഓഗസ്‌റ്റ് 1 മുതൽ റിട്ടേൺ സമർപ്പിക്കുന്ന ദിവസം വരെ, ഈ പലിശ കണക്കാക്കും. അതിനാൽ തന്നെ പരമാവധി ഈ ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കുന്നതാവും ഉചിതം.

Advertisement

ഐടിആർ എങ്ങനെ സമർപ്പിക്കാം?

ഘട്ടം 1: ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ പാൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഘട്ടം 2: ലോഗിൻ ചെയ്‌ത ശേഷം 'e-File' എന്ന മെനുവിൽ പോകുക. തുടർന്ന് 'Income Tax Returns', അതിനുശേഷം 'File Income Tax Return' തിരഞ്ഞെടുക്കുക.

ഘട്ടം 3: ശരിയായ അസസ്‌മെന്റ് വർഷം തിരഞ്ഞെടുക്കുക. ഇവിടെ AY 2026-27 ആണ് തിരഞ്ഞെടുക്കേണ്ടത്.

ഘട്ടം 4: നിങ്ങളുടെ ഫയലിംഗ് സ്‌റ്റാറ്റസ് തിരഞ്ഞെടുക്കുക. സാധാരണ വ്യക്തിഗത നികുതിദായകർക്ക് 'Individual' ആയിരിക്കും.

ഘട്ടം 5: നിങ്ങളുടെ വരുമാനത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായ ഐടിആർ ഫോം തിരഞ്ഞെടുക്കുക. സാധാരണ ശമ്പളവരുമാനം മാത്രമുള്ളവർക്ക് ഐടിആർ-1 മതിയാകും. എന്നാൽ മൂലധന നേട്ടം പോലുള്ള മറ്റ് വരുമാനങ്ങളോ ഒന്നിലധികം വരുമാന സ്രോതസ്സുകളോ ഉള്ളവർക്ക് ഐടിആർ-2 അല്ലെങ്കിൽ ഐടിആർ-3 ആവശ്യമായി വരാം.

Advertisement

ഘട്ടം 6: Form 16, Form 26AS, Annual Information Statement (AIS) എന്നിവയിലെ വിവരങ്ങൾ ഉപയോഗിച്ച് പോർട്ടൽ റിട്ടേണിലെ പല വിവരങ്ങളും സ്വയം പൂരിപ്പിക്കും. എങ്കിലും ഇവ നിങ്ങളുടെ രേഖകളുമായി പരിശോധിച്ച് ഉറപ്പാക്കണം.

ഘട്ടം 7: നിങ്ങളുടെ വരുമാനം, 80C, 80D തുടങ്ങിയ വകുപ്പുകൾ പ്രകാരമുള്ള നികുതി ഇളവുകൾ, ഇതിനകം അടച്ച നികുതി എന്നിവ പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.

ഘട്ടം 8: ഫോം പൂർത്തിയാക്കിയാൽ നിങ്ങൾ അടയ്ക്കേണ്ട നികുതി തുകയോ ലഭിക്കാനുള്ള റീഫണ്ടോ പോർട്ടൽ കണക്കാക്കും.

ഘട്ടം 9: റിട്ടേൺ സമർപ്പിച്ച ശേഷം ആധാർ ഒടിപി അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അത് വെരിഫൈ ചെയ്യുക.

Advertisement

ഘട്ടം 10: സമർപ്പിച്ച റിട്ടേൺ വെരിഫൈ ചെയ്‌തില്ലെങ്കിൽ അത് സമർപ്പിച്ചതായി കണക്കാക്കില്ല. അതിനാൽ വെരിഫിക്കേഷൻ ഘട്ടം വളരെ പ്രധാനമാണ്.

ജൂലൈ 31ന് ശേഷവും ഐടിആർ സമർപ്പിക്കാമോ?

ജൂലൈ 31 കഴിഞ്ഞാലും ഈ വർഷം ഡിസംബർ 31 വരെ ബെലേറ്റഡ് റിട്ടേൺ സമർപ്പിക്കാൻ സാധിക്കും. എന്നാൽ അത്തരത്തിൽ 234F പ്രകാരമുള്ള വൈകിയുള്ള ഫയലിംഗ് പിഴയും, അടയ്ക്കാനുള്ള നികുതി ഉണ്ടെങ്കിൽ 234എ പ്രകാരമുള്ള പലിശയും ബാധകമാകും. അതിനാൽ പിഴയും പലിശയും ഒഴിവാക്കാൻ അർഹരായ നികുതിദായകർ ജൂലൈ 31ന് മുമ്പ് തന്നെ ഐടിആർ സമർപ്പിക്കുന്നതാണ് ഉചിതം.