ബിജെപിക്കെതിരെ ഡിഎംകെയും ടിവികെയും ഒന്നിക്കുമോ? വിസികെയുടെ ആദ്യശ്രമം പാളി


ദേശീയതലത്തില്‍ ഇന്ത്യാ മുന്നണിയുടെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ടിവികെയെ കൊണ്ടുവരാന്‍ മുന്‍ സഖ്യകക്ഷിയായ വിസികെ നടത്തിയ മധ്യസ്ഥശ്രമം തള്ളി ഡിഎംകെ. സംസ്ഥാനത്ത് കോണ്‍ഗ്രസിനെതിരെ ഡിഎംകെ നിശിതമായി വിമര്‍ശിക്കുമ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പമാണ് ഡിഎംകെ. എന്നാല്‍ ടിവികെയോട് ഈ നിലപാട് പിന്തുടരാന്‍ തയ്യാറല്ല എന്നാണ് ഡിഎംകെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisement

ആദ്യം ദേശീയതലത്തില്‍ ടിവികെയുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം എന്ന് ഡിഎംകെ, വിസികെ നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. ബിജെപിയെ പ്രധാന പ്രത്യയശാസ്ത്ര ശത്രുവായി പട്ടികപ്പെടുത്തുകയും ഡിഎംകെയെ തന്റെ മുഖ്യ രാഷ്ട്രീയ എതിരാളിയായി ആവര്‍ത്തിച്ച് അവതരിപ്പിക്കുകയും ചെയ്ത വിജയിയുടെ നിലപാട് ശരിക്ക് മനസിലാക്കാന്‍ ഡിഎംകെ നേതാക്കള്‍ വിസികെയോട് ആവശ്യപ്പെട്ടു.

Advertisement

''വിസികെയുടെ നിര്‍ദ്ദേശം ഡിഎംകെ നേതൃത്വം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കേരള, പശ്ചിമ ബംഗാള്‍ മോഡല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കില്ല,'' ടിവികെയും പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഐക്യത്തോടെ നിലകൊള്ളുമ്പോള്‍ തന്നെ സംസ്ഥാനതലത്തില്‍ എതിരാളികളായി തുടരണമെന്ന വിസികെ മേധാവി തോല്‍ തിരുമാവളവന്റെ നിര്‍ദ്ദേശത്തെ പരാമര്‍ശിച്ച് ഡിഎംകെ എംപി ഗണപതി പി രാജ്കുമാര്‍ പറഞ്ഞു.

'അദ്ദേഹം ഡിഎംകെയെ തന്റെ രാഷ്ട്രീയ ശത്രുവായി വിളിക്കുന്നു. നമുക്ക് എങ്ങനെ അവിടെ തുടരാനാകും?. പാര്‍ലമെന്റില്‍ എംപിമാരില്ലാത്ത ഒരു പാര്‍ട്ടിയെ ഇന്ത്യാ ബ്ലോക്ക് അംഗത്വത്തിന് പരിഗണിക്കണോ,' രാജ്കുമാര്‍ ചോദിച്ചു. കരൂര്‍ ദുരന്തത്തിന് ശേഷം വിജയ് ആദ്യമായി സംഭവസ്ഥലം സന്ദര്‍ശിച്ചതിനെച്ചൊല്ലി ഡിഎംകെയും വിജയ് സര്‍ക്കാരും തമ്മിലുള്ള വാക്കുതര്‍ക്കം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് നിലവിലെ സംഭവവികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

Advertisement

കരൂര്‍ ദുരന്തത്തിന് കാരണം പൊലീസ് ആണ് എന്ന് പറഞ്ഞ് അന്നത്തെ ഡിഎംകെ സര്‍ക്കാരിനെ വിജയ് കരൂര്‍ സന്ദര്‍ശനവേളയില്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ബിജെപിയെ പരാജയപ്പെടുത്താന്‍ ഡിഎംകെയും ടിവികെയും ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാകണം എന്നാണ് വിസികെ ആവശ്യപ്പെടുന്നത്. ഈ ഐക്യം തമിഴ്നാടിന്റെ പ്രത്യേക ആവശ്യമല്ല, മറിച്ച് ഒരു ദേശീയ ആവശ്യകതയാണെന്ന് വിസികെ മേധാവി തോല്‍ തിരുമാവളവന്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് എംപി ജ്യോതിമണിയും ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചിരുന്നു. അതേസമയം ഇന്ത്യാ സഖ്യം സംബന്ധിച്ച നിലവിലെ വിവാദത്തില്‍ സ്റ്റാലിനും വിജയും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, സഖ്യത്തില്‍ നിന്നുള്ള ഡിഎംകെയുടെ പിന്മാറ്റം അന്തിമമല്ല.

Advertisement

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുതുക്കല്‍ നടപടിയെക്കുറിച്ചും ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഒപ്പുവെച്ച 23 പ്രതിപക്ഷ പാര്‍ട്ടികളില്‍ ഡിഎംകെയും ഉള്‍പ്പെടുന്നു. ഇന്ത്യാ മുന്നണി യോഗം ഡിഎംകെയും എഎപിയും ബഹിഷ്‌കരിച്ചതിന് ശേഷവും മെമ്മൊറാണ്ടത്തില്‍ ഒപ്പുവെച്ചത് ശ്രദ്ധേയമാണ്.