ഇന്ത്യയുടെ ടാക്റ്റിക്കല്‍ മൂവ്; റഷ്യയിലേക്ക് പെട്രോള്‍ കയറ്റുമതി, കടല്‍ വഴി പോയത് 60000 മെട്രിക് ടണ്‍

ന്യൂഡല്‍ഹി: ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. നേരത്തെ സൗദി അറേബ്യയും ഇറാഖും ആദ്യ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നു എങ്കില്‍ 2022ഓടെ ചിത്രം മാറി. യുക്രൈന്‍ യുദ്ധം തുടങ്ങുകയും അമേരിക്കയും യൂറോപ്പും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തതോടെ വരുമാനം കണ്ടെത്താന്‍ റഷ്യ വില കുറച്ച് എണ്ണ വിറ്റു. ഈ അവസരം ഇന്ത്യ മുതലെടുത്തതോടെയാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യമായി റഷ്യ മാറിയത്.

Advertisement

റഷ്യയ്‌ക്കെതിരെ നടപടി കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ഉപരോധം ശക്തിപ്പെടുത്തി. റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും നടപടി വരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ തുടങ്ങവെയാണ് പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങിയതും റഷ്യയെ വീണ്ടും ആശ്രയിക്കാന്‍ തുടങ്ങിയതും. എന്നാല്‍ ഇപ്പോള്‍ വരുന്ന വാര്‍ത്ത ഇന്ത്യ റഷ്യയിലേക്ക് വന്‍തോതില്‍ പെട്രോള്‍ കയറ്റുമതി ചെയ്യുന്നു എന്നാണ്...

Advertisement

യൂക്രെയിന്‍ നടത്തിയ കനത്ത ബോംബാക്രമണങ്ങളെത്തുടര്‍ന്ന് ഊര്‍ജ്ജ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ റഷ്യ ഇന്ത്യയില്‍നിന്ന് കടല്‍മാര്‍ഗം പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചതായിട്ടാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. റഷ്യയിലുടനീളമുള്ള 11 ടൈം സോണുകളിലും ഇന്ധനക്ഷാമം രൂക്ഷമായിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും ഇന്ധന വിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതായും ഇന്ധന സ്റ്റേഷനുകളില്‍ വലിയ ക്യൂ രൂപപ്പെട്ടതായും വിവരങ്ങളുണ്ട്. ഇതേത്തുടര്‍ന്ന് റഷ്യയില്‍ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തി.

കുറഞ്ഞ നിരക്കില്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് റഷ്യ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ക്രെംലിന്‍ വ്യക്തമാക്കി. 60,000 മെട്രിക് ടണ്‍ പെട്രോളെങ്കിലും ഇന്ത്യ ഇതിനകം റഷ്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നാണ് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. രണ്ട് കൂറ്റന്‍ കപ്പലുകളാണ് ഇന്ത്യയില്‍ നിന്ന് റഷ്യന്‍ തീരത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇന്ത്യയിലെ ഏത് റിഫൈനറിയാണ് ഇന്ധനം വിതരണം ചെയ്തതെന്ന കാര്യം വ്യക്തമല്ല.

Advertisement

ഒരു മാസം നാലു ലക്ഷം ടണ്‍ ഇറക്കുമതി വേണം

ഇന്ത്യക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നായി പ്രതിമാസം നാല് ലക്ഷം ടണ്‍ പെട്രോള്‍ എങ്കിലും ഇറക്കുമതി ചെയ്യാനാണ് നിലവില്‍ റഷ്യ പദ്ധതിയിടുന്നത്. നിലവില്‍ അയല്‍രാജ്യമായ ബെലാറസ് തീവണ്ടി മാര്‍ഗം റഷ്യയിലേക്ക് വന്‍തോതില്‍ ഇന്ധനം എത്തിക്കുന്നുണ്ട്. ജൂണ്‍ മാസത്തെ ആദ്യ രണ്ടാഴ്ചകളില്‍ ബെലാറസില്‍ നിന്നുള്ള ഇന്ധന വിതരണം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് എഴുപതിനായിരം ടണ്ണില്‍ എത്തി. എങ്കിലും വേനല്‍ക്കാലത്ത് റഷ്യയിലെ ഇന്ധന ഉപഭോഗം പ്രതിദിനം 1.10 ലക്ഷം ടണ്‍ വരെ എത്തുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അടിയന്തര സഹായം റഷ്യക്ക് ആവശ്യമാണ്.

Advertisement

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, ജൂണ്‍ മാസത്തില്‍ പ്രതിദിനം 27 ലക്ഷം ബാരല്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയാണ് വാങ്ങിയത്. കപ്പല്‍ ഗതാഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന കെപ്ലര്‍, എല്‍.എസ്.ഇ.ജി എന്നീ ഏജന്‍സികളുടെ ഡാറ്റ പ്രകാരം ജൂണില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ എണ്ണയുടെ പകുതിയിലധികവും റഷ്യയില്‍ നിന്നായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 36.5 ശതമാനം മാത്രമായിരുന്ന റഷ്യന്‍ വിഹിതമാണ് വെറും ഒരു മാസം കൊണ്ട് 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നത്. അതേസമയം, ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില ഉയര്‍ത്തിയ സാഹചര്യത്തില്‍ എങ്ങനെ റഷ്യയിലേക്ക് ഇത്രയധികം കയറ്റുമതി ചെയ്തു എന്ന ചോദ്യവും ബാക്കിയാണ്.