കര്‍ണാടകയില്‍ കോണ്‍ഗ്രസ് കളി മാറ്റി; 8 ബിജെപി എംഎല്‍എമാരെ ചാടിക്കും!! വെളിപ്പെടുത്തി ഡിജി റാവു


ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമായെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്. ജാര്‍ഖിഹോളി സഹോദരങ്ങള്‍ ഉയര്‍ത്തിയ കലാപക്കൊടി കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന് ബിജെപി ക്യാമ്പ് പ്രതീക്ഷിച്ചിരിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസ് ഉഗ്രന്‍ വെടിപൊട്ടിച്ചിരിക്കുന്നത്.

ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് സര്‍ക്കാരിന്റെ ഭാഗമാകുമെന്നാണ് വെളിപ്പെടുത്തല്‍. ബിജെപി നേതാക്കളില്‍ ആശങ്ക നിറയ്ക്കുന്ന വെളിപ്പെടുത്തല്‍ വന്നതോടെ പഴയ കുതിരക്കച്ചവട സാധ്യതകള്‍ വീണ്ടും ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവബഹുലമായ കര്‍ണാടക രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിവരങ്ങള്‍....

വിവാദ പശ്ചാത്തലം

കര്‍ണാടക രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാമെന്ന കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍ഖിഹോളിയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴാന്‍ പോകുന്നുവെന്ന സൂചന നല്‍കിയത്. മറുഭാഗത്തേക്ക് ചാടാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ നേതാക്കള്‍ നിരീക്ഷിച്ചുവരികയാണെന്നും വിവരങ്ങള്‍ വന്നിരുന്നു.

കലാപക്കൊടി ഉയര്‍ത്തിയവര്‍

ബെലഗാവിയിലെ യെന്‍മണ്‍മാര്‍ഡി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സതീഷ് ജാര്‍ഖിഹോളി. സതീഷിന് പുറമെ സഹോദരനും മുന്‍സിപ്പാലിറ്റി വകുപ്പ് മന്ത്രിയുമായ രമേഷ് ജാര്‍ഖിഹോളിയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപനത്തില്‍ ഉടക്കിലാണ്. ഇവര്‍ ഉയര്‍ത്തിയ കലാപക്കൊടി സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്നായിരുന്നു വാര്‍ത്തകള്‍.

12 അംഗങ്ങള്‍ കൂടെയുണ്ട്

കര്‍ണാടക രാഷ്ട്രീയത്തില്‍ സ്വാധീനമുള്ള നേതാക്കളാണ് ജാര്‍ഖിഹോളി സഹോദരങ്ങള്‍. 12 എംഎല്‍എമാരാണ് ഇവര്‍ക്കൊപ്പമുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ നില പരുങ്ങലിലാകും. ഈ അവസരത്തിന് വേണ്ടി ബിജെപി കാത്തുനില്‍ക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ സൂചനയും നല്‍കിയിരുന്നു.

മറുപണിക്കൊരുങ്ങി കോണ്‍ഗ്രസ്

അതിനിടെയാണ് കോണ്‍ഗ്രസ് മറുപണി കൊടുക്കുന്നത്. എട്ട് ബിജെപി എംഎല്‍എമാര്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ കാത്തുനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ ഡിജി റാവുവാണ് ഇക്കാര്യം പറഞ്ഞത്. ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നതാണ് ഡിജി റാവുവിന്റെ വാക്കുകള്‍.

തിരിച്ചടി ലഭിക്കും

കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് എംഎല്‍എമാരെ ചാടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി ലഭിക്കും. എട്ട് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുണ്ട്. ഇത്തരം കളികളില്‍ നിന്ന് ബിജെപി ഒഴിയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.

ചാക്കിട്ട് പിടുത്തം

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്ന രാഷ്ട്രീയം വളരെ മോശമാണ്. കോണ്‍ഗ്രസ് അതിന് മുതിരില്ല. ബിജെപിയും പിന്‍വാങ്ങണം. ബിജെപി ഇത്തരം കളികളുമായി ഇറങ്ങിയാല്‍ തങ്ങള്‍ അടങ്ങിയിരിക്കുകയുമില്ലെന്നും ഡിജെ റാവു മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് ശക്തം

കോണ്‍ഗ്രസില്‍ നിന്ന് ആരും മറുഭാഗത്തേക്ക് പോകില്ല. മാധ്യമങ്ങളില്‍ നിറയുന്ന പേരുകളെല്ലാം കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കും. പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നും ജാര്‍ഖിഹോളി സഹോദരങ്ങള്‍ ബിജെപി പക്ഷത്തേക്ക് മാറുമോ എന്ന ചോദ്യത്തിന് മറുപടിയായി റാവു പറഞ്ഞു.

ബിജെപിയാണ് ഇതിന് പിന്നില്‍

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നിഷേധിച്ചു. ബിജെപിയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണതെല്ലാം. ജാര്‍ഖിഹോളി സഹോദരങ്ങളുമായി താന്‍ സംസാരിച്ചുവെന്നും തങ്ങള്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നും പരമേശ്വര പറഞ്ഞു.

ഹൈക്കമാന്റിന് പരാതി

ജാര്‍ഖിഹോളി സഹോദരങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല എന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം ശരിയല്ലെന്ന് സതീഷ് ജാര്‍ഖിഹോളിയുടെ വാക്കുകളില്‍ വ്യക്തമാണ്. മന്ത്രി ഡികെ ശിവകുമാറിനെതിരെയാണ് അവരുടെ പോര്. ശിവകുമാറിനെതിരെ ജാര്‍ഖിഹോളി സഹോദരങ്ങള്‍ ഹൈക്കമാന്റിന് പരാതി നല്‍കിയെന്ന വിവരവും പുറത്തുവന്നിരുന്നു.

സിദ്ധരാമയ്യയുടെ കളികള്‍

ജാര്‍ഖിഹോളി സഹോദരങ്ങള്‍ക്ക് പിന്നില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സിദ്ധരാമയ്യ ഇപ്പോള്‍ യൂറോപ്പിലാണ്. അദ്ദേഹം അവിടെ ഇരുന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് നേതാക്കളുടെ ആക്ഷേപം.

ലക്ഷ്യം മറ്റൊന്ന്

നിലവില്‍ സിദ്ധരാമയ്യയെ പിന്തുണയ്്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിട്ടുണ്ട്. പരമേശ്വരയും ഡികെ ശിവകുമാറുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവര്‍ക്കാണ് പ്രധാന പദവികളെല്ലാം ലഭിച്ചത്. ശിവകുമാറിനൊപ്പം നില്‍ക്കുന്ന ലക്ഷ്മി ഹെബ്ബാല്‍ക്കറുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ജാര്‍ഖിഹോളി സഹോദരങ്ങള്‍ ഉന്നയിക്കുന്നത്. ലക്ഷ്മി പരിധി വിട്ട് പദവികള്‍ ലഭിക്കുന്നുവെന്നാണ് ആക്ഷേപം.

അധ്യക്ഷ പദവി വേണം

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പദവി സതീഷിന് നല്‍കണമെന്നാണ് ജാര്‍ഖിഹോളി സഹോദരങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ചുമതപ്പെടുത്തിയത് സിദ്ധരാമയ്യയെ ആണ്. എന്നാല്‍ അദ്ദേഹം യൂറോപ്പിലുമാണ്. കടുത്ത പ്രതിസന്ധിയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേരിടുന്നത്. ബെല്ലാരിയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ നാഗേന്ദ്ര ജാര്‍ഖിഹോളി സഹോദരങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് സൂചന.

പാര്‍ട്ടി വിടില്ല

സിദ്ധരാമയ്യയും ജാര്‍ഖിഹോളി സഹോദരങ്ങളും ഒരുമിച്ചുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ സാധ്യത കുറവാണ്. പകരം നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കൂടുതല്‍ പദവികള്‍ നേടുകയാണ് ലക്ഷ്യം. നേതൃത്വവുമായി യാതൊരു കുഴപ്പവുമില്ലെന്ന് മന്ത്രി രമേഷ് ജാര്‍ഖിഹോളി പറയുന്നുമുണ്ട്.

കര്‍ണാടക സഭ ഇങ്ങനെ

224 അംഗ നിയമസഭയാണ് കര്‍ണാടകയിലുള്ളത്. കോണ്‍ഗ്രസ് 79, ജെഡിഎസ് 36, ബിഎസ്പി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിവരടക്കം 118 അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഭരിക്കുന്നത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുയുമുണ്ട്. രണ്ട് മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 15 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് ആരോപണം.

രാജ്യം കുലുങ്ങി; പത്തനംതിട്ടയിലും ആലപ്പുഴയിലും ഭൂചലനം!! വീടുകള്‍ വിണ്ടുകീറി, ഉഗ്ര ശബ്ദവും

Have a great day!
Read more...

English Summary

Karnataka Politics: Several BJP MLAs ready to join Congress-JD(S), says Congress