എല്‍ജിബിടിക്യു+ വിഭാഗം ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പാടില്ലെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിശാലമായ സാമൂഹിക ജീവിതത്തില്‍ അവര്‍ക്കും ഒരിടമുണ്ട് എന്നും ഭാഗവത് പറഞ്ഞു. തെലങ്കാനയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ലോകമെമ്പാടും എല്‍ജിബിടിക്യു+ വിഭാഗക്കാര്‍ ഉള്ളതിനാല്‍, ഇന്ത്യയില്‍ അവര്‍ ഇല്ലായിരുന്നുവെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
'അവരും മനുഷ്യരാണ്. നമ്മുടെ ഇടയിലും അത്തരം അവസ്ഥകള്‍ നിലനിന്നിരുന്നു. ചിലര്‍ക്ക് ഇത് ജന്മനാ ഉള്ളതാണ്, മറ്റു ചിലര്‍ക്ക് പിന്നീട് ഉണ്ടാകുന്നതാണ്' ഭാഗവത് പറഞ്ഞു. തങ്ങള്‍ എല്‍ജിബിടിക്യു+ വിഭാഗത്തിന്റെ ഭാഗമാണെന്ന് ആളുകള്‍ തിരിച്ചറിയുന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ചിലര്‍ അങ്ങനെ തന്നെ ജനിച്ചവരാണെങ്കില്‍ മറ്റു ചിലര്‍ ജീവിതത്തിന്റെ പിന്നീടുള്ള ഘട്ടത്തിലാണ് ഇക്കാര്യം തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'ചിലര്‍ക്ക് ഇത് ജന്മനാ ഉള്ളതാണ്, പ്രകൃതി തന്നെ നിശ്ചയിക്കുന്നതാണത്. അതില്‍ അവര്‍ക്കോ നമുക്കോ ഒന്നും ചെയ്യാനാവില്ല; അവര്‍ ജനിച്ചത് അങ്ങനെയാണ്. എന്നാല്‍, ചിലര്‍ക്ക് മാനസികാവസ്ഥ മൂലമോ ശാരീരികമായ ചായ്വുകള്‍ മൂലമോ പിന്നീട് ഇത്തരം അവസ്ഥകള്‍ ഉണ്ടാകാം,' അദ്ദേഹം പറഞ്ഞു. എല്‍ജിബിടിക്യു+ വിഭാഗത്തിന് ഇന്ത്യന്‍ സമൂഹം മുന്‍കാലങ്ങളിലും ഇടം നല്‍കിയിട്ടുണ്ടെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. അവരെ താഴ്ന്നവരായി കാണരുതെന്ന് നമ്മുടെ പാരമ്പര്യം പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'അവര്‍ക്കായി ഞങ്ങള്‍ നിശബ്ദമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ചില അവസ്ഥകള്‍ക്ക് ചികിത്സയുണ്ടാകാമെങ്കിലും, ചികിത്സിച്ചു മാറ്റാനാകാത്തവരും മനുഷ്യരാണെന്നും അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പാരമ്പര്യം അവരുടെ അസ്തിത്വം അംഗീകരിച്ചിരുന്നു,' അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിന്റെ പാരമ്പര്യങ്ങളെക്കുറിച്ചും, ഇന്ത്യന്‍ സമൂഹം അവരോട് അനുകമ്പയുള്ള സമീപനം പുലര്‍ത്തുകയും അവരെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായി അംഗീകരിക്കുകയും ചെയ്തതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. 'ഇന്നും അവര്‍ക്ക് സ്വന്തമായി ദേവതകളും ആരാധനാലയങ്ങളും ഉണ്ട്. കുംഭമേളയില്‍ പങ്കെടുക്കുന്ന മഹാമണ്ഡലേശ്വര്‍മാര്‍ പോലും അവരിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ അനാവശ്യമായ ബഹളമോ കോലാഹലമോ ഉണ്ടാക്കുന്നതിന് പകരം, അവരോട് അനുകമ്പയുള്ള സമീപനം സമൂഹം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ അവയെ നിശബ്ദമായാണ് കൈകാര്യം ചെയ്തത്. നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകങ്ങളായി അവരെ അംഗീകരിച്ചുകൊണ്ട് ഉചിതവും വിവേകപൂര്‍ണ്ണവുമായ ക്രമീകരണങ്ങളാണ് ഞങ്ങള്‍ ഒരുക്കിയത്,' അദ്ദേഹം പറഞ്ഞു. ലിംഗപരമായ അസമത്വത്തെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും സംസാരിച്ച ആര്‍എസ്എസ് മേധാവി, പുരുഷനോ സ്ത്രീയോ ഒറ്റയ്ക്ക് എല്ലാം ചെയ്യാനാവില്ലെന്നും, എന്തെങ്കിലും സാധ്യമാക്കാന്‍ അവര്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'പുരുഷനാണോ അതോ സ്ത്രീയാണോ ശ്രേഷ്ഠന്‍ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കാറുണ്ട്. സ്വാഭാവികമായും, പുരുഷപക്ഷത്തുള്ളവര്‍ പുരുഷനാണ് ശ്രേഷ്ഠന്‍ എന്ന് പറയും. സ്ത്രീപക്ഷത്തുള്ളവര്‍ സ്ത്രീയാണ് ശ്രേഷ്ഠ എന്ന് പറയും,' അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ കുടുംബങ്ങളില്‍ അടിമകളെപ്പോലെ കഴിയുന്നുവെന്നും വിവാഹം ഒരു അടിമത്ത കെണിയാണെന്നും പറയുന്നതിനെ പറ്റിയും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ ശ്രേഷ്ഠരാണ് എന്ന് നാം അംഗീകരിക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് അത്തരമൊരു അവസ്ഥ നിലനില്‍ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. 'സ്ത്രീകള്‍ ശ്രേഷ്ഠരാണെങ്കില്‍, എന്തുകൊണ്ട് അവര്‍ കുടുംബത്തില്‍ അടിമകളെപ്പോലെ കഴിയണം? അടിമത്തത്തിലേക്ക് തളച്ചിടുന്ന ഒരു വിവാഹബന്ധം എന്തിന് സ്വീകരിക്കണം? ഒരു സ്ത്രീക്ക് എല്ലാം ചെയ്യാന്‍ കഴിയും എന്നത് ഒരു മിഥ്യാധാരണയാണ്. പുരുഷന് എല്ലാം ചെയ്യാന്‍ കഴിയും എന്നതും ഒരു മിഥ്യാധാരണയാണ്. ഒരിടത്ത് എന്തെങ്കിലും കാര്യങ്ങള്‍ നടക്കണമെങ്കില്‍, പുരുഷനും സ്ത്രീയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്,' ഭാഗവത് പറഞ്ഞു.