തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിയുടെ നേതൃത്വത്തിന് കനത്ത പ്രഹരമേൽപ്പിച്ച് പശ്ചിമ ബംഗാളിൽ വിമത എംഎൽഎമാരുടെ വൻ നീക്കം. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുത്തു. ഇതോടെ തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം പരസ്യമായ അധികാര യുദ്ധമായി മാറിയിരിക്കുകയാണ്. പാർട്ടി ഭരണഘടനയും ആസ്ഥാനവും തങ്ങളുടെ നിയന്ത്രണത്തിലാക്കിയ വിമത നീക്കം ഞങ്ങളാണ് യഥാർഥ നേതൃത്വം എന്ന് അവകാശപ്പെട്ടു കഴിഞ്ഞു.
പാർട്ടി ആസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടു. തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നും പാർട്ടിയുടെ ഔദ്യോഗിക പേരും 'ജോടാ ഫൂൽ' ചിഹ്നവും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നും അവർ കമ്മീഷന് മുന്നിൽ വാദിച്ചു. ഭൂരിഭാഗം എം.എൽ.എമാരുടെയും ജനപ്രതിനിധികളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ അവകാശവാദം. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടി.എം.സി കൗൺസിലർമാരെ പങ്കെടുപ്പിച്ചു കൊണ്ട് വലിയൊരു ശക്തിപ്രകടനം നടത്താനും ഋതബ്രത വിഭാഗത്തിന് സാധിച്ചിട്ടുണ്ട്.
വിമതരുടെ അപ്രതീക്ഷിത നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായി പ്രതിരോധിക്കാനാണ് മമത ബാനർജിയും വിശ്വസ്തരും തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജരേഖകൾ ചമച്ച് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മമതയുടെ വിശ്വസ്തയായ മുതിർന്ന നേതാവ് ഡോല സെൻ വിമത എം.എൽ.എമാർക്കെതിരെ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. അനധികൃതമായി യോഗങ്ങൾ ചേരുക, ആളുമാറി പാർട്ടിയുടെ പേര് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് വിമതർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, പാർട്ടിക്കുണ്ടായ പ്രതിസന്ധിയെ തള്ളിക്കൊണ്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. പശ്ചിമ ബംഗാളിലെ ജനങ്ങൾ വോട്ട് നൽകിയത് മമത ബാനർജി എന്ന നേതാവിനെ നോക്കിയാണെന്നും, ഏതാനും ചില നേതാക്കളോ കൗൺസിലർമാരോ പാർട്ടി വിട്ടുപോയത് കൊണ്ട് തൃണമൂൽ കോൺഗ്രസിന്റെ ജനപിന്തുണ ഒട്ടും കുറയില്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി. എങ്കിലും, ബംഗാളിൽ മമത ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളികളിലൊന്നായിട്ടാണ് ഈ വിമത നീക്കത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കോടതിയുടെയും തീരുമാനങ്ങൾ ഈ രാഷ്ട്രീയ പ്രതിസന്ധിയിൽ നിർണ്ണായകമാകും.നിയമപോരാട്ടവുമായി മമത ക്യാമ്പ്