മമതക്ക് കനത്ത തിരിച്ചടി;തൃണമൂൽ കോണ്ഗ്രസിൻ്റെ 440 കോടിയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ച് ഇഡി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി ഫണ്ടുകൾ മരവിപ്പിച്ച് ഇഡി. പാർട്ടിയുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 440 കോടിയോളം രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇതിന് പുറമെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും ടി എം സി നേതാവ് അഭിഷേക് ബാനർജിക്കും ചാർട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് നൽകിയിരുന്ന സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഓഫീസിലും കേന്ദ്ര ഏജൻസി മിന്നൽ റെയ്ഡ് നടത്തി. ഈ കമ്പനിയുമായി നടത്തിയ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിനായി ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സിനെപ്പറ്റിയുമാണ് ഇഡി ഇപ്പോൾ അന്വേഷിക്കുന്നത്.

Advertisement

നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ട് ബി ജെ പി അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ പാർട്ടിക്കുള്ളിലുണ്ടായ കടുത്ത ആഭ്യന്തര തർക്കങ്ങളാണ് ഒടുവിൽ ഇഡി നടപടിയിൽ ചെന്നെത്തിയിരിക്കുന്നത്. അക്കൗണ്ടുകളിലുള്ള കോടികൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പാർട്ടിയുടെ അന്നത്തെ ട്രഷററും മുൻ മന്ത്രിയുമായിരുന്ന അരൂപ് ബിശ്വാസ് ആദ്യം ബാങ്കിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ വിമത വിഭാഗം കടുത്ത ആരോപണങ്ങളുമായി ബംഗാൾ പൊലീസിനെ സമീപിച്ചു.

Advertisement

ഈ അക്കൗണ്ടുകളിൽ കിടക്കുന്നത് തൃണമൂൽ ഭരണകാലത്ത് അഴിമതിയിലൂടെയും പിടിച്ചുപറിയിലൂടെയും സമ്പാദിച്ച തുകയാണെന്നായിരുന്നു ഇവരുടെ പരാതി. ഇരുവിഭാഗവും തമ്മിലുള്ള തർക്കം മുറുകിയതോടെ ആർക്കും പണം പിൻവലിക്കാൻ കഴിയാത്ത വിധം അക്കൗണ്ടുകൾ പൊലീസ് നേരത്തെ തടഞ്ഞുവെച്ചിരുന്നു.

ഹൈക്കോടതിയിലും മമതയ്ക്ക് തിരിച്ചടി

ബാങ്ക് അക്കൗണ്ടുകൾ പൊലീസ് തടഞ്ഞുവെച്ചതിനെതിരെ മമത ബാനർജി വിഭാഗം കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. അക്കൗണ്ടുകൾ തുറന്നുനൽകാൻ കോടതി വിസമ്മതിച്ചതോടെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി കേസിൽ നേരിട്ട് ഇടപെട്ടതും തുക പൂർണ്ണമായി മരവിപ്പിച്ചതും. ഇത്രയും ഭീമമായ തുക അക്കൗണ്ടുകളിലേക്ക് എത്തിയത് എവിടെനിന്നാണെന്നും ഇത് ഏത് ആവശ്യങ്ങൾക്കാണ് മാറ്റിവെച്ചതെന്നും കണ്ടെത്താനാണ് ഇഡിയുടെ നീക്കം.

Advertisement

അതേസമ.ം പുതിയ നടപടിയോടെ ബംഗാൾ രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുകയാണ്. തൃണമൂൽ ഭരണകാലത്ത് പിരിച്ചെടുത്ത അഴിമതിപ്പണമാണ് ഇപ്പൊൾ അക്കൗണ്ടുകളിൽ ഉള്ളതെന്നാണ് ഭരണപക്ഷമായ ബി ജെ പി ആരോപിക്കുന്നത്. അഴിമതിക്കേസിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ബി ജെ പി നേതാക്കൾ വ്യക്തമാക്കി. എന്നാൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ മറുപടി.