മുസഫര്‍നഗര്‍: കന്‍വാര്‍ തീര്‍ത്ഥയാത്രയെത്തുടര്‍ന്ന്, ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയിലും ഗംഗാ കനാല്‍ റോഡിലും ജൂലൈ 30 മുതല്‍ ഭാരവാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ്. കൂടാതെ, ഓഗസ്റ്റ് 4 മുതല്‍ 12 വരെ ഈ പാതകളില്‍ എല്ലാത്തരം വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തും എന്നും മുസഫര്‍നഗര്‍ പൊലീസ് അറിയിച്ചു.
സ്വന്തം നാടുകളിലെ ശിവക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്നതിനായി ഹരിദ്വാറിലെ ഗംഗാ നദിയില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തര്‍ പുണ്യജലം ശേഖരിച്ച് കൊണ്ടുപോകുന്ന കന്‍വാര്‍ യാത്ര ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. യാത്രാവേളയില്‍ ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയുടെ ഒരു ഭാഗം തീര്‍ത്ഥാടകര്‍ക്കായി മാത്രമായി നീക്കിവയ്ക്കുമെന്ന് ട്രാഫിക് വിഭാഗം പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ചൗബേ പറഞ്ഞു.
വാര്‍ഷിക തീര്‍ത്ഥാടനം സുഗമമായി നടത്തുന്നതിനായി, ജൂലൈ 30 മുതല്‍ ഡല്‍ഹി-ഹരിദ്വാര്‍ ദേശീയപാതയിലും ഗംഗാ കനാല്‍ റോഡിലും ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കും. ഓഗസ്റ്റ് 4 മുതല്‍ 12 വരെ എല്ലാത്തരം വാഹനങ്ങള്‍ക്കും നിരോധനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗംഗാ കനാല്‍ റോഡിലെ പ്രധാന കുളിക്കടവുകളിലെല്ലാം പൊലീസ് മുങ്ങല്‍ വിദഗ്ധരെ വിന്യസിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉമേഷ് മിശ്ര പറഞ്ഞു. കന്‍വാര്‍ യാത്രയോടനുബന്ധിച്ച് ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയിലെ രാംപൂര്‍ തിരാഹയില്‍ ഒരു താല്‍ക്കാലിക പൊലീസ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ട്. രാംപൂര്‍ തിരാഹയിലെ ഈ താല്‍ക്കാലിക പൊലീസ് സ്റ്റേഷന്റെ ചുമതല സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദിനായിരിക്കുമെന്നും, അവിടെ ഏകദേശം 20 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് സഞ്ജയ് കുമാര്‍ അറിയിച്ചു. അതേസമയം കന്‍വാര്‍ യാത്രയോട് അനുബന്ധിച്ച് വന്‍ ജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ രാമക്ഷേത്രത്തിലെ സുരക്ഷാ-ദര്‍ശന ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓഗസ്റ്റ് 8 മുതല്‍ 11 വരെയും 23 മുതല്‍ 28 വരെയും സാധാരണ ഭക്തര്‍ക്ക് പാസ് ഇല്ലാതെ ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിക്കുന്നത് നിരോധക്കും എന്നാണ് റിപ്പോര്‍ട്ട്. തിരക്ക് അമിതമായാല്‍, ക്ഷേത്രമതില്‍ക്കെട്ടിനുള്ളിലെ ആറ് ഉപക്ഷേത്രങ്ങളിലെയും ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചേക്കും. അതേസമയം, രാം ലല്ല ദര്‍ശന സമയം നീട്ടുന്നതിനുള്ള സാധ്യതയും പരിഗണനയിലുണ്ട്. ശ്രാവണ്‍ ഉത്സവത്തോടനുബന്ധിച്ച് 10 മുതല്‍ 15 ലക്ഷം വരെ ഭക്തര്‍ അയോധ്യയിലെത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. സാധാരണ ദിവസങ്ങളില്‍ പോലും, ഓഗസ്റ്റ് മാസത്തില്‍ പ്രതിദിനം രണ്ടോ മൂന്നോ ലക്ഷം ഭക്തരുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നുണ്ട്.