ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ച് എൻടിഎ. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, അനുബന്ധ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന പരീക്ഷയിൽ 11.21 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ യോഗ്യത നേടിയത്. മെഡിക്കൽ പ്രവേശനവും കൗൺസിലിങ് നടപടികളും സമയബന്ധിതമായി നടത്താനാണ് ഫലം പ്രഖ്യാപിച്ചതെന്ന് എൻടിഎ അറിയിച്ചു.
പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഓൾ ഇന്ത്യ റാങ്ക് പട്ടിക, സംസ്ഥാന ടോപ്പർമാർ, വിഭാഗം തിരിച്ചുള്ള ടോപ്പർമാർ, കട്ട്-ഓഫ് മാർക്ക്, വിവിധ ഭാഷകളിലെ പരീക്ഷാർഥികളുടെ വിവരങ്ങൾ എന്നിവയും എൻടിഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഞ്ചാബിലെ ആര്യൻ ഗുപ്‌തയും ഹരിയാനയിലെ പാൻഷുൽ ബൻസാലും 720ൽ 715 മാർക്ക് നേടി ദേശീയ തലത്തിലെ ഒന്നാം റാങ്ക് പങ്കിട്ടു. 19 വിദ്യാർഥികൾ 700 മാർക്കിന് മുകളിൽ നേടിയപ്പോൾ, 138 പേർ 690ൽ കൂടുതൽ മാർക്ക് നേടി. 1492 പേർ 650-ൽ അധികം മാർക്കും 10,160 പേർ 600-ൽ അധികം മാർക്കും നേടി. 90,780 വിദ്യാർഥികൾക്ക് 500-ൽ കൂടുതൽ മാർക്ക് ലഭിച്ചു. മികച്ച പ്രകടനം കാഴ്‌ചവച്ച ആദ്യ 138 പേരിൽ 93 ശതമാനത്തിലധികം പേരും ആദ്യമായാണ് നീറ്റ് എഴുതിയത്. ഇവരിൽ ഭൂരിഭാഗം പേരുടെയും പ്രായം 17 മുതൽ 19 വയസ്സ് വരെയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർഥികൾ യോഗ്യത നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ യോഗ്യത നേടിയവർ ഉത്തർപ്രദേശിലാണ്. അവിടെ 1.7 ലക്ഷത്തിലധികം പേർ വിജയിച്ചു. ലക്ഷദ്വീപിൽ 43 പേരാണ് യോഗ്യത നേടിയത്. 17 സംസ്ഥാന ടോപ്പർമാർക്ക് 700-ൽ അധികം മാർക്ക് ലഭിച്ചപ്പോൾ, 26 സംസ്ഥാന ടോപ്പർമാർ 690-ൽ കൂടുതൽ മാർക്ക് നേടി. ജൂൺ 21ന് നടന്ന പുനഃപരീക്ഷയിൽ ഇന്ത്യയിലെ 551 നഗരങ്ങളിലെയും വിദേശത്തെ 14 നഗരങ്ങളിലെയും 5,440 പരീക്ഷാകേന്ദ്രങ്ങളിലായി ഏകദേശം 20 ലക്ഷം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ 13 ഭാഷകളിലായിരുന്നു പരീക്ഷ. യോഗ്യത നേടിയവരിൽ 58 ശതമാനത്തിലധികം പേരും പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ ഉയർന്ന വിജയനിരക്കും പെൺകുട്ടികൾ രേഖപ്പെടുത്തി. വിഭാഗം തിരിച്ചുള്ള വിജയികളുടെ എണ്ണം ഇപ്രകാരമാണ്: ജനറൽ വിഭാഗത്തിൽ 2.91 ലക്ഷം, ഒബിസി-എൻസിഎല്ലിൽ 5.12 ലക്ഷം, എസ്‌സി വിഭാഗത്തിൽ 1.59 ലക്ഷം, എസ്‌ടി വിഭാഗത്തിൽ 63,716, ജനറൽ-ഇഡബ്ല്യുഎസിൽ 95,026, ഭിന്നശേഷിക്കാരിൽ 3,666, പിഡബ്ല്യുഡി വിഭാഗത്തിൽ 303 പേർ. അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഫലം പ്രഖ്യാപിച്ചത്. ഫിസിക്‌സ് വിഷയത്തിലെ രണ്ട് ചോദ്യങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഒരു ചോദ്യം ഒഴിവാക്കുകയും മറ്റൊരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങളും ശരിയാണെന്ന് അംഗീകരിക്കുകയും ചെയ്‌തതിനെ തുടർന്ന് മൂല്യനിർണയ ചട്ടപ്രകാരം എല്ലാ വിദ്യാർഥികൾക്കും എട്ട് ഗ്രേസ് മാർക്ക് നൽകിയിരുന്നു. ഫലം പ്രസിദ്ധീകരിച്ചതോടെ യോഗ്യത നേടിയവർ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, മറ്റ് ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള കൗൺസിലിങ് നടപടികളിൽ പങ്കെടുക്കും. അഖിലേന്ത്യാ ക്വോട്ടയിലെ 15 ശതമാനം സീറ്റുകളിലേക്കുള്ള കൗൺസിലിങ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നടത്തും. ശേഷിക്കുന്ന സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം അതത് സംസ്ഥാന കൗൺസിലിങ് അതോറിറ്റികളാണ് നടത്തുക. കൗൺസിലിങുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് മാത്രം പരിശോധിക്കണമെന്നും പണം ആവശ്യപ്പെടുന്ന വ്യാജ പ്രവേശന വാഗ്‌ദാനങ്ങളെയും തട്ടിപ്പ് സന്ദേശങ്ങളെയും വിദ്യാർഥികൾ അതീവ ജാഗ്രതയോടെ സമീപിക്കണമെന്നും ഇവ ഒഴിവാക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി. നീറ്റ് യുജി ഫലം എങ്ങനെ പരിശോധിക്കാം? നീറ്റ് പുനഃപരീക്ഷയുടെ അന്തിമ ഉത്തരസൂചിക പരിശോധിക്കാൻ ആദ്യം ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക. തുടർന്ന് നിങ്ങളുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് സൈറ്റിൽ പ്രവേശിക്കുക. ഹോംപേജിൽ കാണുന്ന "നീറ്റ് യുജി ആൻസർ കീ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പുതിയ വിൻഡോയിൽ അന്തിമ ഉത്തരസൂചിക ലഭിക്കും. അത് ഡൗൺലോഡ് ചെയ്‌ത് ഭാവിയിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.