ബെംഗളൂരു പീന്യ ഫ്ലൈഓവറിൽ രാത്രി യാത്രാ നിയന്ത്രണം; ഓഗസ്‌റ്റ് 5 വരെ തുടരും, ബദൽ പാതകൾ അറിയാം

ബെംഗളൂരു: നഗരത്തിലെ യാത്രക്കാർ ശ്രദ്ധിക്കേണ്ട അറിയിപ്പുമായി അധികൃതർ. തുമകൂരു റോഡ് (എൻഎച്ച് 48) വഴി ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങൾക്ക് ജൂലൈ 27 മുതൽ ഓഗസ്‌റ്റ് 5 വരെ രാത്രികാലത്ത് പീന്യ ഫ്ലൈഓവർ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മുതൽ പുലർച്ചെ 5 വരെയും, ശനി, ഞായർ ദിവസങ്ങളിൽ അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെയും ഈ നിയന്ത്രണം നിലവിലുണ്ടാകും.

Advertisement

കെൻനമെറ്റൽ വിഡിയ അപ്പർ റാംപ് മുതൽ എസ്‌ആർ‌എസ് ഡൗൺ റാംപ് വരെയുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഫ്ലൈഓവറിൽ ബിറ്റുമിനസ് ഓവർലേ (പുതിയ ടാറിംഗ്) ജോലികൾ നടത്തുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisement

ഇതിന്റെ ഭാഗമായി എച്ച് ക്രോസ് ജംഗ്ഷൻ, ചൊക്കസന്ദ്ര ജംഗ്ഷൻ, എസ്‌എം സർക്കിൾ, പി.എസ് ജംഗ്ഷൻ, എസ്‌ആർ‌എസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പീന്യ ഫ്ലൈഓവറിൽ അടുത്തകാലത്തായി ഇത് പതിവാണ്. നേരത്തെയും സമാനമായി അറ്റകുറ്റപ്പണികൾക്കായി ഫ്ലൈഓവർ അടച്ചിടുന്ന സാഹചര്യമുണ്ടായിരുന്നു.

അതേസമയം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്. നെലമംഗലയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വാഹനങ്ങൾ കെൻനമെറ്റൽ ഫാക്‌ടറിക്ക് സമീപം ഫ്ലൈഓവർ വിട്ടിറങ്ങി, സർവീസ് റോഡ് വഴി 8-ാം മൈൽ, ദസറഹള്ളി, ജലഹള്ളി ക്രോസ്, പീന്യ പോലീസ് സ്‌റ്റേഷൻ ജംഗ്ഷൻ, എസ്‌ആർ‌എസ് ജംഗ്ഷൻ, ഗൊരഗുണ്ടെപാള്യ എന്നിവിടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കണം.

Advertisement

റോഡിലെ സഞ്ചാര സൗകര്യം മെച്ചപ്പെടുത്താനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും റോഡിന്റെ ആയുസ് കൂട്ടാനുമായി പുതിയ ടാറിങ് ജോലികളാണ് നടത്തുന്നതെന്ന് എൻഎച്ച്എഐ അറിയിച്ചു.
ജോലികൾ നടക്കുന്ന പ്രദേശങ്ങളിൽ ഗതാഗതം സുരക്ഷിതമായി നിയന്ത്രിക്കാൻ ബാരിക്കേഡുകൾ, പ്രതിഫലന ബോർഡുകൾ, മിന്നുന്ന മുന്നറിയിപ്പ് ലൈറ്റുകൾ (ബ്ലിങ്കറുകൾ), ട്രാഫിക് മാർഷലുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എൻഎച്ച്എഐ ബെംഗളൂരു പ്രോജക്റ്റ് ഡയറക്‌ടർ കെബി ജയകുമാർ പറയുന്നതനുസരിച്ച്, ബെംഗളൂരു-നെലമംഗല ദേശീയപാതയിൽ പഴയ ടാർ നീക്കം ചെയ്‌ത്‌ പുതിയ ടാറിങ് നടത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കൂടാതെ, ഫ്ലൈഓവറുകളിലെ കോൺക്രീറ്റിനെ ഈർപ്പത്തിലും അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിലും നിന്ന് സംരക്ഷിക്കുന്നതിനായി ആന്റി-കാർബണേഷൻ പെയിന്റും പൂശുന്നുണ്ട്.

Advertisement

ഇതിനൊപ്പം, അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്‌റ്റം (എടിഎംഎസ), കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള വീഡിയോ ഇൻസിഡന്റ് ഡിറ്റക്ഷൻ ആൻഡ് എൻഫോഴ്‌സ്‌മെന്റ് സിസ്‌റ്റം എന്നിവയും ഇവിടെ സ്ഥാപിക്കുന്നുണ്ട്. കൂടാതെ, ടോൾ പ്ലാസകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.