'എത്രയൊക്കെ കഷ്ടപ്പെട്ടാലും ആരും ബെംഗളൂരു വിട്ട് പോകില്ല';കാരണം പറഞ്ഞ് യുവാവ് വൈറൽ

ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി ശ്വാസം മുട്ടുമ്പോഴും ആകാശമുട്ടുന്ന വീട്ടുവാടക കൊടുത്ത് കൈ പൊള്ളുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും ബെംഗളൂരു നഗരത്തെ ശപിക്കാത്തവർ കുറവായിരിക്കും. പരാതികളുടെ ഒരു വലിയ കെട്ടുതന്നെ കാണും ഇവിടെയുള്ള താമസക്കാർക്ക് പറയാൻ. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോഴും ബെംഗളൂരു വിട്ട് പോകാൻ ആളുകൾക്ക് മടിയാണ്. എന്തുകൊണ്ടായിരിക്കും അത്? ഈ ചോദ്യത്തിന് ഒരു ബെംഗളൂരു ഐടി പ്രൊഫഷണൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisement

അങ്കിത് എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചത്. ബെംഗളൂരു എന്നത് വെറുമൊരു നഗരമല്ലെന്നും പലരുടെയും ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ച വലിയൊരു വഴിത്തിരിവാണെന്നുമാണ് അങ്കിത് പറയുന്നത്. 'ദിവസവും ഇവിടുത്തെ ട്രാഫിക്കിനെയും വെള്ളക്ഷാമത്തെയും കുറ്റപ്പെടുത്തുമെങ്കിലും ആളുകൾക്ക് ഈ നഗരം വിട്ടുപോകാൻ കഴിയില്ല. അതിന് പിന്നിലൊരു മനശാസ്ത്രമുണ്ട്. സത്യത്തിൽ ആളുകൾക്ക് വെറുമൊരു നഗരത്തോടുള്ള പ്രണയമല്ലത്, മറിച്ച് തങ്ങളുടെ ജീവിതത്തിലുണ്ടായ മികച്ച മാറ്റത്തിന് കാരണം ഈ നഗരമാണല്ലോയെന്ന നന്ദികൊണ്ടാണ്', എന്നാണ് അങ്കിത് വീഡിയോയിൽ പറയുന്നത്.

Advertisement

പലർക്കും ജീവിതത്തിലെ ആദ്യത്തെ മികച്ച ശമ്പളമുള്ള ജോലി നൽകിയത് ഈ നഗരമാണ്. സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തിയതും, ആദ്യമായി കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിച്ചതുമെല്ലാം ഇതേ ബെംഗളൂരു മണ്ണാണ്. കരിയറിലെ മികച്ച മെന്റർമാരെയും ആളുകൾക്ക് സമ്മാനിച്ചതും ഈ നഗരം തന്നെ. ഐടി കരിയറുകൾ കെട്ടിപ്പടുക്കുകയും ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്ന ഇടമാണ് ബെംഗളൂരുവെന്നാണ് അങ്കിത് വീഡിയോയിൽ പറയുന്നത. ജീവിതത്തിലെ ഏറ്റവും വലിയ 'ടേണിങ് പോയിന്റ്' ആയതുകൊണ്ട് തന്നെയാണ് ആളുകൾ ഇവിടുത്തെ പ്രതിസന്ധികളൊന്നും കാര്യമാക്കാതെ ഇവിടെ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

അങ്കിതിൻ്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. അങ്കിത് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്നും മികച്ച അവസരങ്ങൾ തേടി ഈ നഗരത്തിലേക്ക് കുടിയേറിയ തങ്ങളുടെ ജീവിതം തന്നെയാണ് ഇതെന്നും നിരവധി ഐടി ജീവനക്കാർ കമന്റ് ചെയ്യുന്നുണ്ട്. ദിവസവും ബെംഗളൂരുവിനെ ചീത്തവിളിച്ചിട്ടും ആളുകൾക്ക് ഇവിടം വിട്ടുപോകാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ കൃത്യമായി മനസ്സിലായെന്നാണ് ഒരാൾ കുറിച്ചത്. ഈ നഗരം നമ്മുടെ ക്ഷമ പരീക്ഷിക്കുമെന്നത് സത്യമാണെങ്കിലും ജീവിതം തന്നെ മാറ്റിമറിക്കുന്ന വലിയ അവസരങ്ങളാണ് സമ്മാനിക്കുന്നതെന്ന് മറ്റൊരാൾ കുറിച്ചു. ട്രാഫിക്കും വാടകയുമൊക്കെ വറ്റാത്ത യഥാർത്ഥ പ്രശ്നങ്ങൾ തന്നെയാണ്, എന്നാൽ ഇവിടെ ലഭിക്കുന്ന കരിയർ വളർച്ചയും അത്രമേൽ യാഥാർത്ഥ്യമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഓരോ എഞ്ചിനീയർക്കും അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒരു 'ബെംഗളൂരു കഥ' പറയാനുണ്ടാകുമെന്ന കമൻ്റുകളും നിറയുന്നുണ്ട്.