തമിഴ് നടന്‍ പാര്‍ഥിപന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പുതിയ വാര്‍ത്ത. മതവും ജാതിയുമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം എന്നാണ് ആവശ്യം. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ശുശ്രുത് അരവിന്ദ് ധര്‍മധികാരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കും.
നേരത്തെ സമാനമായ ഹര്‍ജിയുമായി പാര്‍ഥിപന്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടന്റെ ആവശ്യം കോടതി അംഗീകരിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. നടന് ബന്ധപ്പെട്ട സാക്ഷ്യപത്രം റവന്യൂ വകുപ്പില്‍ നിന്ന് ലഭിച്ചു. എന്നാല്‍ നടപടികള്‍ എല്ലാവര്‍ക്കും ലളിതമാക്കണം എന്നാണ് നടന്റെ പുതിയ ആവശ്യം. ഓരോ വ്യക്തികള്‍ക്കും കോടതിയെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് താരം ചൂണ്ടിക്കാട്ടുന്നത്....
കഴിഞ്ഞ മാര്‍ച്ചിലാണ് എല്ലാത്തിനും കാരണമായ സംഭവമുണ്ടായത്. പവന്‍ കല്യാണ്‍ നായകനാകുന്ന ഉസ്താദ് ഭഗത് സിങ് എന്ന തെലുങ്ക് സിനിമയുടെ പ്രൊമോഷന്‍ ഹൈദരാബാദില്‍ നടന്നിരുന്നു. ഈ പരിപാടിയില്‍ പ്രസംഗിക്കവെ, താന്‍ വളര്‍ന്നത് തമിഴ്‌നാട്ടില്‍ ആണെങ്കിലും ഒരു നായിഡു ബോയ് ആണ് എന്ന് പാര്‍ഥിപന്‍ പറഞ്ഞു. ഇത് വലിയ വിവാദമായി. തമിഴ്‌നാട്ടില്‍ ആയിരിക്കുമ്പോള്‍ മതത്തിനും ജാതിക്കുമപ്പുറം മനുഷ്യന് പ്രാധാന്യം നല്‍കണമെന്ന് പറയുകയും തമിഴ്‌നാട്ടിന് പുറത്ത് പോയാല്‍ ജാതി പറയുകയും ചെയ്യുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. തനിക്ക് ജാതിയും മതവുമില്ല എന്നാണ് പാര്‍ഥിപന്‍ സാധാരണ പറയുക. ഹൈദരാബാദിലെ പ്രസ്താവനയില്‍ താരം പിന്നീട് ഖേദം പ്രകടിപ്പിച്ചു. പിന്നാലെ ഷോലിംഗനെല്ലൂര്‍ തഹസില്‍ദാര്‍ മുമ്പാകെ മതവും ജാതിയുമില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അനുകൂലമായിരുന്നില്ല ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇത് ചോദ്യം ചെയ്ത് അദ്ദേഹം ഹൈക്കോടതിയില്‍ റിട്ട് അപേക്ഷ സമര്‍പ്പിച്ചു. ഏപ്രില്‍ 29നകം സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പിന്നീട് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ഉത്തരവ് നടപ്പാക്കി എന്ന് സര്‍ക്കാര്‍ ബോധിപ്പിക്കുകയും ചെയ്തു. സമാനമായ മറ്റൊരു ഹര്‍ജി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. മതവും ജാതിയുമില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടികള്‍ ലളിതമാക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോള്‍ പാര്‍ഥിപന്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് നടന്റെ പ്രതീക്ഷ. തനിക്ക് മതവും ജാതിയും ഇല്ല. ഹിന്ദു മതത്തില്‍ മത്രമാണ് ഇത്. ഇസ്ലാം, ക്രിസ്ത്യന്‍, സിഖ് മതങ്ങളിലൊന്നും ജാതിയില്ലെന്ന് നടന്‍ പറയുന്നു. തന്റെ മക്കള്‍ക്ക് മതം പ്രായപൂര്‍ത്തിയായ ശേഷം തിരഞ്ഞെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.