പെട്രോള്‍, ഡീസല്‍ വില ഉടനൊന്നും കുറയ്ക്കില്ല.. സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞെന്ന് സുരേഷ് ഗോപി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ സമീപകാലത്തൊന്നും കുറവുണ്ടാവില്ല എന്ന് ആവര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ സമീപകാലത്ത് കുറവുണ്ടായെങ്കിലും പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമായ സൂചനയൊന്നും നല്‍കിയില്ല. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി കാരണം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വലിയ അസ്ഥിരത തുടരുകയാണ്.

Advertisement

ഇക്കാരണത്താല്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വരുന്നുണ്ട്. ഇത് കാരണം എണ്ണ വില കുറയ്ക്കുന്നത് സംബന്ധിച്ച് നിലവില്‍ ആലോചനകളൊന്നുമില്ല എന്നാണ് പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement

'2026 ഏപ്രില്‍ 30-ന് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 122.86 ഡോളറും ജൂലൈ 2-ന് 68.17 ഡോളറുമായിരുന്നു. എന്നിരുന്നാലും, ബ്രെന്റ് ക്രൂഡ് വിലയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ തുടരുകയും, ജൂലൈ 21-ഓടെ വില വീണ്ടും ബാരലിന് 92.19 ഡോളറായി ഉയരുകയും ചെയ്തു,' എന്ന് സുരേഷ് ഗോപി പറഞ്ഞു.

ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുറവിന് അനുസൃതമായി പെട്രോള്‍, എല്‍പിജി (ഘജഏ) ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര ഇന്ധനവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വിശദീകരിച്ചെങ്കിലും, പെട്രോളിന്റെയോ ഡീസലിന്റെയോ ചില്ലറ വില്‍പ്പന വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രതികരിച്ചില്ല.

Advertisement

ഇന്ത്യ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണെന്നും, പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണം 2026 മാര്‍ച്ച് മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വലിയ വര്‍ധനവുണ്ടായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, മാര്‍ച്ചില്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്‌സൈസ് തീരുവ കുറച്ചിരുന്നു.

ഇത് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടാക്കി എന്ന് മന്ത്രി പറഞ്ഞു. തുടരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വം പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയഞ്ഞിട്ടില്ല, അതുമൂലമുണ്ടായ ഭൗമരാഷ്ട്രീയ സാഹചര്യം അതീവ അസ്ഥിരമായി തുടരുകയും ചെയ്യുന്നു.

Advertisement

പെട്രോള്‍, ഡീസല്‍, എല്‍പിജി തുടങ്ങിയവയുടെ വില്‍പ്പനയില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ വര്‍ധനവ് മാത്രമേ വരുത്തിയിട്ടുള്ളൂ എന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കണക്കുപ്രകാരം, ഡല്‍ഹിയില്‍ പെട്രോളിന്റെ നിലവിലെ ചില്ലറ വില്‍പ്പന വില ലിറ്ററിന് 102.12 രൂപയും ഡീസലിന്റേത് 95.20 രൂപയുമാണ്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതിനുള്ള സമയപരിധിയോ നിബന്ധനകളോ സംബന്ധിച്ച വിവരങ്ങളൊന്നും സുരേഷ് ഗോപി മറുപടിയില്‍ വ്യക്തമാക്കിയിരുന്നില്ല