ഉറപ്പുകൾ പാലിക്കപ്പെടുന്നില്ല, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്നു; കേന്ദ്രത്തിനെതിരെ സിജെപി

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോക്രോച്ച് ജനത പാർട്ടി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിച്ച സമരക്കാർക്കെതിരായ നടപടികളിൽ നിന്ന് പിൻമാറണമെന്നും തങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിജെപി പ്രതിനിധികൾ പറഞ്ഞു. പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും ലക്ഷ്യമിട്ടുള്ള നടപടികൾ പോലീസ് ശക്തമാക്കുന്നതിനിടെയാണ് സിജെപി പ്രതികരണം.

Advertisement

അസം, പശ്ചിമബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് കടുത്ത നടപടികൾ സ്വീകരിക്കുന്നതായുള്ള റിപ്പോർട്ടുകങ വരുന്നുണ്ട്. സർക്കാർ നൽകിയ ഉറപ്പുകളുടെ ലംഘനമാണിതെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രസ്താവനയിൽ വ്യക്തമാക്കി. 'അസം, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേയും പ്രതിഷേധക്കാരേയും അറസ്റ്റ് ചെയ്യുന്നുവെന്നതടക്കമുള്ള വാർത്തകൾ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. എൻഡിഎ ഭരിക്കുന്നത് അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ യാതൊരു ശിക്ഷാനടപടിയും ഉണ്ടാകില്ലെന്ന കേന്ദ്രസർക്കാരിൻ്റെ പൂർണ ഉറപ്പിൻ്റെ പുറത്താണ് ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം ഞങ്ങൾ അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ഈ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നുണ്ട്.

Advertisement

ഇതിനകം അറസ്റ്റിലായവരെ പുറത്തിറക്കാനും മറ്റ് നിയമപരമായ സഹായം ഉറപ്പാക്കും ആവശ്യമായ എല്ലാ നടപടികളും ഞങ്ങളുടെ ലീഗൽ ടീം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മികച്ച അഭിഭാഷകരുമായി ഇതിനോടകം തന്നെ ഇവർ ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിഷേധം തുടങ്ങിയ ആദ്യ ദിവസം മുതൽ തന്നെ ഇത് തുടങ്ങിയിരുന്നു.

മന്ത്രിമാരായ ജെപി നദ്ദയും ജിതേന്ദ്ര സിംഗും എത്രയും പെട്ടെന്ന് ഞങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കൻ തയ്യാറാകണം. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ എത്രയും പെട്ടെന്ന് വിട്ടയക്കാനും തുടർന്നും യാതൊരു തരത്തിലുള്ള നിയമ നടപടികളും അവർക്കെതിരെ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണം. പ്രതിഷേധക്കാർക്കെതിരെ എടുത്ത എഫ്ഐആറും റദ്ദ് ചെയ്യണം.

Advertisement

ഞങ്ങൾക്ക് എഴുതി നൽകിയ ഉറപ്പുകളെല്ലാം ചൊവ്വാഴ്ചയോടെ തന്നെ പൂർണമായും ഉറപ്പാക്കണം. വലിയ വിശ്വാസത്തോടെയും തങ്ങളുടെ വാക്കുകളിൽ ഉറച്ച് നിൽക്കുമെന്നുമുള്ള സർക്കാരിൻ്റെ ഉറപ്പിൻമേലുമാണ് രാജവ്യാപക പ്രതിഷേധത്തിഷ നിന്നും പിന്നോട്ട് പോകാൻ സിജെപി തീരുമാനിച്ചത്. സർക്കാർ വാക്കുമാറ്റിയാൽ അത് സിജെപിയോട് കാണിക്കുന്ന വിശ്വാസ വഞ്ചന മാത്രമല്ല പകരം പൊതുജനങ്ങളേയും പ്രതിഷേധത്തിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ആൾക്കാരേയും വഞ്ചിക്കുന്നതാണ്. വെറുതെ ഉറപ്പുകൾ നൽകുന്നതിലല്ല, മറിച്ച് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിലാണ് സർക്കാരിൻ്റെ വിശ്വാസ്യത. വിശ്വാസ്യത തകർക്കുന്നത് യുവാക്കളെ സംബന്ധിച്ച് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല.

യുവാക്കളായ പ്രതിഷേധക്കാരോട് ഞങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ ഉണ്ടെന്നാണ്. സിജെപി സാഹചര്യം സസൂക്ഷമമായി നിരീക്ഷിച്ച് വരികയാണ്. അടിയന്തര പ്രാധാന്യം നൽകി ഉത്തരവാദിച്ചതോടെ ബിജെപി/എൻഡിഎ സർക്കാരുകൾ ഇടപെടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റ് ചെയ്തവരേയും എത്രയും പെട്ടെന്ന് തന്നെ പുറത്തുവിടണം.ഏത് സാഹചര്യത്തിലും നാളത്തെ ദിവസത്തിനുള്ളിൽ തന്നെ എല്ലാവരേയും മോചിപ്പിക്കാൻ തയ്യാറാകണം. എഫ്ഐആറുകൾ പിൻവലിക്കണം,അല്ലാത്ത പക്ഷം ഞങ്ങൾ തുടർനടപടികൾ സ്വീകരിക്കും', സൗരവ് ദാസ് പറഞ്ഞു.

Advertisement

വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമ്മേന്ദ്ര പ്രധാൻ്റെ രാജി, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരെ യാതൊരു ശിക്ഷാനടപടിയും സ്വീകരിക്കില്ലെന്ന ഉറപ്പ് ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു സിജെപി ദിവസങ്ങളോളം നീണ്ടുനിന്ന തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്.

അതേസമയം വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിക്കെതിരെ ഇന്ന് സുപ്രീം കോടതിയും രംഗത്തെത്തിയിരുന്നു. സമാധാനപരമായും നിയമപരമായും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്നും സമരം നടത്തിയതുകൊണ്ട് മാത്രം ലാത്തി ചർജ് നടത്തിയ നടപടിയെ ന്യായീകരിക്കാനാകില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് വിമർശിച്ചത്.