ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; പ്രീ-ഫീസിബിലിറ്റി പഠനം പൂർത്തിയാക്കിയെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരു: നഗരത്തിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതിനായുള്ള മൂന്ന് സാധ്യതാ സ്ഥലങ്ങളുടെ പ്രീ-ഫീസിബിലിറ്റി പഠനം എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പൂർത്തിയാക്കിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ഔദ്യോഗിക നിർദ്ദേശം ഇതുവരെ കർണാടക സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

ബെംഗളൂരു സെൻട്രൽ എംപി പിസി മോഹൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രീ-ഫീസിബിലിറ്റി പഠന റിപ്പോർട്ട് കർണാടക സർക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും, ഗ്രീൻഫീൽഡ് എയർപോർട്ട്സ് പോളിസി പ്രകാരം സംസ്ഥാന സർക്കാരിൽ നിന്നോ വിമാനത്താവള വികസന ഏജൻസികളിൽ നിന്നോ ഔദ്യോഗിക അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

Advertisement

അതേസമയം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുകയാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. നിലവിൽ പ്രതിവർഷം 51.5 ദശലക്ഷം (5.15 കോടി) യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുള്ളത്. 2026-27 സാമ്പത്തിക വർഷത്തിൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 1.23 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിക്കുന്നത്.

ആഭ്യന്തര, അന്തർദേശീയ സർവീസുകളിലായി യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു. വർധിച്ചുവരുന്ന യാത്രാ ആവശ്യകത പരിഗണിച്ച് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി 2030ഓടെ പ്രതിവർഷം 80 ദശലക്ഷം (8 കോടി) യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് ഉയർത്താനാണ് പദ്ധതി.

Advertisement

ഇതിന്റെ ഭാഗമായി ടെർമിനൽ 2-ന്റെ രണ്ടാംഘട്ട വികസനം നടപ്പാക്കുവാനും തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചു. വികസനം പൂർത്തിയാകുന്നതോടെ ടെർമിനൽ 2-ന്റെ വാർഷിക യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 25 ദശലക്ഷത്തിൽ (2.5 കോടി) നിന്ന് 45 ദശലക്ഷമായി (4.5 കോടി) ഉയരുമെന്നതാണ് ശ്രദ്ധേയമായ കാര്യം. രണ്ടാമത്തെ വിമാനത്താവളം വരുന്നതിനൊപ്പം നിലവിലെ വിമാനത്താവളം നവീകരിക്കാനും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

ബെംഗളൂരുവിലെ വ്യോമഗതാഗത ആവശ്യകത അതിവേഗത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആവശ്യകത ഏറെക്കാലമായി ചർച്ചയിലുണ്ട്. പ്രീ-ഫീസിബിലിറ്റി പഠനം പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക നിർദ്ദേശം സമർപ്പിക്കുന്നതോടെയാകും പദ്ധതിയുടെ തുടർനടപടികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുക എന്നാണ് വിവരം.