ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം മണ്ഡ്യയില്‍ നടന്ന പരിപാടിയില്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിയെന്നും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും രാഷ്ട്രീയം മതിയാക്കാനുള്ള കാരണങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിക്ക് ശേഷം എക്‌സിലും അദ്ദേഹം ഇക്കാര്യം കുറിച്ചു.
കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് ആഴ്ചകള്‍ പിന്നിടവെയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയും ഡികെ ശിവകുമാര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തത് ആഴ്ചകള്‍ക്ക് മുമ്പാണ്. അന്നുതന്നെ സിദ്ധരാമയ്യ രാഷ്ട്രീയം വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
2028ലാണ് കര്‍ണാടകയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ലെന്ന് സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. ഭാവിയില്‍ ഒരു തിരഞ്ഞെടുപ്പിലും മല്‍സരിക്കില്ല. ഇപ്പോള്‍ 79 വയസായി. നിലവിലെ സര്‍ക്കാര്‍ കാലാവധി തീരാന്‍ രണ്ട് വര്‍ഷത്തോളമുണ്ട്. അപ്പോള്‍ തനിന്ന് 81 വയസാകും. ആരോഗ്യം അത്ര മികച്ചതല്ല. മുമ്പുള്ള അതേ കരുത്തില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും സിദ്ധരാമയ്യ കുറിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മല്‍സരിക്കാനുണ്ടാകില്ല എങ്കിലും പൊതുരംഗത്ത് സജീവമാകും. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കും. രാഷ്ട്രീയം മൊത്തം അഴിമതിയില്‍ കുളിച്ചിരിക്കുകയാണ്. ഇനിയും മല്‍സരിക്കണം എന്നാണ് വരുണ മണ്ഡലത്തിലുള്ളവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇനി മല്‍സരിക്കാനില്ല. മുമ്പ് മല്‍സരിക്കാന്‍ എത്തുമ്പോള്‍ ജനങ്ങള്‍ പണം തന്ന് സഹായിക്കും. ഇപ്പോള്‍ സാഹചര്യം മാറി. മാന്യമായ രാഷ്ട്രീയം സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. 1978ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യ സജീവമായത്. 2028 ആകുമ്പോള്‍ 50 വര്‍ഷം തികയും. താലൂക്ക് ബോര്‍ഡ് അംഗമായി മല്‍സരിച്ചായിരുന്നു തുടക്കം. കൂടുതല്‍ ജയവും ഇടക്കാലത്ത് തോല്‍വിയും രുചിച്ചിട്ടുണ്ട് സിദ്ധരാമയ്യ. തന്റെ തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടില്ല എന്നതില്‍ സന്തോഷമുണ്ടെന്ന് സിദ്ധരാമയ്യ പറയുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് തനിക്ക് നല്‍കിയ പിന്തുണയില്‍ കര്‍ണാടകയിലെ ജനങ്ങളോട് നന്ദിയുണ്ട്. എന്നും അവരോട് കടപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഇനിയുള്ള ജീവിതവും ജനങ്ങള്‍ക്ക് വേണ്ടിയായിരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യ ഒഴിയുമ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഡികെ ശിവകുമാര്‍ ചോദ്യം ചെയ്യാനില്ലാത്ത നേതാവായി മാറും.