വാങ്ചുക്കിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം രംഗത്ത്, പ്രമേയവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍


വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരം കിടക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വാങ്ചുക്കിന്റെ എല്ലുകള്‍ പുറത്തേക്ക് കാണുന്ന തരത്തില്‍ ശരീരം ശോഷിച്ചിട്ടുണ്ട് എന്നും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്.

Advertisement

എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ജൂലൈ 20 ലെ സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് വരെ താന്‍ ജീവിച്ചിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയ സാസ്‌കാരിക രംഗത്തെ നിരവധി പേര്‍ രംഗത്തെത്തി. വാങ്ചുക്കിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട് എന്നും അദ്ദേഹം എത്രയും പെട്ടെന്ന് നിരാഹാര സമരം അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നതായും നടന്‍ ആമിര്‍ ഖാന്‍ പറഞ്ഞു.

Advertisement

ആമിര്‍ ഖാന്റെ മുന്‍ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവും സോനം വാങ്ചുക്കിന് പിന്തുണയര്‍പ്പിച്ചു. പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു. അഭയ് ഡിയോള്‍, പ്രകാശ് രാജ്, സോണി റസ്ദാന്‍, അതുല്‍ കുല്‍ക്കര്‍ണി, അനുരാഗ് കശ്യപ്, സോനാക്ഷി സിന്‍ഹ, സ്വര ഭാസ്‌കര്‍, ഷഹബാസ് അമന്‍, ശബാന ആസ്മി എന്നിവരുള്‍പ്പെടെയുള്ള നിരവധി ചലച്ചിത്രപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ശരിയായി പ്രവര്‍ത്തിക്കാത്ത ഒരു സിസ്റ്റത്തിനെതിരെയാണ് വാങ്ചുക്കിന്റെ പോരാട്ടം എന്നും ഇതില്‍ മിണ്ടാതിരിക്കാനാകില്ല എന്നും സോനാക്ഷി സിന്‍ഹ പറഞ്ഞു. വാങ്ചുക്ക് മരിച്ചാല്‍ ഭൂമിയും വനവും ജലസ്രോതസുകളും വന്‍കിട കോര്‍പ്പറേറ്റുകള്‍ഡക്ക് എഴുതി തള്ളുന്ന ഭരണകൂടത്തിന് കീഴില്‍ നമുക്ക് നഷ്ടമാകുന്ന അതിനെതിരെ പോരാടിയ ഒരാളുടെ ജീവനാകും എന്ന് ഗായിക ചിന്മയി ശ്രീപദ പറഞ്ഞു.

Advertisement

അതേസമയം ഭുവന്‍ ബാം, മുനവര്‍ ഫാറൂഖി, ആശിഷ് ചഞ്ചലാനി, പുരവ് ഝാ തുടങ്ങിയ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ വാങ്ചുക്കിന്റെ സന്ദേശം പ്രചരിപ്പിച്ച് കൊണ്ട് പിന്തുണ പ്രഖ്യാപിച്ചു. നേരത്തെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, പിബി അംഗം ബൃന്ദ കാരാട്ട് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സമരം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് വാങ്ചുക്കിനെ കാണുകയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബിജെപിയുടെ സ്തുതിപാഠകരായ മാധ്യമങ്ങള്‍ അവഗണിച്ചിട്ടും ഈ സമരം ഈ രാജ്യത്തിന്റെ ആകെ പ്രതിഷേധ ശബ്ദമായി വളര്‍ന്നു എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്ണീരിനോട് മാത്രമല്ല, മരണത്തെ മുഖാമുഖം കാണുന്ന ഒരു പോരാളിയുടെ ജീവനോടും കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ നിസ്സംഗതയാണ് പുലര്‍ത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. വാങ്ചുക്കിന്റെ നിരാഹാര സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നും ഇന്ദിരാഗാന്ധി കാണിച്ച മാതൃകയാണ് സമരങ്ങളോടുള്ള ഇന്ത്യയുടെ സമീപനം എന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ഭാവി വച്ചുകളിക്കാന്‍ ആരെയും അനുവദിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയും ഇന്ന് വാങ്ചുക്കിനെ കാണാനെത്തിയിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സമാജ്വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവും സമരസ്ഥലത്തെത്തി വാങ്ചുക്കിനെയും മറ്റ് സമരക്കാരെയും ഇന്നലെ വന്ന് കണ്ടിരുന്നു. വാങ്ചുക്കുമായി ചര്‍ച്ച നടത്താനും സിജെപിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും കേന്ദ്രസര്‍ക്കാരിനോട് ഡിംപിള്‍ യാദവ് ആവശ്യപ്പെട്ടു.

Advertisement

അതിനിടെ സോനം വാങ്ചുക് ഉന്നയിച്ച വിഷയങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, അദ്ദേഹത്തോട് തന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരു പ്രമേയം പാസാക്കി. വിദ്യാഭ്യാസ പ്രക്രിയകളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കരണങ്ങള്‍ക്ക് ആവശ്യമായ നിയമപരവും ഗവേഷണപരവുമായ പിന്തുണയും അസോസിയേഷന്‍ വാഗ്ദാനം ചെയ്തു.