കാവേരി നദീജല കരാറുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലേക്കുള്ള തന്റെ യാത്ര മാറ്റിവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സൗഹൃദാന്തരീക്ഷം നിലനിര്‍ത്താന്‍ ബെംഗളൂരുവിലേക്കുള്ള സന്ദര്‍ശനം മാറ്റിവെക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് വിജയിയുടെ നടപടി.
ജലവിതരണ തര്‍ക്കത്തെച്ചൊല്ലി കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശനം മാറ്റിവെക്കാന്‍ താന്‍ വിജയിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചതായി ശിവകുമാര്‍ പറഞ്ഞു. ഇന്ന് കാവേരി വിഷയത്തില്‍ ഡികെ ശിവകുമാര്‍ സര്‍വകക്ഷിയോഗം വിളിക്കുകയും ചെയ്തിരുന്നു.
'അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും അദ്ദേഹം ധീരനായ ഒരു നേതാവാണ്. അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ എന്തുതന്നെയായാലും, അദ്ദേഹം കര്‍ണാടകയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കെതിരെ ആരും മുദ്രാവാക്യം വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല,' ഡികെ പറഞ്ഞു. അതുകൊണ്ടാണ്, കൂടുതല്‍ അനുകൂലവും സൗഹൃദപരവുമായ അന്തരീക്ഷത്തില്‍ നമുക്ക് കൂടിക്കാഴ്ച നടത്താമെന്ന് താന്‍ അഭ്യര്‍ത്ഥിച്ചത് എന്നും നമ്മള്‍ പരസ്പരം ബഹുമാനിക്കണം എന്നും ഒരുമിച്ച് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വേണം എന്നും ഡികെ പറഞ്ഞു. ആത്യന്തികമായി, ഇന്ത്യ ഒന്നാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാടിന്റെയോ ഡിഎംകെയുടെയോ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങളും അദ്ദേഹം തള്ളി. അയല്‍ സംസ്ഥാനവുമായി സൗഹൃദബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ കര്‍ണാടകയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'എന്നെ സംബന്ധിച്ചിടത്തോളം തമിഴ്നാടും കര്‍ണാടകയും ഒന്നാണ്. ആത്യന്തികമായി, നമ്മള്‍ ഒന്നാണ്,' അദ്ദേഹം പറഞ്ഞു. നീണ്ടകാലമായി നിലനില്‍ക്കുന്ന മേക്കേദാട്ടു ബാലന്‍സിങ് റിസര്‍വോയര്‍ പദ്ധതിയിലുള്ള കര്‍ണാടകയുടെ നിലപാട് ആവര്‍ത്തിച്ച ശിവകുമാര്‍, കാവേരി തര്‍ക്കത്തിനുള്ള ശാശ്വത പരിഹാരമാണ് ഇതെന്നും പദ്ധതി തമിഴ്നാടിന് വലിയ പ്രയോജനം ചെയ്യുമെന്നും അവകാശപ്പെട്ടു. 'മേക്കേദാട്ടു റിസര്‍വോയര്‍ നിര്‍മ്മിച്ചാല്‍, കര്‍ണാടകയേക്കാള്‍ കൂടുതല്‍ പ്രയോജനം, അതായത് ഏകദേശം 90 ശതമാനത്തോളം ലഭിക്കുന്നത് തമിഴ്നാടിനായിരിക്കും. ആ വെള്ളം ഒരിക്കലും ബെംഗളൂരുവിലേക്ക് തിരിച്ചുവിടാന്‍ കഴിയില്ല. ആര്‍ക്കും പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വസ്തുതകള്‍ മനസ്സിലാക്കാവുന്നതാണ്,' അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സുപ്രീം കോടതി ഉത്തരവുകള്‍ പാലിക്കാനുള്ള കര്‍ണാടകയുടെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തുന്നതിനായി വിജയ് ബെംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഗസ്റ്റ് 3 നായിരുന്നു കൂടിക്കാഴ്ച ആലോചിച്ചിരുന്നത്. എന്നാല്‍ വിജയ് എത്തിയാല്‍ തടയുമെന്ന് കന്നഡ സംഘടനകള്‍ പറഞ്ഞിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്നായിരുന്നു മുന്നറിയിപ്പ്. കാവേരി നദിയിലെ വെള്ളം വേണ്ടെന്ന് പറയാതെ വിജയിയെ കര്‍ണാടകയില്‍ വരാന്‍ അനുവദിക്കില്ലെന്നാണ് സംഘടനകള്‍ പറയുന്നത്. അതേസമയം നദീജല തര്‍ക്ക വിഷയത്തില്‍ ഓഗസ്റ്റ് പതിമൂന്നിന് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്.