ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയും; ആൽപൈൻ ഇക്കോ റോഡിൽ റെയിൽവേ അണ്ടർപാസ് വന്നേക്കും

ബെംഗളൂരു: യാത്രക്കാർക്ക് ആശ്വാസമേകുന്ന അറിയിപ്പുമായി ബെംഗളൂരു ഈസ്‌റ്റ്‌ സിറ്റി കോർപ്പറേഷൻ. നഗരത്തിലെ ആൽപൈൻ ഇക്കോ റോഡിനെയും ഔട്ടർ റിംഗ് റോഡ് സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ അണ്ടർപാസിന്റെ സാധ്യത പരിശോധിക്കാൻ പഠനം നടത്തുമെന്നാണ് ബെംഗളൂരു ഈസ്‌റ്റ് സിറ്റി കോർപ്പറേഷൻ കമ്മീഷണർ ഡിഎസ് രമേഷ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

Advertisement

ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് (ട്രാഫിക്) കാർത്തിക് റെഡ്ഡിയോടൊപ്പം ഡിഎസ് രമേഷ് നഗരത്തിലെ പ്രധാന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ ഹോപ്പ് ഫാം അണ്ടർപാസ്, റോഡ് വീതികൂട്ടൽ, ഫ്രീ ലെഫ്റ്റ് ടേൺ, സ്കൈവോക്ക്, ബഫർ റോഡ് തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി.

Advertisement

ഹോപ്പ് ഫാം ജംഗ്ഷനിലെ ഗെയിൽ ഗ്യാസ് പൈപ്പുകൾ, ബെസ്‌കോം വൈദ്യുതി ലൈനുകൾ, ട്രാൻസ്ഫോർമർ പോസ്‌റ്റുകൾ തുടങ്ങിയ തടസങ്ങൾ നീക്കി അണ്ടർപാസ് നിർമാണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മീഷണർ നിർദ്ദേശം നൽകി.ആൽപൈൻ ഇക്കോ റോഡിനെയും ഒആർആർ സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും അദ്ദേഹം പരിശോധന നടത്തി.

ഇപ്പോൾ വാഹനയാത്രക്കാർക്ക് വലിയ ചുറ്റുവഴി പോകേണ്ടിവരുന്നതിനാൽ ഇവിടെ റെയിൽവേ അണ്ടർപാസ് നിർമ്മിക്കാൻ സാങ്കേതിക സാധ്യതാ പഠനം നടത്താൻ നിർദ്ദേശം നൽകി. മരത്തഹള്ളി ജംഗ്ഷനിൽ, എച്ച്എഎൽ റോഡിൽ നിന്ന് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി സ്കൈവാക്ക് നിർമ്മിക്കാനുള്ള പദ്ധതിയും പരിശോധിച്ചു.

Advertisement

കൂടാതെ വർത്തൂർ കോഡിയിൽ നിന്ന് ഔട്ടർ റിംഗ് റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് ടേൺ അനുവദിക്കാനാകുമോ എന്നും വിലയിരുത്തി. തുബറഹള്ളി വിബ്ജ്യോർ സ്‌കൂൾ റോഡിൽ, ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിലവിലെ റോഡിന് സമാന്തരമായി ഒരു ബഫർ റോഡ് നിർമ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പനത്തൂർ എസ് ക്രോസിൽ, റെയിൽവേ അണ്ടർപാസിന് സമീപം സ്വകാര്യ ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടി നേരിട്ടുള്ള റോഡ് ബന്ധം ഒരുക്കുന്ന പദ്ധതി കൂടി അധികൃതർ ചർച്ച ചെയ്‌തു. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കലും സാങ്കേതിക സാധ്യതയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷണർ നിർദ്ദേശിച്ചു.
ഭോഗനഹള്ളി റോഡ് ജംഗ്ഷനിലും, ഗതാഗതം സുഗമമാക്കാൻ ഫ്രീ ലെഫ്റ്റ് ടേൺ ഒരുക്കാനാകുമോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.