ന്യൂ ഡല്‍ഹി: കേന്ദ്ര മന്ത്രി രവ്‌നീത് സിംഗ് ബിട്ടു രാജി വെച്ചു. കേന്ദ്ര റെയില്‍വേ, ഭക്ഷ്യസംസ്‌ക്കരണ വകുപ്പുകളില്‍ സഹമന്ത്രി സ്ഥാനം വഹിക്കുകയായിരുന്നു രവ്‌നീത് സിംഗ് ബിട്ടു. പഞ്ചാബിലെ ബിജെപി നേതാവായ രവ്‌നീത് സിംഗ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. രവ്‌നീത് സിംഗിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ജൂണില്‍ രവ്‌നീത് സിംഗിന്റെ രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്ന് കാലാവധി പൂര്‍ത്തിയായ മറ്റൊരു മന്ത്രിയായ പിജെ കുര്യനൊപ്പം രവ്‌നീത് സിംഗ് രാജി വെച്ചിരുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് രാജി എന്നാണ് സൂചന.
നിലവില്‍ പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഭരണം പിടിച്ചെടുക്കാനുളള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാക്കളിലൊരാളാണ് രവ്‌നീത് സിംഗ്. അടുത്ത വര്‍ഷമാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനുളള അവസരം നല്‍കിയതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രവ്‌നീത് സിംഗ് നന്ദി അറിയിച്ചു. "ഇന്ത്യയിലെ ജനങ്ങളെ പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പഞ്ചാബിലെ ജനങ്ങളെ സേവിക്കാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായി കരുതുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിന് കീഴിൽ സേവനം, ദേശീയത, വികസിത ഭാരതം എന്നീ ആശയങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ജനസേവനത്തിനായുള്ള എന്റെ യാത്ര കൂടുതൽ സമർപ്പണത്തോടെ തുടരും" രവ്നീത് സിംഗ് എക്സിൽ കുറിച്ചു.