നടി തൃഷ കൃഷ്ണനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. തന്റെ പ്രസംഗം വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതും പൂര്‍ണ്ണമായും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണകൂടം തന്നെ ഒരു ഭീകരവാദിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് ഉദയനിധി ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് മദ്രാസ് ഹൈക്കോടതിയില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് പൊലീസ് നടപടിയുണ്ടായതെന്ന് സ്റ്റാലിന്‍ ആരോപിച്ചു. 'എന്നെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ചോദ്യം ചെയ്യാനെന്ന പേരില്‍, പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഏകദേശം 3,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും, ഒരു ഭീകരവാദിയെയെന്നപോലെ എന്നെ റോഡ് മാര്‍ഗം ചെന്നൈയില്‍ നിന്ന് തഞ്ചാവൂരിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തത്,' അദ്ദേഹം പറഞ്ഞു. തഞ്ചാവൂരിലെ സെംഗിപ്പട്ടി പൊലീസ് സ്റ്റേഷനില്‍ ഏകദേശം 90 മിനിറ്റോളം ചോദ്യം ചെയ്യലിന് വിധേയനായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിവികെ സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും കര്‍ഷകരുടെ ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുകയുമാണ് താന്‍ പ്രസംഗത്തിലൂടെ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 'മാത്രമല്ല, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓരോ മന്ത്രിയും എന്താണ് ചെയ്തതെന്ന് തെളിവ് സഹിതമാണ് ഞാന്‍ സംസാരിച്ചത്. എന്നാല്‍ അതിനൊക്കെ മറുപടി നല്‍കാന്‍ ശേഷിയുള്ളതിന് പകരം, കഴിവുകെട്ടവരും കാര്യപ്രാപ്തിയില്ലാത്തവരും ഫലപ്രദമല്ലാത്തവരുമായ ഒരു മുഖ്യമന്ത്രിയെയാണ് നമുക്കുള്ളത്. അതായത് ഒരു ഡമ്മി മുഖ്യമന്ത്രി,' അദ്ദേഹം പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചു. 'ഞാന്‍ പറയാത്ത കാര്യങ്ങള്‍ അവര്‍ കോപ്പി-പേസ്റ്റ് ചെയ്ത് അതില്‍ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഞാന്‍ ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. പൂര്‍ണമായും കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. ജലപ്രശ്‌നത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നതാണ് എന്റെ ഏക ആവശ്യം ഉദയനിധി പറഞ്ഞു. നിയമപരമായി കേസിനെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉദയനിധി, തനിക്ക് പിന്തുണ പ്രഖ്യാപിക്കാനായി പുറത്ത് തടിച്ചുകൂടിയിരുന്ന ഡിഎംകെ പ്രവര്‍ത്തകരെയും പാര്‍ട്ടി കേഡര്‍മാരെയും അഭിവാദ്യം ചെയ്തു. അതിനിടെ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് നടി മരിയ ജൂലിയാന രംഗത്തെത്തി. 'അഭിപ്രായം പ്രകടിപ്പിക്കാനുള്ള ജനാധിപത്യ അവകാശത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് അദ്ദേഹത്തിനെതിരെ കെട്ടിച്ചമച്ച കേസ് രജിസ്റ്റര്‍ ചെയ്തത്,' മരിയ പറഞ്ഞു.