തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ പെരമ്പൂർ മണ്ഡലത്തിലെ ജനങ്ങൾക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. വോട്ടർമാർക്ക് തങ്ങളുടെ ദൈനംദിന പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ട് വിജയിയെ അറിയിക്കാനും അതിലൂടെ വേഗത്തിൽ പരിഹാരം കണ്ടെത്താനുമുള്ള ഡിജിറ്റൽ സംവിധാനമാണിത്. ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനും ഉദ്യോഗസ്ഥരുടെ ഇടപെടൽ വേഗത്തിലാക്കാനും ഈ ആപ്പ് സഹായിക്കും.
തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകർ ഇതിനോടകം തന്നെ ഈ ഡിജിറ്റൽ സംരംഭത്തിന്റെ പ്രചാരണം സജീവമാക്കിയിട്ടുണ്ട്. പെരമ്പൂരിലെ ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ മുതൽ അടിയന്തര പൊതുപ്രശ്നങ്ങൾ വരെ ഈ ആപ്പിലൂടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. തെരുവിളക്കുകൾ പ്രകാശിക്കാത്തത്, തകർന്ന റോഡുകൾ, പൈപ്പ് ലൈൻ തകരാറുകൾ, കക്കൂസ് മാലിന്യ നിർമാർജ്ജനം, പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തുടങ്ങിയ പ്രാദേശിക വികസന പ്രശ്നങ്ങൾക്കൊപ്പം വിദ്യാഭ്യാസം, അടിയന്തര ചികിത്സാസഹായം തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങളും ഇതിലൂടെ ജനപ്രതിനിധിയെ അറിയിക്കാം.
ഈ മൊബൈൽ ആപ്ലിക്കേഷൻ എങ്ങനെയാണ് ഉപയോഗിക്കാൻ സാധിക്കുകയെന്ന് വിശദീകരിക്കുന്ന വീഡിയോയും തമിഴക വെട്രി കഴകം പുറത്തുവിട്ടിട്ടുണ്ട്. ഉപഭോക്താക്കൾ മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം തങ്ങളുടെ വിലാസവും ഫോൺ നമ്പറും നൽകി ലോഗിൻ ചെയ്യണം. തുടർന്ന് സ്വന്തം വാർഡ് തിരഞ്ഞെടുത്ത് പരിഹരിക്കേണ്ട പ്രശ്നങ്ങൾ അതിൽ രേഖപ്പെടുത്താം. എഴുതി തയ്യാറാക്കാൻ ബുദ്ധിമുട്ടുള്ള മുതിർന്ന പൗരന്മാർക്കായി മൈക്രോഫോൺ ഐക്കണിൽ അമർത്തി സംസാരിച്ച് പരാതികൾ റെക്കോർഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. പരാതി സമർപ്പിച്ച ഉടനെ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി സർവീസ് ഐഡി (പരാതി നമ്പർ) ലഭിക്കും. ഇത് ഉപയോഗിച്ച് ഏത് സമയത്തും പരാതിയുടെ നിലവിലെ അവസ്ഥ പരിശോധിക്കാം. ഓരോ പരാതിക്കും മുൻഗണനാ ക്രമവും അതോടൊപ്പം അത് പരിഹരിക്കാൻ സാധിക്കുന്ന ഏകദേശ തീയതിയും ആപ്പിൽ രേഖപ്പെടുത്തും. ഇത് വഴി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സുതാര്യവും സമയബന്ധിതവുമായ നടപടികൾ ഉറപ്പാക്കാൻ സാധിക്കും. തങ്ങളുടെ വാർഡുകളിൽ നിലവിലുള്ള വികസന പ്രവർത്തനങ്ങളും പരിഹരിക്കപ്പെട്ട മറ്റ് പരാതികളും പരിശോധിക്കാനുള്ള സൗകര്യവും ആപ്പിൽ നൽകിയിട്ടുണ്ട്. എം.എൽ.എ ഓഫീസിലെ പ്രത്യേക വിഭാഗമായിരിക്കും ഈ ആപ്പിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നത്. ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നു എന്നതാണ് നേട്ടം. ഓഫീസുകള് കയറിയിറങ്ങി പ്രയാസപ്പെടുകയും വേണ്ട. സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനക്ഷേമ ഭരണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോസഫ് വിജയിന്റെ നിർദ്ദേശപ്രകാരം ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് നേരിട്ടെത്തുവാൻ ഡിജിറ്റൽ ലോകത്തെ പ്രയോജനപ്പെടുത്തുകയാണ് തമിഴക വെട്രി കഴകം. മാറ്റങ്ങൾ ആഗ്രഹിക്കുന്ന തമിഴ് ജനതയ്ക്ക് ഈ പദ്ധതി വലിയൊരു ചുവടുവെപ്പായി മാറും എന്നാണ് പാർട്ടി വൃത്തങ്ങൾ പ്രത്യാശിക്കുന്നത്.