വിജയ് കൊച്ചിയിലേക്ക്; മോഹന്‍ലാല്‍ പങ്കെടുക്കുന്ന വമ്പന്‍ പരിപാടി, ചെന്നിത്തലയ്ക്ക് നല്‍കിയ ഉറപ്പ് ഇതാണ്


ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി. മയക്കുമരുന്നിന് എതിരായ കേരളത്തിന്റെ പോരാട്ടം സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഓപറേഷന്‍ തൂഫാന്‍ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വിജയ് ഉറപ്പ് നല്‍കി. ഇരുസംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുകയും പരസ്പരം രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്യുമെന്ന് രമേശ് ചെന്നിത്തല യോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് രമേശ് ചെന്നിത്തല തമിഴ്‌നാട്ടില്‍ എത്തിയത്. 11.30നായിരുന്നു വിജയുമായുള്ള കൂടിക്കാഴ്ച. അര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. ഇതിനിടെ ഉന്നത സെക്രട്ടറിമാരെയും പോലീസ് ഓഫീസര്‍മാരെയും വിജയ് വിളിപ്പിക്കുകയും ഒരുമിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു. കേരളത്തിന്റെ പോരാട്ടത്തിന് എല്ലാ പിന്തുണ നല്‍കാനും വിജയ് നിര്‍ദേശിച്ചു.

Advertisement

ലഹരി മാഫിയക്കെതിരെ നേരത്തെ വലിയ പ്രചാരണം നടത്തിയ വ്യക്തിയാണ് വിജയ്. ഒരു മാരത്തണില്‍ പങ്കെടുത്ത കാര്യവും വിജയ് ചര്‍ച്ചയ്ക്കിടെ ചെന്നിത്തലയോട് പറഞ്ഞു. കേരളത്തിന്റെ ഓപറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജയ് ചോദിച്ചറിഞ്ഞു. മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താന്‍ തുറമുഖം, റെയില്‍വെ സ്‌റ്റേഷന്‍, അതിര്‍ത്തി ചെക്ക് പോയിന്റുകള്‍ എന്നിവിടങ്ങളില്‍ ഇരുസംസ്ഥാനങ്ങളിലെയും പോലീസ് ഒന്നിച്ച് നീങ്ങും. സംസ്ഥാന അതിര്‍ത്തിയില്‍ പ്രത്യേക പോലീസ് നിരീക്ഷണം ഉറപ്പ് വരുത്താനും ചര്‍ച്ചയില്‍ ധാരണയായി.

വിജയ് കേരളത്തിലേക്ക്

ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കേരളത്തില്‍ വലിയ പരിപാടി ആഭ്യന്തര വകുപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കൊച്ചിയില്‍ ആയിരിക്കും പരിപാടി. ഇതിലേക്ക് വിജയിയെ രമേശ് ചെന്നിത്തല ക്ഷണിച്ചു. വിജയ് ക്ഷണം സ്വീകരിച്ചു. ഓപറേഷന്‍ തൂഫാന്റെ പ്രചാരകനാണ് നടന്‍ മോഹന്‍ലാല്‍. അദ്ദേഹവും കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും. മോഹന്‍ലാലിന്റെ ഒഴിവ് നോക്കി തിയ്യതി തീരുമാനിച്ച് വിജയിയെ അറിയിക്കും.

Advertisement

വിജയ്, മോഹന്‍ലാല്‍, രമേശ് ചെന്നിത്തല, മുഖ്യമന്ത്രി വിഡി സതീശന്‍ എന്നിവര്‍ ഉള്‍പ്പെടെ ഇരുസംസ്ഥാനങ്ങളിലെയും പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയാകും കൊച്ചിയില്‍ സംഘടിപ്പിക്കുക. നേരത്തെ വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിജയ് എത്തിയിരുന്നില്ല. ദക്ഷിണേന്ത്യയിലെ മറ്റു മുഖ്യമന്ത്രിമാര്‍ പങ്കെടുത്തെങ്കിലും പിന്നീട് ഒരിക്കല്‍ വരാമെന്നാണ് അന്ന് വിജയ് അറിയിച്ചത്.

വിജയുടെ വരവ് ഓപറേഷന്‍ തൂഫാന് വലിയ പ്രചാരണമാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, വിജയുടെ ടിവികെ പാര്‍ട്ടി കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ടിവികെ പ്രവര്‍ത്തകരും കൊച്ചിയിലെ പരിപാടിക്ക് എത്തിയേക്കും. നേരത്തെ രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. മയക്കുമരുന്ന് മാഫിയക്കെതിരായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള പോരാട്ടത്തിനാണ് വഴി തെളിയുന്നത്.