തമിഴ്‌നാട്ടിൽ മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ നീക്കവുമായി വിജയ്‌യുടെ ടിവികെ സർക്കാർ; എതിർപ്പ് ശക്തം

ചെന്നൈ: വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാർ സംസ്ഥാനത്തെ മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. നിലവിൽ കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും പരിധിയിലുള്ള ടാസ്‌മാക് മദ്യശാലകൾ സ്വകാര്യവത്കരിക്കാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്.

Advertisement

ഈ തീരുമാനം നടപ്പായാൽ, 2003-ൽ അന്നത്തെ എഐഎഡിഎംകെ സർക്കാർ മദ്യവിൽപ്പന സർക്കാർ സ്ഥാപനമായ ടാസ്‌മാക്കിന് കീഴിലാക്കിയതിന് ശേഷമുള്ള ആദ്യത്തെ വലിയ സ്വകാര്യവത്കരണ നീക്കമാകും. ഇതുവരെ സർക്കാർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതിന് വഴിയൊരുക്കുന്ന ബിൽ അവതരിപ്പിക്കുമെന്നാണ് ലഭ്യമായ വിവരം.

Advertisement

എന്നാൽ ടാസ്‌മാക് സ്വകാര്യവത്കരിച്ചാൽ മദ്യനിരോധനം ലക്ഷ്യമിടുന്നതിനുപകരം മദ്യ ഉപഭോഗം വർധിപ്പിക്കുമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ഈ നീക്കത്തിനെതിരെ പട്ടാളി മക്കൾ കക്ഷി ഉൾപ്പെടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സർക്കാർ നടത്തുന്ന മദ്യശാലകൾ സ്വകാര്യവത്കരിക്കുന്നത് മദ്യപാനം വർധിപ്പിക്കുമെന്നും, മദ്യനിരോധന ലക്ഷ്യത്തെ തകർക്കുമെന്നുമാണ് അവരുടെ നിലപാട്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, തമിഴ്‌നാട്ടിലെ ആകെ 4048 ടാസ്‌മാക് ഔട്ട്ലെറ്റുകളിൽ ഏകദേശം 2500 എണ്ണം, പ്രധാനമായും നഗരപ്രദേശങ്ങളിലുള്ളവ, സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് ശരിയാണെങ്കിൽ സർക്കാരിന്റെ തീരുമാനം ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും പിഎംകെ പറഞ്ഞു.

ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ മദ്യവിൽപ്പന സ്വകാര്യവത്കരിക്കാനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങാനുമുള്ള ഒരു ലോബി പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെന്നും പിഎംകെ ആരോപിച്ചു. പിഎംകെ മാത്രമല്ല മറ്റ് കക്ഷികളും ടിവികെ സർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വരുന്നുണ്ട്.

Advertisement

അടുത്തിടെ മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ടാസ്‌മാക് ജീവനക്കാർക്കെതിരായ അച്ചടക്ക നടപടികൾ സർക്കാർ അടുത്തിടെ കൂടുതൽ കർശനമാക്കിയിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം, എംആർപിയേക്കാൾ കൂടുതൽ വില ഈടാക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരെ സർവീസിൽ നിന്ന് പിരിച്ചുവിടാനും വ്യവസ്ഥയുണ്ട്.

ഇതിനിടെ, സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനായി ആറ് അംഗ റവന്യൂ വർധന സമിതി അടുത്തിടെ സർക്കാർ രൂപീകരിച്ചിരുന്നു. പ്രമുഖ സാമ്പത്തിക വിദഗ്‌ധനും മുൻ പ്ലാനിങ് കമ്മീഷൻ ഉപാധ്യക്ഷനുമായ മൊണ്ടേക് സിംഗ് അലുവാലിയാണ് സമിതിയുടെ അധ്യക്ഷൻ. ഇതിൽ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിലും സമിതി പരിശോധന നടത്തുന്നുണ്ട്.

Advertisement

സംസ്ഥാനത്തിന് പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തുക, വരുമാന ചോർച്ചകൾ തടയുക, മദ്യത്തിന് മേലുള്ള നികുതി സംവിധാനത്തിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ പരിശോധിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകൾ. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വരുമാന ശേഖരണം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്.