ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കൈയൊപ്പ്; സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം


രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബഹിരാകാശ സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസ് ആണ് ഈ അത്യാധുനിക റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്രം-1 കുതിച്ചുയര്‍ന്നത്.

Advertisement

ഈ വിക്ഷേപണത്തോടെ ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ സ്വകാര്യ മേഖലയുടെ ഏറ്റവും പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. വിക്ഷേപണത്തിന്റെ ഏറ്റവും അവസാന നിമിഷങ്ങളിലെ കൗണ്ട്ഡൗണില്‍ നേരിയൊരു സാങ്കേതിക തടസം നേരിട്ടത് ഉത്കണ്ഠയും പിരിമുറുക്കവും സൃഷ്ടിച്ചെങ്കിലും അര മണിക്കൂറിനകം തകരാര്‍ പരിഹരിച്ച് വിക്ഷേപിക്കാനായതും നേട്ടമാണ്.

Advertisement

ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറസേഷന്‍ സെന്ററിന്റെ കീഴില്‍ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കിയ പ്രോത്സാഹനവും വലിയ പിന്തുണയുമാണ് ഇത്തരമൊരു സംരംഭത്തിന് ജീവവായു പകര്‍ന്നത്. ഇത് ബഹിരാകാശ വിപണിയിലെ തദ്ദേശീയ സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഉത്തേജനമേകും.

സ്വന്തമായി വിജയകരമായി രൂപകല്പന പൂര്‍ത്തിയാക്കി നിര്‍മ്മിച്ചെടുത്ത വിക്ഷേപണ വാഹനം ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ലക്ഷ്യം വെച്ച ഭൂമിയുടെ ഭ്രമണപഥത്തില്‍ കൃത്യതയോടെ എത്തിച്ച ആദ്യ സ്വകാര്യ കമ്പനിയെന്ന മികച്ച ബഹുമതി ഇതോടെ സ്‌കൈറൂട്ട് എയ്റോസ്പേസിനായി. മുന്‍കാലങ്ങളില്‍ യന്ത്രഭാഗങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതില്‍ മാത്രം ഒതുങ്ങിനിന്ന തദ്ദേശീയ സ്വകാര്യ സഹകരണങ്ങള്‍ക്ക് വലിയൊരു വഴിത്തിരിവാണ് ഈ നേട്ടംയ

Advertisement

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കി. ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്ര ഉദ്യോഗസ്ഥരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭരത് ദാക്കയുമാണ് 2018-ല്‍ ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ കടന്നുവരുന്നതിന് നാന്ദി കുറിച്ചത്.

24 മീറ്റര്‍ നീളമുള്ള കാര്‍ബണ്‍-കോമ്പോസിറ്റ് റോക്കറ്റ്, ഘട്ടങ്ങള്‍ വേര്‍പെടുത്തുന്നതും ഓര്‍ബിറ്റല്‍ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള ആസൂത്രിതമായ എല്ലാ ഘട്ടങ്ങളും വിക്രം-1 വിജയകരമായി പൂര്‍ത്തിയാക്കി. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയിട്ടുള്ള 'കലാം-1200' എന്ന ഒന്നാം ഘട്ടം, അന്തരീക്ഷത്തിന്റെ ഏറ്റവും സാന്ദ്രതയേറിയ പാളികളിലൂടെ റോക്കറ്റിനെ മുന്നോട്ട് നയിച്ച ശേഷം കൃത്യമായി വേര്‍പെട്ടു.

Advertisement

തുടര്‍ന്ന് 'കലാം-250'-ഉം, 'കലാം-100'-ഉം (സോളിഡ് ഘട്ടങ്ങളില്‍ ഏറ്റവും ചെറുതും ഏറ്റവും ഉയരത്തില്‍ സഞ്ചരിക്കുന്നതുമായത്) പ്രവര്‍ത്തിച്ചു. എന്നിരുന്നാലും ദൗത്യത്തിലെ പ്രധാന സവിശേഷത ഓര്‍ബിറ്റല്‍ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂളായിരുന്നു. ബഹിരാകാശത്തെ ശൂന്യതയില്‍ പ്രവര്‍ത്തിപ്പിക്കാനും നിര്‍ത്താനും വീണ്ടും പ്രവര്‍ത്തിപ്പിക്കാനും ശേഷിയുള്ള, 3ഡി പ്രിന്റഡ് ലിക്വിഡ് എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം, വിക്രം-1-നെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനുള്ള അവസാനത്തെ കുതിപ്പ് നല്‍കി.

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയുടെ വളര്‍ന്നുവരുന്ന ശേഷിയും ഈ ദൗത്യം തെളിയിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള കോസ്മോസ് ഡയമണ്ട്സ് നിര്‍മ്മിച്ച 'ഡയമണ്ട് ലോട്ടസ്' എന്ന ലാബ്-ഗ്രോണ്‍ ഡയമണ്ട് ഉള്‍പ്പെടെയുള്ള വിവിധ പേലോഡുകള്‍ ഈ ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പടയില്‍ എഴുതിയ, 'വന്ദേ മാതരം' എന്ന് രേഖപ്പെടുത്തിയ ഒരു പോസ്റ്റ്കാര്‍ഡും ഇപ്പോള്‍ ഭൂമിയെ വലംവെക്കുന്നുണ്ട്. സ്‌കൈറൂട്ട് ടീം, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നുള്ള സന്ദേശങ്ങളും ഇതിനൊപ്പം ബഹിരാകാശത്തെത്തിയിട്ടുണ്ട്.

ഈ നേട്ടത്തിലൂടെ, സര്‍ക്കാര്‍ ഏജന്‍സികളുടെ മാത്രം കുത്തകയായിരുന്ന ബഹിരാകാശ മേഖലയില്‍ സ്വകാര്യ സംരംഭങ്ങള്‍ക്കും വിജയിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വിക്രം-1 സര്‍ക്കാര്‍, സ്വകാര്യ സംരംഭങ്ങള്‍ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു.