ആരാണ് ധര്‍മേന്ദ്ര പ്രധാന്‍; നാണംകെട്ട് പടിയിറക്കം, ജനകീയ പ്രതിഷേധത്തിന് കീഴടങ്ങി രാജി

മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്റെ മകനാണ് ധര്‍മേന്ദ്ര പ്രധാന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സിജെപി ഡല്‍ഹി ജന്തര്‍ മന്തറില്‍ ആഴ്ചകളായി സമരം ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുന്നില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതുതന്നെ. സമ്മര്‍ദ്ദം കടുത്തതോടെ പ്രധാന്‍ രാജിവെച്ചിരിക്കുകയാണ്.

Advertisement

നീറ്റ്-സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടാണ് വിദ്യാര്‍ഥി സമരത്തിന് കാരണം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയ വകുപ്പ് മന്ത്രി രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദേശത്ത് പഠിക്കുന്ന അദ്ദേഹത്തിന്റെ മകള്‍ക്ക് നേരെയും സൈബര്‍ വിമര്‍ശനം ശക്തമായിരുന്നു. ആരാണ് ധര്‍മേന്ദ്ര പ്രധാന്‍ എന്ന് അറിയാം...

Advertisement

രാജ്യത്തെ മുതിര്‍ന്ന ബിജെപി നേതാക്കളില്‍ ഒരാളാണ് ധര്‍മേന്ദ്ര പ്രധാന്‍. ആര്‍എസ്എസിലൂടെയും എബിവിപിയിലൂടെയും പൊതുരംഗത്ത് സജീവമായ അദ്ദേഹം 1997ല്‍ വിദ്യാര്‍ഥി നേതാവായിരിക്കെ ഒഡീഷയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ നടത്തിയ സമരം പ്രതിപക്ഷം ചര്‍ച്ചയാക്കി. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്ന് ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികും ആവശ്യപ്പെട്ടു.

ധര്‍മേന്ദ്ര പ്രധാന്‍ ഒഡീഷ ബിജെപിയുടെ മുഖം

ഒഡീഷയിലെ തല്‍ച്ചറില്‍ 1969 ജൂണ്‍ 26നാണ് ധര്‍മേന്ദ്ര പ്രധാന്‍ ജനിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിട്ടുള്ള അദ്ദേഹം നിലവില്‍ ഒഡീഷയിലെ സാംബല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ലോക്‌സഭയില്‍ എത്തിയത്. ഒരുകാലത്ത് ഒഡീഷാ ബിജെപിയുടെ മുഖമായിരുന്നു അദ്ദേഹം. ബിജെഡിയുടെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച കഴിഞ്ഞ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയപ്പോള്‍ ധര്‍മേന്ദ്ര പ്രധാന്‍ മുഖ്യമന്ത്രിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിക്കുകയാണ് ചെയ്തത്.

Advertisement

2004ല്‍ ഒഡീഷയിലെ ദിയോഗഡ് മണ്ഡലത്തില്‍ നിന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2012ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ വീണ്ടും ലോക്‌സഭയിലെത്തി. 2014ല്‍ മോദി സര്‍ക്കാര്‍ ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ ധര്‍മേന്ദ്ര പ്രധാനും മന്ത്രിസഭയിലുണ്ടായിരുന്നു. 2014 മുതല്‍ 2021 വരെ പെട്രോളിയം മന്ത്രിയായ ഇദ്ദേഹമാണ് രാജ്യത്ത് കൂടുതല്‍ കാലം പെട്രോളിയം മന്ത്രിയായ വ്യക്തി. പിന്നീട് ഉരുക്ക് വ്യവസായ മന്ത്രിയുടെ അധിക ചുമതലയും വഹിച്ചു.

2021 ജൂലൈയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ധര്‍മേന്ദ്ര പ്രധാന്‍ ചുമതലയേറ്റത്. പ്രതിപക്ഷം ഏറെ വിമര്‍ശിച്ച ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായി തുടരുകയായിരുന്നു. ഈ കാലയളവില്‍ തുടര്‍ച്ചയായി ദേശീയതലത്തിലെ പരീക്ഷകളില്‍ ക്രമക്കേട് വാര്‍ത്തയായിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നാണ് സിജെപിയുടെ ആവശ്യപ്പെട്ടത്. ഒടുവില്‍ ഇന്ന് ഉച്ചയ്ക്ക് ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു.