ഗാസയിൽ ആയുധം ഉപേക്ഷിക്കാൻ തയ്യാർ..പക്ഷെ..;നിലപാട് വ്യക്തമാക്കി ഹമാസ്

ഗാസയിൽ ആയുധം ഉപേക്ഷിക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ്. എന്നാൽ ഇതേ നിർദേശം ഇസ്രായേലും അംഗീകരിക്കണമെന്നും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഗാസയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ അവർ തയ്യാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

Advertisement

ഗാസയിൽ നിന്നും പിൻമാറാം എന്ന് ഇസ്രായൽ വ്യക്തമാക്കുന്നത് വരെ ഒരു കരാറിൻ്റെ ഭാഗാമാകാനും തങ്ങൾ ഒരുക്കമല്ലെന്ന് ഹമാസ് വ്യക്തമാക്കി. കരാറിൽ ഞങ്ങൾ എത്തിച്ചേരുന്നത് ഇസ്രായേൽ അവരുടെ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കുന്നുവെന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും. ഇസ്രായേൽ ചെയ്യേണ്ടത് അവർ ചെയ്യാതെ കരാറിൻ്റെ ഒരു ഘട്ടത്തിലും ഭാഗാമാകാൻ തങ്ങൾ ഒരുക്കമില്ല',ഹമാസ് പ്രതിനിധി ഗാസി ഹമദ് പറഞ്ഞു.

Advertisement

വെടിനിർത്തിൽ കരാർ പോലും ഇസ്രായേൽ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ഹമാസ് നിലപാട് കടുപ്പിച്ചത്. യു.എസ് മധ്യസ്ഥതയിൽ 2025 ഒക്ടോബറിൽ ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആക്രമണം തുടർന്നു. കരാറിന് ശേഷം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മാത്രം 1,100 പലസ്തീനികളെങ്കിലപം കൊല്ലപ്പെട്ടുവെന്നാണ് പലസ്തീൻ ആരോപിക്കുന്നത്.

മാത്രമല്ല ഗാസയ്ക്ക് ലഭിക്കുന്ന സഹായങ്ങൾ ഇസ്രായേൽ ഇപ്പോഴും തടയുന്നുണ്ടെന്നും പലസ്തീൻ ആരോപിച്ചു. തങ്ങളുടെ 'യെല്ലോ ലൈൻ' ഗാസയുടെ ഉള്ളിലേക്ക് അവർ കൂടുതൽ വ്യാപിപ്പിച്ചെന്നും പലസ്തീൻ വിമർശിച്ചു.

ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരാർ വ്യാഴാഴ്ച വൈകീട്ടാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരുടെ നേതൃത്വത്തിലാണ് ഇത്തരമൊരു കരാർ രൂപീകരിച്ചതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Advertisement

'ഹമാസിനേയും ഗാസയിലെ മറ്റ് എല്ലാ സായുധ ഗ്രൂപ്പുകളേയും പൂർണമായി നിരായുധീകരിക്കാനുള്ള ചരിത്രപരമായി കരാറിൽ എത്തിച്ചേർന്നിരിക്കുകയാണ് ബോർഡ് ഓഫ് പീസ്. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്ന ശാശ്വതമായ പരിഹാരമാണിത്',എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകുന്ന പുതിയൊരു പലസ്തീൻ സർക്കാർ അധികാരത്തിലേറും. ഗാസയെ ഭീകരതാവളമായി ഉപയോഗിക്കുന്നത് അവസാനിക്കുന്നതിലൂടെ ഇസ്രായേലിന് അർഹമായ സംരക്ഷണം ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. കരാർ ഘട്ടംഘട്ടമായിട്ടായിരിക്കും നടപ്പാക്കുകയെന്നും നിരായുധീകരണ നടപടികൾ പുരോഗമിക്കുന്ന മുറയ്ക്ക് ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങുമെന്നും സൈന്യം ട്രംപ് വിശദീകരിച്ചു.

'വളരെ സൂക്ഷ്മമായി വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. നിരായുധീകരണം പൂർത്തിയാകുന്നതോടെ ഇസ്രായേലും പൂർണമായി ഗാസയിൽ നിന്നും പിൻവാങ്ങും. തുടർന്ന് അന്താരാഷ്ട്ര സംഘടന പലസ്തീനിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പലസ്തീൻ പോലീസുമായി ചേർന്ന് പ്രവർത്തിക്കും', എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ. അതേസമയം കരാറിനോടോ ഹമാസിൻ്റെ പ്രതികരണത്തിനോ ഇസ്രായേൽ ഇതുവരെ മറുപടി നൽകിയിട്ടില്ല.