4 മാസത്തിനിടെ ആദ്യമായി പൊതുവേദിയിലേക്ക്? മൊജ്തബ ഖമേനി ഈ ദിവസം എത്തിയേക്കുമെന്ന് റിപ്പോർട്ട്


ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മൊജ്തബ ഖമേനി ചൊവ്വാഴ്ച ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ഓർമ്മയ്ക്കായി ടെഹ്റാനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ മൊജ്തബ പങ്കെടുത്തേക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന. എന്നാൽ, അദ്ദേഹം ചടങ്ങിൽ നേരിട്ടെത്തുമോ എന്ന കാര്യത്തിൽ ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

Advertisement

കഴിഞ്ഞ ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുന്നത്. നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയും മൊജ്തബ അടക്കം നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധത്തിന് തന്നെ വഴിതുറന്ന ഈ സംഭവത്തിന് ശേഷം, കഴിഞ്ഞ നാല് മാസത്തിലേറെയായി മൊജ്തബ ഖമേനി പൊതുവേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ വന്നിരുന്നില്ല. പിതാവിന്റെ മരണാനന്തര ചടങ്ങുകളിലും പ്രാർത്ഥനകളിലും മൊജ്തബയുടെ മറ്റ് മൂന്ന് സഹോദരന്മാരായ മുസ്തഫ, മെയ്സം, മസൂദ് ഖമേനി എന്നിവരായിരുന്നു നേതൃത്വം നൽകിയിരുന്നത്. ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്ന വലിയ അനുസ്മരണ ചടങ്ങിലേക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ മകൾ, മരുമകൻ, മരുമകൾ, 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ എന്നിവരുൾപ്പെടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ഭൗതികശരീരങ്ങൾ അടങ്ങിയ പെട്ടികൾ ഈ ചടങ്ങിൽ പൊതുദർശനത്തിന് വെച്ചിരുന്നു.

Advertisement

അനുസ്മരണ ചടങ്ങ് നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ, പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് മൊജ്തബ ഖമേനി ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇത് മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട്. ജൂൺ 17ലെ അക്രമണങ്ങളോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്നത് ആശങ്കകൾ ഇരട്ടിയാക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ചപ്പോൾ, തങ്ങൾ ലക്ഷ്യമിടുന്ന ശത്രുക്കളുടെ കൃത്യമായ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് ഇറാൻ അധികൃതർ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധികൾക്കിടയിൽ ഇറാന്റെ പുതിയ നേതാവ് പൊതുവേദിയിലേക്ക് എത്തുന്നു എന്ന വാർത്തയെ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.