സിക്ക് ലീവിന് വിളിച്ചുപറഞ്ഞാല്‍ പോര, തെളിവ് വേണം; തൊഴില്‍ നിയമം പരിഷ്‌കരിക്കാന്‍ ജര്‍മ്മനി

ജര്‍മ്മനിയിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങി സര്‍ക്കാര്‍. മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെയും തദ്ദേശീയരായ ജീവനക്കാരെയും ഒരുപോലെ ബാധിക്കുന്ന വലിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ക്കാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഫോണിലൂടെ വിളിച്ച് ഡോക്ടറോട് സംസാരിച്ച് മെഡിക്കല്‍ അവധിയെടുക്കുന്ന (Sick Leave) രീതി നിര്‍ത്തലാക്കാനാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Advertisement

പകരം ജോലിക്ക് വരാന്‍ സാധിക്കാത്ത ആദ്യ ദിവസം തന്നെ ഔദ്യോഗികമായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ജര്‍മ്മനിയില്‍ നിര്‍ബന്ധമാക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തികരംഗം വര്‍ധിപ്പിക്കുന്നതിനായി ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് പ്രഖ്യാപിച്ച 34 ഇന സാമ്പത്തിക പരിഷ്‌കരണ പാക്കേജിന്റെ ഭാഗമായാണ് ഈ നിര്‍ണായക നടപടി.

Advertisement

നിലവിലുള്ള മാന്ദ്യത്തില്‍ നിന്ന് ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥയെ രക്ഷിച്ചെടുക്കാനും ബിസിനസ്സ് രംഗത്തെ ചുവപ്പുനാടകള്‍ ഒഴിവാക്കി രാജ്യത്തെ വിപണി കൂടുതല്‍ മത്സരക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍. ഈ വര്‍ഷാവസാനത്തോടെ പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷത്തോടെ ഈ നിയമങ്ങള്‍ പാസാക്കാനാണ് സഖ്യസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിസിനസുകളുടെ വഴക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ സമയത്താണ് ഡോക്ടറെ നേരിട്ട് കാണാതെ തന്നെ ഫോണ്‍ കോള്‍ വഴി അസുഖവിവരങ്ങള്‍ ധരിപ്പിച്ച് അവധി സര്‍ട്ടിഫിക്കറ്റ് വാങ്ങാനുള്ള സൗകര്യം ജര്‍മ്മനിയില്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. കൊറോണ വ്യാപനത്തിന് ശേഷം ഈ രീതി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ കാലക്രമേണ ഈ സംവിധാനം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

Advertisement

വ്യാജ അവധികള്‍ പെരുകുന്നതും ജോലിസ്ഥലങ്ങളിലെ ഉത്പാദനക്ഷമതയെ ബാധിക്കുന്നതും കണക്കിലെടുത്താണ് ടെലിഫോണ്‍ അവധി പൂര്‍ണമായി ഒഴിവാക്കാന്‍ തീരുമാനിച്ചത്. പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ അസുഖം മൂലം അവധിയെടുക്കുന്ന ജീവനക്കാര്‍ അസുഖത്തിന്റെ ആദ്യ ദിവസം തന്നെ അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കാനും അനാവശ്യ അവധികള്‍ തടയാനും ഈ കര്‍ശന നിയമം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം, രാജ്യത്തെ സാധാരണക്കാരായ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഫ്രീഡ്രിക്ക് മെര്‍സ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പരിഷ്‌കരണ പാക്കേജില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ മെര്‍സ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.

Advertisement

തൊഴില്‍ വിപണിയിലെ കടുത്ത നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 2030 വരെ പരമാവധി നാല് വര്‍ഷത്തേക്ക് താല്‍ക്കാലിക തസ്തികകളിലോ കരാറുകളിലോ ജീവനക്കാരെ നിയമിക്കാന്‍ സാധിക്കും. ഇത് ജര്‍മ്മനിയിലെ പുതിയ ഹ്രസ്വകാല സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റ് വന്‍കിട സംരംഭങ്ങള്‍ക്കും വലിയ നിക്ഷേപങ്ങള്‍ നടത്താനും കൂടുതല്‍ ജീവനക്കാരെ ജോലിക്ക് നിയമിക്കുന്നതിനും സഹായിക്കും.

ഇതിനൊപ്പം ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വലിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള വ്യവസ്ഥകളിലും മാറ്റങ്ങള്‍ ഉണ്ടാകും. ഉയര്‍ന്ന സാലറി വാങ്ങുന്ന ജീവനക്കാരെ ആവശ്യമായ നഷ്ടപരിഹാരം നല്‍കി എളുപ്പത്തില്‍ ജോലിയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം കരാര്‍ വഴി നല്‍കാന്‍ കമ്പനികള്‍ക്ക് പുതിയ പരിഷ്‌കരണത്തില്‍ അവസരമുണ്ടായിരിക്കും. ഇത് കമ്പനികളുടെ തലപ്പത്തുള്ള സുപ്രധാന അഴിച്ചുപണികള്‍ എളുപ്പമാകുന്നതിനൊപ്പം കടുത്ത പ്രതിസന്ധികള്‍ക്കിടയിലും കോര്‍പ്പറേറ്റ് തീരുമാനങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനികളെ സഹായിക്കും.

Advertisement

വിരമിക്കല്‍ പ്രായം നിലവിലെ 67 വയസ്സില്‍ നിന്നും വീണ്ടും ഉയര്‍ത്താന്‍ പുതിയ നിയമത്തില്‍ ശുപാര്‍ശയുണ്ട്. രാജ്യത്തെ ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യവും സാമ്പത്തികാവസ്ഥയും കണക്കിലെടുത്താണ് ഇത്തരം വലിയ മാറ്റങ്ങളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. ഇതിലൂടെ വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ഫണ്ടുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിക്കും.

നികുതി നിരക്കുകളിലും ജനപ്രിയമായ മാറ്റങ്ങള്‍ പുതിയ ഭേദഗതിയിലൂടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ സാധാരണക്കാര്‍ക്കായി ഏതാണ്ട് പത്ത് ബില്യണ്‍ യൂറോയുടെ വലിയൊരു ആദായനികുതി ഇളവാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത് പ്രതിവര്‍ഷം രണ്ടര ലക്ഷം യൂറോയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള അതിസമ്പന്നരില്‍ നിന്ന് ഉയര്‍ന്ന നികുതി ഈടാക്കിക്കൊണ്ടായിരിക്കും.

Advertisement

ഉയര്‍ന്ന വരുമാനമുള്ളവര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ പങ്കുവഹിക്കണമെന്ന് ധനമന്ത്രി ലാര്‍സ് കോങ്ബീല്‍ പറഞ്ഞു. തൊഴില്‍ നിയമങ്ങളിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ക്കെതിരെ ജര്‍മ്മനിയിലെ വിവിധ ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നിട്ടുണ്ട്. ടെലിഫോണ്‍ വഴിയുള്ള അവധി നിര്‍ത്തലാക്കുന്നതിലൂടെ അസുഖ ബാധിതരായ ജീവനക്കാര്‍ ഡോക്ടര്‍മാരുടെ ക്ലിനിക്കുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യമാകും ഉണ്ടാവുക എന്ന് യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു.

കൂടാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ മേല്‍ കമ്പനികള്‍ അനാവശ്യ സമ്മര്‍ദ്ദം ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും തൊഴിലാളി സംഘടനകള്‍ അവകാശപ്പെടുന്നുണ്ട്. ജര്‍മ്മനിയിലെ പ്രാദേശിക വ്യാവസായിക മേഖലയിലെ മാന്ദ്യമാണ് ധൃതിപിടിച്ചുള്ള ഇത്തരം നടപടികള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

നിക്ഷേപം കുറയുന്നത് തടയാനും ഉല്പാദന ഗുണനിലവാരം മെച്ചപ്പെടുത്താനും കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന വ്യവസായികളുടെ ശക്തമായ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലിലുണ്ട്. സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതിയും സാധാരണക്കാര്‍ക്ക് വലിയ നികുതിയിളവുകളും ഒരേസമയം പ്രഖ്യാപിച്ചുകൊണ്ട് ജനരോഷം തണുപ്പിക്കാനും ഈ സാമ്പത്തിക പാക്കേജിലൂടെ
ഉദ്ദേശിക്കുന്നുണ്ട്.