പാകിസ്ഥാനില്‍ തീവ്രവാദത്തിനെതിരായ സമാധാന റാലിക്കിടെ ചാവേര്‍ ബോംബാക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ ബോംബാക്രമണം. കബാല്‍ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് പൊലീസുകാരടക്കം 13 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് മലകണ്ട് റീജിയണല്‍ പൊലീസ് ഓഫീസര്‍ അറിയിച്ചു.

സമാധാനം ആവശ്യപ്പെട്ടും തീവ്രവാദത്തെ അപലപിച്ചും പ്രതിഷേധക്കാര്‍ ഒത്തുകൂടിയ സ്വാത് ജില്ലയിലെ കബാല്‍ പട്ടണത്തിലൂടെ 'സ്വാത് സമാധാന റാലി' കടന്നുപോകുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തവര്‍ പൊലീസ് സ്റ്റേഷന് സമീപം നീങ്ങുമ്പോഴാണ് ആക്രമണം നടന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെങ്കിലും ഉള്‍പ്പെടുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഉമര്‍ ഖാന്‍ പറഞ്ഞു. ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അതേസമയം പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും പ്രദേശം വളഞ്ഞിരിക്കുകയാണ്.

സമീപകാലത്തായി സുരക്ഷാ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്ന മേഖലയില്‍ സമാധാനം ആവശ്യപ്പെട്ടുകൊണ്ട് പ്രാദേശിക ഗോത്രവര്‍ഗ കൗണ്‍സിലായ 'സ്വാത് അമന്‍ ജിര്‍ഗ'യാണ് സമാധാന റാലി സംഘടിപ്പിച്ചത്. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് നടന്ന റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം ബോംബാക്രമണത്തെ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, സംശയം 'തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍' എന്ന സംഘടനയ്ക്ക് നേരെ തിരിയാന്‍ സാധ്യതയുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി സഖ്യമുണ്ടെങ്കിലും, അവരില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഘടനയാണ് തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍, തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന് പാകിസ്ഥാന്‍ അധികൃതര്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. എന്നാല്‍ കാബൂള്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

2007-ല്‍ പാകിസ്ഥാന്‍ സൈന്യം സൈനിക നടപടിയിലൂടെ തീവ്രവാദികളെ തുരത്തി സര്‍ക്കാര്‍ നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിന് മുന്‍പ്, ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ കര്‍ശനമായ വ്യാഖ്യാനം അടിച്ചേല്‍പ്പിച്ചിരുന്ന തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്നു സ്വാത് താഴ്വര. സമീപകാലത്തായി പാകിസ്ഥാനില്‍, പ്രത്യേകിച്ച് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍, തീവ്രവാദി ആക്രമണങ്ങളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇവിടെ പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ബോംബാക്രമണങ്ങള്‍ക്കും സായുധ ആക്രമണങ്ങള്‍ക്കും കൂടുതലായി ഇരയാകുന്നു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യയില്‍, തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായ സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുകയാണ്.