ഇങ്ങനെയൊന്ന് കണ്ടിട്ടില്ല യുഎസ് പൈലറ്റിനെ ഞെട്ടിച്ച പറക്കും തളിക; അന്യഗ്രഹ ജീവികൾ ഭൂമിയിൽ?


ഭൂമിയിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരു ഗ്രഹത്തിൽ ജീവനുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പല കാലങ്ങളിൽ അന്യഗ്രഹ ജീവികളുടെ പേടകം കണ്ടു എന്ന തരത്തിൽ വാർത്തകൾ വരാറുണ്ട്. എന്നാൽ പലതിനും വ്യക്തമായി തെളിവുകൾ ഉണ്ടാവില്ല. എന്നാൽ അന്യഗ്രഹ ജീവി വാദങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന തരത്തിൽ, ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ അതീവ രഹസ്യ സ്വഭാവമുള്ള യുഎഫ്ഒ (Unidentified Flying Objects) ഫയലുകൾ വീണ്ടും പരസ്യപ്പെടുത്തി.

Advertisement

നാസ, സിഐഎ, എഫ്ബിഐ, എനർജി ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പക്കലുണ്ടായിരുന്ന 40 ഓളം നിർണ്ണായക രേഖകളാണ് ഇപ്പോൾ ഡിക്ലാസിഫൈ ചെയ്ത് ജനങ്ങൾക്കായി തുറന്നു കൊടുത്തിരിക്കുന്നത്. അന്യഗ്രഹ ജീവികളെക്കുറിച്ചും പറക്കും തളികകളെക്കുറിച്ചും ഉള്ള അന്വേഷണങ്ങളിൽ വലിയൊരു വഴിത്തിരിവാണ് ഈ പുതിയ വെളിപ്പെടുത്തൽ. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ദൃശ്യങ്ങളും യുഎസ് സൈനികരുടെ സാക്ഷ്യപ്പെടുത്തലുകളും ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിക്കുന്നതാണ്.

Advertisement

വില കുറഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി പോളണ്ട്... ചൈനയും ഇന്ത്യയും വരെ പിന്നില്‍!

പുറത്തുവിട്ട രേഖകളിൽ 14 ഡോക്യുമെന്റുകൾ, 19 വീഡിയോകൾ, 4 ഓഡിയോ ഫയലുകൾ, 3 ചിത്രങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ വർഷം ആദ്യം പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായാണ് പെന്റഗൺ ഈ വിവരങ്ങൾ തങ്ങളുടെ ഔദ്യോഗിക യുഎഫ്ഒ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. പസഫിക് സമുദ്രം, അറ്റ്ലാന്റിക് സമുദ്രം, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വെച്ച് യുഎസ് മിലിട്ടറി ക്യാമറകളിൽ പതിഞ്ഞ ഇൻഫ്രാറെഡ് ദൃശ്യങ്ങളാണ് ഈ ഫയലുകളിൽ ഭൂരിഭാഗവും.

ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 28 വർഷത്തെ ദീർഘമായ പ്രവൃത്തിപരിചയമുള്ള ഒരു യുഎസ് മിലിട്ടറി പൈലറ്റിന്റെ ഔദ്യോഗിക മൊഴിയാണ്. 2019-ൽ യുഎസിന്റെ കിഴക്കൻ മേഖലയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടയിലാണ് പൈലറ്റും മറ്റ് നാല് ഉദ്യോഗസ്ഥരും ഈ വിചിത്രമായ പ്രതിഭാസം നേരിട്ട് കാണുന്നത്. തന്റെ സർവീസിനിടയിൽ ഇന്നേവരെ കാണാത്ത തരം പ്രത്യേകതകളുള്ള ഒരു വസ്തു വിമാനത്തിന് താഴെയായി അതിവേഗത്തിൽ നേർരേഖയിൽ സഞ്ചരിക്കുന്നത് കണ്ടുവെന്ന് പൈലറ്റ് വ്യക്തമാക്കുന്നു. വെറും 10-15 സെക്കൻഡ് മാത്രമാണ് ഇതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ സാധിച്ചത്. ക്യാമറ സൂം ചെയ്ത് ഇതിന്റെ കൂടുതൽ വ്യക്തതയുള്ള ദൃശ്യം എടുക്കാൻ ശ്രമിച്ചപ്പോഴേക്കും, വിശ്വസിക്കാൻ കഴിയാത്ത വേഗതയോടെ ആ വസ്തു ക്യാമറയുടെ പരിധിയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അതൊരു ചതുരാകൃതിയിലുള്ള വസ്തുവാണെന്ന് മനസ്സിലായെങ്കിലും അത് എന്താണെന്ന് വിശദീകരിക്കാൻ പരിചയസമ്പന്നരായ ഉദ്യോഗസ്ഥർക്ക് ആർക്കും സാധിച്ചിട്ടില്ല.

തയ്യാറായി 1000 മിസൈലുകൾ; എന്നെ തൊട്ടാൽ ഇറാൻ ചാമ്പലാകുമെന്ന് ട്രംപിന്റെ ഭീഷണി

മറ്റൊരു ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ടെക്സാസിലെ പാന്റക്സ് ആണവായുധ നിർമ്മാണശാലയ്ക്ക് മുകളിൽ നിന്നുമാണ്. 2015 സെപ്റ്റംബറിൽ അതീവ സുരക്ഷാ മേഖലയായ ഈ ആണവ നിലയത്തിന്റെ ആകാശപരിധിയിലേക്ക് ഒരു അജ്ഞാത വസ്തു അതിക്രമിച്ചു കയറി. യാതൊരുവിധ ശബ്ദവുമില്ലാതെ, ഇന്ധനം കത്തുന്ന പുകയോ മറ്റ് പ്രൊപ്പൽഷൻ സംവിധാനങ്ങളോ ഇല്ലാതെയാണ് ആ വസ്തു പറന്നിരുന്നത്. ഇതേത്തുടർന്ന് ആണവനിലയം പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്യുകയും സെക്യൂരിറ്റി ഗാർഡുകൾ ദൂരദർശിനികൾ ഉപയോഗിച്ച് അതിനെ പിന്തുടരുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല.

ഇതിനു പുറമെ ഏറ്റവും പുതിയതായി 2025-ൽ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ചൈനാ കടലിലും മഞ്ഞക്കടലിലും വെച്ച് യുഎസ് സൈനിക സെൻസറുകൾ കണ്ടെത്തിയ ദൃശ്യങ്ങളും ഇതിലുണ്ട്. ആറ് കോണുകളുള്ള ഒരു നക്ഷത്രത്തിന്റെ ആകൃതിയിലുള്ള വിചിത്ര വസ്തുവാണ് ഇവിടെ സൈന്യത്തിന്റെ നിരീക്ഷണത്തിൽ പെട്ടത്. 2023-ൽ മഞ്ഞക്കടലിന് മുകളിൽ വെച്ച് ദൃശ്യമായ മറ്റൊരു വസ്തു യുഎസ് സൈന്യത്തിന്റെ അത്യാധുനിക ഇലക്ട്രോ-ഓപ്റ്റിക്കൽ, ഇൻഫ്രാറെഡ് സെൻസറുകളുടെ പ്രവർത്തനത്തെപ്പോലും തകരാറിലാക്കിയതായും ഈ ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെന്റഗൺ പുറത്തുവിട്ട ഈ ഫയലുകൾ അന്യഗ്രഹ ജീവികളുടെ സാന്നിധ്യം വെറുമൊരു കഥയല്ല എന്ന സൂചനയിലേക്കാണോ വിരൽചൂണ്ടുന്നത്, കാത്തിരുന്നു കാണാം.