അറസ്റ്റിന് സാധ്യത; മുന്‍കൂര്‍ ജാമ്യം വേണം, നടന്‍ ടിനി ടോം കോടതിയില്‍, അടുത്ത നീക്കം ഇങ്ങനെ

കൊച്ചി: നടന്‍ ടിനി ടോം അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ജാമ്യത്തിന് ശ്രമിക്കുന്നു. എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചു. നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയിലാണ് ടിനി ജാമ്യത്തിന് ശ്രമിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ടിനിക്കെതിരെ കടവന്ത്ര പോലീസ് കേസെടുത്തിട്ടുള്ളത്.

Advertisement

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ പെരുമാറി, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങി ആറ് വകുപ്പുകള്‍ പ്രകാരമാണ് ടിനി ടോമിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് പോലീസ് നടപടി സ്വീകരിച്ചില്ല എന്നതും എടുത്തു പറയേണ്ടതാണ്. കേസെടുത്തതില്‍ കവിഞ്ഞ് തുടര്‍ നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടില്ല.

Advertisement

ടിനി ടോമിനെതിരെ നേരത്തെ അന്‍സിബ പോലീസില്‍ പരാതി നല്‍കിയിരുന്നു. തമാശ രൂപേണയാണ് ടിനി ടോം മോശമായി പെരുമാറിയത് എന്നായിരുന്നു പോലീസിന്റെ ആദ്യ വിലയിരുത്തല്‍. കേസെടുക്കാന്‍ മാത്രമുള്ള കാര്യമില്ല എന്ന നിലപാട് പോലീസ് സ്വീകരിച്ചു. തുടര്‍ന്ന് അന്‍സിബ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഉള്‍പ്പെടെ ബന്ധപ്പെട്ടെങ്കിലും തുടര്‍ നടപടികള്‍ ശക്തമായിരുന്നില്ല. ശേഷം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കടവന്ത്ര പോലീസ് കേസെടുത്തത്.

ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് മൂന്ന് ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ പോലീസ് അറസ്റ്റിന് തയ്യാറായിട്ടില്ല. ടിനി ടോം കൊച്ചിയിലെ പല പരിപാടികളിലും പങ്കെടുക്കുന്ന വ്യക്തിയാണ്. ഇനിയും നടപടി വൈകുന്നത് പോലീസിന് തിരിച്ചടിയായേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യം തേടിയത്.

Advertisement

കോടതി പോലീസിനോട് പ്രതികരണം തേടിയിരിക്കുകയാണ്. പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം അടിസ്ഥാനമാക്കിയാണ് കോടതി തീരുമാനം എടുക്കുക. സാധാരണ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുകയാണ് പോലീസ് ചെയ്യാറുള്ളത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട ഈ കേസില്‍ പോലീസ് എന്തു നിലപാട് സ്വീകരിക്കുന്നു, കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതെല്ലാം വലിയ ചര്‍ച്ചയാകും.

അന്‍സിബ പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ മടിച്ച പോലീസ് കോടതി ഇടപെടലിനെ തുടര്‍ന്ന് കേസെടുത്തെങ്കിലും ആദ്യ നിലപാടില്‍ മാറ്റം വരുത്തുമോ എന്ന സംശയം സ്വാഭാവികമാണ്. അന്വേഷണ സംഘത്തെ മാറ്റണമെന്ന് അന്‍സിബ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നീതി ലഭിക്കുന്നതിന് ഏതറ്റംവരെയും പോകുമെന്ന നിലപാടിലാണ് അന്‍സിബ ഹസന്‍. ഇവര്‍ക്ക് പുറമെ മറ്റു ചില നടിമാരോടും ടിനി ടോം മോശമായി പെരുമാറി എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.