അഹാന സമരക്കാര്‍ക്കൊപ്പം; കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധം, ഉത്തരവാദികളെ വെറുതെവിടരുത്

ഡല്‍ഹിയിലെ സിജെപി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ പ്രതിഷേധം നടന്നു. രാജ്യത്തിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്. ഒട്ടേറെ സെലിബ്രിറ്റികള്‍ സമരക്കാരെ പിന്തുണച്ചു രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന നിലപാടാണ് എല്ലാവരും പങ്കുവെക്കുന്നത്.

Advertisement

അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് മകള്‍ അഹാന കൃഷ്ണ. നീതിയുക്തമായ ഒരു സംവിധാനം കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട് എന്ന് അഹാന അഭിപ്രായപ്പെട്ടു. 'കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍... പിന്നെയാ ഡല്‍ഹി' എന്നായിരുന്നു കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി ബിജെപി നേതാക്കള്‍ ഈ രീതിയില്‍ പ്രതികരിച്ചിരുന്നു.

Advertisement

വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി അഹാന പ്രതികരിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഒരു കുട്ടിയുടെ പ്രതീക്ഷ തകരുന്നത് തികച്ചും വേദനിപ്പിക്കുന്നതാണെന്ന് അഹാന പറയുന്നു. വര്‍ഷങ്ങളുടെ തയ്യാറെടുപ്പാണ് ഒരു പരീക്ഷയ്ക്ക് എന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

കഠിനാധ്വാനം എവിടെയെങ്കിലും എത്തിക്കുമെന്ന വിശ്വാസത്തിലാണ് കുട്ടികള്‍ ഒരുങ്ങുന്നത്. വര്‍ഷങ്ങളുടെ ശ്രമഫലമായി തയ്യാറെടുത്ത്, തലേദിവസം പരീക്ഷ റദ്ദാക്കി എന്നറിയുമ്പോള്‍ തളര്‍ന്നുപോകുന്ന സുഹൃത്തുക്കളെ അടുത്തറിഞ്ഞിട്ടുണ്ട്. നീതിയെ കുറിച്ചുള്ള സങ്കല്‍പ്പം തന്നെ തകര്‍ക്കുന്നതാണ് അത് എന്നും കണ്ടിട്ടുണ്ട്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയെ പോലെ അല്ല പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ന്ന കുട്ടിയുടെ അവസ്ഥ...

Advertisement

ഇത്തരം കുട്ടികള്‍ക്ക് അവരുടെ ജീവിതം മാറ്റിമറിക്കാന്‍ കഴിയുന്നത് വിദ്യാഭ്യാസത്തിലൂടെയാണ് എന്ന് അവര്‍ കരുതുന്നു. ആ വിശ്വാസം തകരുമ്പോള്‍ ഒരു പരീക്ഷ മാത്രമല്ല നഷ്ടമാകുന്നത്, കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ്. ഇതിന് ഉത്തരവാദികളായവരെ വെറുതെ വിടരുത്. നീതിയുള്ള ഒരു സംവിധാനം കുട്ടികള്‍ അര്‍ഹിക്കുന്നു. ഒരു കുട്ടിയും ഇത്തരം ഭാരം വഹിക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്നു എന്നും അഹാന കുറിച്ചു.

അഹാനയുടെ പ്രതികരണം അതിവേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധമാണ് എന്നതാണ് മിക്കവരും എടുത്തു കാട്ടിയത്. താങ്കളുടെ ഡാഡിയെ ഇതൊക്കെ ഒന്ന് പറഞ്ഞു മനസിലാക്കൂ എന്നാണ് ചിലരുടെ കമന്റുകള്‍. നിരവധി മലയാള സിനിമാ താരങ്ങളും ഗായകരും ആക്ടിവിസ്റ്റുകളും ഡല്‍ഹി സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.