തന്നെ സാബു ജേക്കബ് പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. കൊട്ടാരക്കര സീറ്റെന്ന ലക്ഷ്യവുമായി ട്വൻ്റി 20യിൽ ചേർന്ന തനിക്ക് സീറ്റ് തരാൻ കൂട്ടാക്കിയില്ല. ജയ സാധ്യതയോ അല്ലെങ്കിൽ മികച്ച മുന്നേറ്റമൊ ഉണ്ടാക്കുന്ന ഒരു സീറ്റിൽ അഖിൽ മാരാർ മത്സരിക്കരുത് എന്ന് ബിജെപിയിലെ 'സ്‌കൂട്ടർ തട്ടിപ്പ്' നേതാവും തീരുമാനിച്ചിരുന്നുവെന്ന് അഖിൽ ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് അഖിലിൻ്റെ പ്രതികരണം. സാബു ജേക്കബുമായുള്ള ചാറ്റുകളും താരം പങ്കുവെച്ചു.
' ഈ ചാറ്റുകൾ എനിക്ക് നേരിട്ട ചതികളുടെ സത്യം പറയും...ഇതെല്ലാം തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ സംസാരിച്ച കാര്യങ്ങൾ ആണ്. പറ്റിയ തെറ്റ് തിരുത്തണം എന്ന ചിന്തയാണ് ഈ പോസ്റ്റിനു പിന്നിൽ. കൊട്ടാരക്കരയിൽ സ്വതന്ത്രൻ ആയി മത്സരിക്കണം എന്ന ചിന്തയാണ് 20/20 യിലേക്ക് എന്നെ അടുപ്പിച്ചത്. കൊട്ടാരക്കരയിലെ ബിജെപി വോട്ടുകൾക്ക് പുറമെ എന്റെ വ്യക്തിബന്ധത്തിൽ നേടി എടുക്കാൻ കഴിയുന്ന വോട്ടുകൾ കൂടി വരുമ്പോൾ മത്സരം ത്രികൊണമായി മാറും.. ആ സാധ്യത മാത്രമാണ് ഞാൻ മുന്നിൽ കണ്ടത്.. എന്നാൽ സീറ്റ് നൽകാതെ അവർ എന്നെ ചതിച്ചു.
പിന്നീട് തൃപ്പൂണിത്തുറ സീറ്റ് 20/20 യ്ക്ക് നൽകി ബിജെപി എന്നോട് മാന്യത കാണിച്ചു. എന്നാൽ അവിടെയും സാബു ജേക്കബ് എന്നെ ചതിച്ചു.. ജയ സാധ്യതയോ അല്ലെങ്കിൽ മികച്ച മുന്നേറ്റമൊ ഉണ്ടാക്കുന്ന ഒരു സീറ്റിൽ അഖിൽ മാരാർ മത്സരിക്കരുത് എന്ന് ബിജെപിയിലെ സ്‌കൂട്ടർ തട്ടിപ്പ് നേതാവും തീരുമാനിച്ചിരുന്നു. യാതൊരു രാഷ്ട്രീയ ബോധവുമില്ലാത്ത കുറെ പേരെ സീറ്റ് നൽകി NDA യ്ക്ക് മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കി.. തൃക്കാക്കരയിൽ 15000 വോട്ട് ഡോക്ടർ ടെറി എന്ന സ്ഥനാർത്ഥിക്ക് ലഭിച്ചത് നിക്പക്ഷരുടെ വോട്ടും സഭയിൽ ഉള്ള അദ്ദേഹത്തിന്റെ ബന്ധവും വർഷങ്ങളായി തൃക്കാക്കരയിൽ പ്രാക്ടീസ് ചെയ്യുന്ന വ്യക്തിയും ആയത് കൊണ്ടാണ്. അല്ലാതെ തികച്ചു 10 പേര് പോലും ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ ഇല്ലായിരുന്നു.. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേ ഒരു എൻഡിഎ സ്ഥാനാർഥി ഞാൻ ആയിരുന്നു.. ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു മണ്ഡലത്തിൽ സോഷ്യൽ മീഡിയ വഴി ഞാൻ ഉണ്ടാക്കിയ ഓളം മാത്രമേ ഉണ്ടായിരുന്നുള്ളു. കുറച്ചു ബിജെപി പ്രവർത്തകർ മാത്രം ആത്മാർത്ഥമായി എനിക്ക് വേണ്ടി വർക് ചെയ്തു.. 20/20 യുടെ രണ്ട് പേരാണ് മുഴുവൻ സമയം വർക് ചെയ്യാൻ ഉണ്ടായിരുന്നത്. ഇതിനെല്ലാം പുറമെ കോടികൾ ലഭിച്ചെന്ന ആക്ഷേപവും കേൾക്കേണ്ടി വരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പല പ്രാവശ്യം ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല.. മെസ്സേജ് അയച്ചിട്ട് മറുപടി ഇല്ല.. ഒരു രാഷ്ട്രീയ പ്രവർത്തനവും അവർക്കില്ല..
35%ക്രിസ്ത്യൻ വോട്ടുകൾ ഉള്ള തൃക്കാക്കരയിൽ ഉമ്മൻ ചാണ്ടി സാറിന്റെ മരുമകനെ നിർത്തിയാൽ കൂടുതൽ നേട്ടം ഉണ്ടാക്കാം എന്നിരിക്കെ ബിജെപിക്ക് സ്വാധീനം ഉള്ള കൊടുങ്ങല്ലൂർ ഇവർ വാങ്ങി എടുത്തു.
ഇഷ്ട്ടപെട്ടവരുടെ ഇടയിൽ നിന്നും രാഷ്ട്രീയം മൂലം ലഭിക്കുന്ന വെറുപ്പും സമൂഹത്തിൽ പല ഇടങ്ങളിൽ നിന്നും എൻഡിഎയുടെ ഭാഗമായതിന്റെ പേരിൽ ഒഴിവാക്കപ്പെടുന്നതുമൊക്കെ അറിയിച്ചിട്ടും സാബു ജേക്കബിന് ഒരു മറുപടിയും ഇല്ല.. 40 കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ട് ആയി സാബു ജേക്കബിനു നൽകിയതായി ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ വഴി അറിഞ്ഞു.. ഇതിന്റെ പഴി ഞാൻ കേൾക്കേണോ'