സാബു എം ജേക്കബ് പുറത്തുവിട്ട ഓഡിയോയിൽ വിശദീകരണവുമായി അഖിൽ മാരാർ. ട്വന്റി ട്വന്റി പാർട്ടിയില്‍ ചേരുമ്പോൾ സാമ്പത്തിക ഭദ്രതയോ കേന്ദ്ര ബോർഡുകളിൽ പദവിയോ ഉറപ്പാക്കണമെന്നാണ് അഖിൽ ഓഡിയോയിൽ പറയുന്നത്. എന്നാൽ പാർട്ടിക്ക് വേണ്ടിയാണ് താൻ അക്കാര്യം ആവശ്യപ്പെട്ടതെന്നും അല്ലാതെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും അഖിൽ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
'സാബു ജേക്കബ് പുറത്തുവിട്ട ഓഡിയയിൽ ഞാൻ പറയുന്നത് നമ്മൾ എന്നാണ്. നമ്മൾ എന്ന് പറഞ്ഞ് ആവശ്യപ്പെടുന്നത് എനിക്ക് വേണ്ടിയാണ് എന്നുള്ളത് എങ്ങനെയാണ് ഇവര് മനസ്സിലാക്കുന്നത്. നമ്മൾക്ക് സർവൈവ് ചെയ്തു പോകണമെങ്കിൽ എന്തെങ്കിലും ബോർഡോ കോർപ്പറേഷനോ വേണം എന്നത് ഞാൻ ട്വൻ്റി 20 യുടെ വൈസ് പ്രസിഡൻ്റിനോട് പറഞ്ഞതാണ്. അത് എനിക്ക് വേണ്ടിയിട്ടല്ല.
പിന്നെ രണ്ടാമത്തെ കാര്യം കൊല്ലം ജില്ലയിൽ 10 പേർ പോലും തികച്ച് തിരഞ്ഞെടുക്കാനില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ആക്കണമെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞാൽ അതിലും വലിയ ഗതികേടൊന്നും എന്നെപ്പോലെ ആൾക്ക് വേറെ ഇല്ല . ഞാൻ ഇത് പറയുമ്പോൾ എന്റെ ആഗ്രഹം എന്റെ നാട്ടിൽ പോയി അവിടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം എന്നതുകൊണ്ടാണ്. അങ്ങനെ നമ്മൾ രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ നമ്മൾക്ക് മറ്റ് ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്നും ചില ആൾക്കാരെ നമ്മുടെ കൂടെ കൂട്ടണം. ഇതിനൊക്കെ നമുക്ക് പൈസ വേണം. ഇതൊന്നും എനിക്ക് വ്യക്തിപരമായിട്ട് വേണമെന്ന അർത്ഥത്തിൽ അല്ല ഞാൻ പറഞ്ഞത്. ഈ ബോർഡോ കോർപ്പറേഷനോ ആഗ്രഹിച്ച ഒരാളായിരുന്നു ഞാനെങ്കിൽ ഒരൊറ്റ കാര്യം മാത്രം എനിക്ക് ചെയ്താൽ മതിയായിരുന്നു, എന്നോട് കോൺഗ്രസ് നേതാക്കന്മാർ സംസാരിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയില്ല എന്നുണ്ടെന്നുണ്ടെങ്കിൽ മറ്റെന്തെങ്കിലും രീതിയിലുള്ള ഒരു പ്ലേസ്മെന്റ് പാർട്ടി ചെയ്തു തരില്ലേയെന്നാണ്. ശരിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ 100% എനിക്ക് അവര് മറ്റെവിടെയെങ്കിലും പ്ലേസ്മെന്റ് ചെയ്തു തരും .ഫെബ്രുവരി പതിനൊന്നാം തീയതി ഞാൻ സാബു ജേക്കബിന് അയച്ച മെസ്സേജ് പോലും അപ്രകാരമായിരുന്നു. കൊട്ടാരക്കര ആണെങ്കിൽ മാത്രം ഞാൻ മത്സരിക്കാം എന്നാണ് ഞാൻ പറഞ്ഞത്. സാബു ജേക്കബ് എന്നോട് ചെയ്ത ഒരു നീതികേട് എന്ന് പറയുന്നത് ഇദ്ദേഹത്തിന്റെ ഓഫീസിലേക്ക് എന്നെ വിളിച്ചുവരുത്തിയിട്ട് കേരളത്തിലെ എല്ലാ പത്രമാധ്യമങ്ങളെയും വിളിച്ചുവരുത്തി ഇദ്ദേഹം അനൗൺസ് ചെയ്തു ഞാൻ എൻഡിഎയുടെ ഭാഗമായി ഞാൻ 2020ൽ ചേർന്നു എന്നുള്ളത്. അത് എനിക്ക് വലിയ രീതിയിൽ ഒരു നെഗറ്റീവ് ഇമേജ് പൊതുസമൂഹത്തിനിടയിൽ ഉണ്ടാക്കി. അപ്പോൾ ഞാൻ കരുതി തൃപ്പൂണിത്തുറ സീറ്റ് ചോദിക്കാം, പക്ഷേ ഇവിടെയും സാബു ജേക്കബ് എന്നെ ചതിക്കുകയാണ് ചെയ്തത്.