പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്. പദ്ധതിയിലൂടെ ബിജെപി-കോണ്‍ഗ്രസ് ഡീൽ വ്യക്തമായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ആദ്യമായിട്ടല്ല ഒരു സംസ്ഥാനം ഇങ്ങനെ കരാറുകളിൽ ഏർപ്പെടുന്നത്. ഏറ്റവും വലിയ കേന്ദ്രാവിഷ്കൃത പദ്ധതി ആയിരുന്നു തൊഴിലുറപ്പ് പദ്ധതി. മൂന്ന് വർഷമായി ബംഗാൾ സർക്കാരിന് ഇതിൽ നിന്നും ഫണ്ട് കൊടുത്തിട്ട്. കരാർ ലംഘിച്ചാൽ ഫണ്ട് നൽകാതിരിക്കുക എന്നതു മാത്രമാണ് ആകെ ചെയ്യാനാവുക. അല്ലാതെ ക്രിമിനൽ കുറ്റമൊന്നുമല്ല. മുപ്പത് വെള്ളിക്കാശിനുവേണ്ടി കേരളത്തെ വിൽക്കരുത് എന്നൊക്കെ യുഡിഎഫ് നേതാക്കൾ പ്രസംഗിച്ചു നടന്നതൊക്കെ മറന്നുപോയോ', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
'അഭിപ്രായം ഇരുമ്പ് ഉലക്കയല്ല എന്ന ചൊല്ല് പ്രസിദ്ധമാണ്. അതങ്ങ് പറഞ്ഞാൽ മതിയല്ലോ. ഇങ്ങനെ കിടന്ന് കള്ളം പറയണോ? ഏറ്റവും പരിഹാസ്യമായ മലക്കംമറിച്ചിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റേതാണെന്ന് എനിക്ക് തോന്നുന്നു: "അന്ന് പിൻമാറാം എന്ന വ്യവസ്ഥ ഇല്ലായിരുന്നു. ഇന്നലെയാണ് കേന്ദ്രം പുതിയ നിലപാട് അറിയിച്ചത്". ബഹുമാനപ്പെട്ട മന്ത്രി ഏത് രേഖയിലാണ് വ്യവസ്ഥ അന്വേഷിച്ചത്? ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് താൻ വായിച്ച രേഖ ഒരു കരാർ അല്ല ധാരണാപത്രം മാത്രമാണെന്ന് ഇതുവരെ മനസിലായില്ലായെന്നത് അത്യത്ഭുതകരമാണ്. യുഡിഎഫിലെ ആർക്കും ഇക്കാര്യം ഇതുവരെ തിരിഞ്ഞിരുന്നില്ലപോലും. ധാരണാപത്രത്തിന്റെ അടിസ്ഥാന പ്രത്യേകത അത് legally binding അല്ല എന്നുള്ളതാണ്. ഇരുകക്ഷികളും ഒരു കരാറിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള ആദ്യപടി മാത്രമാണ്. ഈ തിരിച്ചറിവ് ഉണ്ടാകാൻ രാജ്യസഭയിൽ യുഡിഎഫിന്റെ തന്നെ എംപിമാർ ചോദ്യം ചോദിക്കേണ്ടിവന്നു. ഈ പൊട്ടത്തരത്തിന് അവർ എന്തിന് ഒരുമ്പെട്ടുവെന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കരാറിൽ നിന്ന് പിൻവാങ്ങാനാവില്ലെന്ന് സർവ്വമാന യുഡിഎഫ് നേതാക്കളും ഉപസമിതിയും ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞത് ഈ ശുദ്ധാത്മാക്കൾ അത് വിശ്വസിച്ചുപോയെന്നു തോന്നുന്നു. എന്നാൽപിന്നെ കേന്ദ്ര സർക്കാരിന്റെ സാക്ഷ്യം തന്നെ വാങ്ങിച്ചു ഹാജരാക്കിക്കളയാമെന്ന് കരുതിയിട്ടാകണം യുഡിഎഫ് എംപിമാരായ ജെബി മേത്തറും, അബ്ദുൾ വഹാബും ചോദ്യങ്ങൾ ചോദിച്ചത്. കേരളം അവരോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോൾ കാര്യങ്ങൾക്ക് കൃത്യത വന്നല്ലോ. ഇനി കരാർ തന്നെ ആകട്ടെ. എന്തിനുള്ള കരാർ? ഒരു കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കാനുള്ള കരാർ. ആദ്യമായിട്ടല്ല ഒരു സംസ്ഥാനം ഇങ്ങനെ കരാറുകളിൽ ഏർപ്പെടുന്നത്. ഏറ്റവും വലിയ കേന്ദ്രാവിഷ്കൃത പദ്ധതി ആയിരുന്നു തൊഴിലുറപ്പ് പദ്ധതി. മൂന്ന് വർഷമായി ബംഗാൾ സർക്കാരിന് ഇതിൽ നിന്നും ഫണ്ട് കൊടുത്തിട്ട്. കരാർ ലംഘിച്ചാൽ ഫണ്ട് നൽകാതിരിക്കുക എന്നതു മാത്രമാണ് ആകെ ചെയ്യാനാവുക. അല്ലാതെ ക്രിമിനൽ കുറ്റമൊന്നുമല്ല. മുപ്പത് വെള്ളിക്കാശിനുവേണ്ടി കേരളത്തെ വിൽക്കരുത് എന്നൊക്കെ യുഡിഎഫ് നേതാക്കൾ പ്രസംഗിച്ചു നടന്നതൊക്കെ മറന്നുപോയോ? ബിജെപിയുമായുള്ള യുഡിഎഫിന്റെ ഡീൽ പിഎം ശ്രീയുടെ കാര്യത്തിൽ മാത്രമല്ല, സർവ്വമേഖലയിലും കാണാം. യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ വിമർശനമുണ്ടോ? ഉന്നതവിദ്യാഭ്യാസ മേഖലയിലെ സംഘികളെ കുത്തിത്തിരുകിയിട്ട് യുഡിഎഫിന് എന്തെങ്കിലും പ്രതിഷേധമുണ്ടോ? കേന്ദ്ര സർക്കാരിന്റെ പുതിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംബന്ധിച്ച നിയമത്തെക്കുറിച്ച് യുഡിഎഫിന് എന്തെങ്കിലും വിമർശനമുണ്ടോ? കാർഷിക സർവകലാശാലയിൽ ചട്ടം ലംഘിച്ച് വൈസ് ചാൻസലറെ നിശ്ചയിച്ചിട്ടും എന്തെങ്കിലും പ്രതികരിച്ചോ? നിയമസഭ ഏകകണ്ഠമായി പാസാക്കിയ വഖഫ് പ്രമേയത്തിനു വിരുദ്ധമായി ബിജെപിയുടെ വഖഫ് ബോർഡ് നിയമത്തെ പിന്താങ്ങുന്നതിന് എന്തെങ്കിലും മനസ്സാക്ഷിക്കുത്ത് യുഡിഎഫിന് ഉണ്ടായോ? ഗവർണ്ണർ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടും അങ്ങനെ പാടില്ലായെന്ന് ഏതെങ്കിലും യുഡിഎഫ് നേതാക്കൾ പറഞ്ഞോ? തിരുവനന്തപുരം കോർപ്പറേഷനിലെ തങ്ങളുടെ വിജയം ബിജെപി ഇന്ത്യ മുഴുവൻ ആഘോഷിച്ചതാണ്. അവിടെ ഇന്ന് അവരുടെ ഭരണം നിലനിൽക്കുന്നത് കോൺഗ്രസിന്റെ ഒത്താശയോടെയാണ്. "കാപ്പക്കേസിൽ പ്രതിയുടെ അവധി അപേക്ഷ വോട്ടിനിട്ട് വിജയിച്ചാൽ അംഗീകരിക്കാം" എന്ന 2026 ജൂലൈ 20-ലെ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ പ്രത്യേക ഉത്തരവ് അല്ലേ ബിജെപിക്ക് തുണയായത്? പിഎം ശ്രീ മഞ്ഞുകട്ടയുടെ അരികു മാത്രം. യുഡിഎഫ് മന്ത്രിസഭ കേരളത്തെ ബിജെപിക്ക് അടിയറവയ്ക്കുകയാണ്. റോജി എം ജോണും കോൺഗ്രസുകാരും ഇതൊക്കെ ചെയ്യുന്നതിൽ അത്ഭുതമില്ല. എങ്കിലും ലീഗുകാരനായ ഷംസുദീനും ന്യായീകരണവുമായിട്ട് ഇറങ്ങുന്നത് വിസ്മയം തന്നെ'