അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; നിർമ്മാണത്തിന് പുതുജീവൻ, പിയർക്യാപ് കോൺക്രീറ്റ് കഴിഞ്ഞു, ഇനിയെന്ത്?

കൊച്ചി: അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പദ്ധതിയിലെ പ്രധാന തടസങ്ങളിലൊന്നായിരുന്ന അരൂർ ശ്രീനാരായണപുരം ജംഗ്ഷന് സമീപത്തെ നിർമ്മാണം മുടങ്ങിക്കിടന്ന തൂണിന്റെ പിയർ ക്യാപ് കോൺക്രീറ്റിംഗ് വിജയകരമായി പൂർത്തിയായി. 110 കെവി വൈദ്യുതി ടവറിന്റെ ഉയരം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ് ഈ ഭാഗത്തെ പ്രവൃത്തികൾ ഏറെക്കാലം തടസ്സപ്പെടാൻ കാരണം. തടസങ്ങൾ നീങ്ങിയതോടെയാണ് വീണ്ടും നിർമ്മാണം വേഗത്തിലായത്.

Advertisement

കോൺക്രീറ്റിന് ആവശ്യമായ ബലം കൈവരിച്ച ശേഷം മൂന്ന് തൂണുകളെ ബന്ധിപ്പിക്കുന്ന രീതിയിൽ ആകെ 14 കോൺക്രീറ്റ് ഗർഡറുകൾ ഈ ഭാഗത്ത് സ്ഥാപിക്കും. നിർമ്മാണ കമ്പനി ഈ മാസം അവസാനത്തോടെ ഗർഡർ സ്ഥാപിക്കൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുശേഷം ഡെക്ക് സ്ലാബ് കോൺക്രീറ്റിംഗ്, റോഡ് ഉപരിതല നിർമ്മാണം, സുരക്ഷാ ബാരിയറുകൾ, ലൈറ്റിംഗ്, മറ്റ് അനുബന്ധ ജോലികൾ എന്നിവ തുടരും.

Advertisement

ഇതിനൊപ്പം അരൂർ ബൈപാസ് ജംഗ്ഷനിൽ നിന്ന് സംസ്ഥാന പാതയിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഏകദേശം 300 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ഈ ഭാഗത്ത് ജിയോ ഗ്രിഡ് സാങ്കേതികവിദ്യയും ആർസി പാനലുകളും ഉപയോഗിച്ചാണ് മണ്ണ് നിറച്ച് ഉയരം ക്രമീകരിക്കുന്നത്. കൂടാതെ കുത്തിയതോട്, ചന്തിരൂർ, തുറവൂർ ജംഗ്ഷൻ എന്നിവിടങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിർമാണവും വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

12.75 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഉയരപ്പാതകളിലൊന്നാകും. ഏകദേശം 1668.5 കോടി ചെലവിൽ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായാണ് ഈ ആറ് വരിപ്പാത നിർമ്മിക്കുന്നത്. നിലവിലെ ദേശീയപാതയുടെ മധ്യഭാഗത്ത് സിംഗിൾ പിയർ സംവിധാനത്തിലാണ് ഉയരപ്പാത ഉയരുന്നത്.

Advertisement

പദ്ധതി പൂർത്തിയാകുന്നതോടെ അരൂർ-തുറവൂർ മേഖലയിലെ പതിവ് ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. കൊച്ചി-ആലപ്പുഴ ദേശീയപാതയിലെ യാത്രാസമയം കുറയുന്നതിനൊപ്പം ചരക്ക് വാഹനങ്ങൾക്കും ദീർഘദൂര യാത്രക്കാർക്കും വലിയ ആശ്വാസമാകും. നിർമ്മാണം വേഗത്തിലാക്കാൻ വിവിധ ഭാഗങ്ങളിൽ ഒരേസമയം പിയർ, പിയർ ക്യാപ്, ഗർഡർ, അപ്രോച്ച് റോഡ്, സർവീസ് റോഡ്, ഡ്രെയിനേജ് എന്നിവയുടെ ജോലികൾ പുരോഗമിക്കുകയാണെന്നും, ഈ വർഷാവസാനത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് കരാർ കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.

ഈവർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നതെങ്കിലും നാട്ടുകാരും യാത്രക്കാരും അത് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കാരണം പദ്ധതി ഏറ്റെടുത്തപ്പോൾ കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ തീർക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ പാത തുറന്നുകൊടുക്കുമെന്ന് അറിയിച്ചെങ്കിലും അതും നടപ്പായില്ല.

Advertisement

എന്നാൽ നിർമ്മാണ സമയത്തുണ്ടായ പല കാരണങ്ങളാലും, അരൂർ ശ്രീനാരായണ പുരം ജംഗ്‌ഷനിലെ 110 കെവി ടവറുകളുടെ ഉയരം വർധിപ്പിക്കാനുണ്ടായ കാലതാമസം മൂലവും നിർമ്മാണം തടസപ്പെട്ടിരുന്നു. അതിനെല്ലാം അടുത്തിടെയാണ് പരിഹാരമായത്. എത്രയും പെട്ടെന്ന് തന്നെ എലിവേറ്റഡ് ഹൈവേ പണികൾ പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.