കേരളത്തെ കര്‍ണാടകയുമായി ബന്ധിപ്പിച്ച് പാലം വരുന്നു; 5 പദ്ധതികള്‍ക്ക് 2039 കോടി അനുവദിച്ച് കേന്ദ്രം

കേരളത്തിലെ വിവിധ റോഡ്-പാലം നിര്‍മിക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം. അഞ്ച് പദ്ധതികള്‍ക്കായി 2039 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീര്‍ അറിയിച്ചു. ഇതില്‍ ഏറെ ശ്രദ്ധേയമായത് കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ പാലം നിര്‍മിക്കുന്ന പദ്ധതിയാണ്. ഇതിന് 49 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് എന്ന് മന്ത്രി പറഞ്ഞു.

Advertisement

മന്ത്രി പികെ ബഷീര്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെയുള്ള ദേശീയ പാതയ്ക്ക് 66 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരുമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇന്ന്. കോഴിക്കോട് രാമനാട്ടുകരയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വരെയുള്ള എലവേറ്റഡ് ഹൈവേ നിര്‍മാണത്തിന് ഡിപിആര്‍ സമര്‍പ്പിക്കാന്‍ ദേശീയപാത അധികൃതരോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.

Advertisement

വയനാട്ടിലെ പെരിക്കല്ലൂരില്‍ നിന്ന് കര്‍ണാടകയിലെ ബൈരകൂപയിലേക്കാണ് പാലം നിര്‍മിക്കുക. അതിന്റെ ചെലവ് എത്രയെന്ന് പരിശോധിച്ച് കേന്ദ്രത്തെ അറിയിക്കും. കര്‍ണാടകയുമായി വിഷയം സംസാരിക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനിടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ മന്ത്രി പങ്കുവച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. വിഷയം നേരത്തെ പികെ ബഷീര്‍ കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചിരുന്നു.

മന്ത്രി പികെ ബഷീര്‍ ഫേസ്ബുക്കില്‍ അറിയിച്ചത് ഇങ്ങനെ: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ഡല്‍ഹിയില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ചയിലൂടെ സംസ്ഥാനത്തെ ദേശീയപാത വികസനം അടക്കമുള്ള നിരവധി പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. പ്രാഥമികമായി അഞ്ച് പദ്ധതികള്‍ക്ക് 2039 കോടി രൂപ കേന്ദ്രം അനുവദിച്ചു.

Advertisement

1. വയനാട് ജില്ലയിലെ പെരിക്കല്ലൂരില്‍ നിന്നും കര്‍ണാടകയിലുള്ള ബൈരകൂപയിലേക്ക് കബനീ നദിക്ക് കുറുകെ, പാലം നിര്‍മ്മിക്കുന്നതിനുള്ള 49 കോടി രൂപ.
2. ദേശീയ പാത 744 ല്‍ കൊല്ലം - തിരുമംഗലം നിലവിലുള്ള ദേശീയ പാതക്ക് 98.40 കോടി.
3. ദേശീയ പാത - 966ല്‍ രാമനാട്ടുകര മുതല്‍ പാലക്കാട് ചന്ദ്രനഗര്‍ വരെയുള്ള ദേശീയ പാതക്ക് 172 കോടി രൂപ.
4. ദേശീയ പാത - 66ല്‍ തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ ബാലരാമപുരം വരെയുള്ള പഴയ ദേശീയ പാതയ്ക് 66 കോടി രൂപ.
5. കൊല്ലം - തേനി ദേശീയ പാതയില്‍ കടവൂര്‍ മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനായി 1663 കോടി രൂപ.

Advertisement

ഇതിന് പുറമെ, ശബരിമല, മൂന്നാര്‍, വയനാട് എന്നിവിടങ്ങളില്‍ റോപ് വേ നിര്‍മ്മിക്കുന്നതിന് തത്വത്തില്‍ അംഗീകാരം കിട്ടി. ദേശീയ പാത - 185 ല്‍ അടിമാലി -കുമളി ദേശീയ പാതയുടെ വീതി കൂട്ടുന്ന പദ്ധതിക്ക് അനുമതി ഉടനേ ലഭ്യമാകും. കോതമംഗലം, മൂവാറ്റുപുഴ ബൈ പാസുകളുടെ പുതുക്കിയ അലൈന്മെന്റിന്റെ അംഗീകാരം ഉടനെ ലഭിക്കും. കോഴിക്കോട് രാമനാട്ടുകര മുതല്‍ എയര്‍പോര്‍ട്ട് വരെ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഡി.പി.ആര്‍ സമര്‍പ്പിക്കാന്‍ ദേശീയപാത അധികൃതരോട് കേന്ദ്രമന്ത്രി നിര്‍ദേശിച്ചു.