'അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നു':ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ഡോക്ടർമാർക്കെതിരേയും കടുത്ത നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. നിസാര മുറിവുമായി എത്തിയ കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നും ബന്ധുക്കൾ ചോദിച്ചു.

Advertisement

ഇന്നലെ രാത്രിയോടെയാണ് സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ മരിച്ചത്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാൻ വേണ്ടി ജുലൈ അഞ്ചിനാണ് കുഞ്ഞുമായി മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയത്. പരിശോധിച്ച ഡോക്ടർ കുഞ്ഞിന് പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും അനസ്തേഷ്യ നൽകണമെന്നും നിർദേശിച്ചു. എന്നാൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

Advertisement

അനസ്‌തേഷ്യ നല്‍കിയപ്പോള്‍ കുട്ടിക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.അതേസമയം സംഭവത്തിൽ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ മൂന്ന് ഡോക്ടർമാർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

' അനസ്തേഷ്യ കൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയ ഡോക്ടർ ആരാണ്. അനസ്തേഷ്യ കൊടുക്കുമ്പോൾ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്നതൊക്കെ പുറത്തുവരണം . ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിട്ട് ഒതുക്കി തീർത്താൽ നാളെയും ഇത് ആവർത്തിക്കും. നിയനപരമായി എത്രമാത്രം ഇവരോടൊക്കെ പോരാടാൻ സാധിക്കുമെന്ന് അറിയില്ല. എന്നിരുന്നാലും മറ്റൊരു കുട്ടിക്ക് ഈ അവസ്ഥ വരാതിരിക്കാൻ ഈ ലോബിയോട് പോരാടുക തന്നെ ചെയ്യും. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും.

Advertisement

പയ്യന്നൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ .നിതിയുക്തമായ അന്വേഷണം നടക്കും എന്ന് അവർ ഉറപ്പ് പറയുന്നുണ്ട്. ഉന്നതതലത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നുള്ള ബലമായ സംശയമുണ്ട്. ഒരു ഡോക്ടർക്കെതിരെ മാത്രമാണ് എഫ്ഐആർ വന്നിട്ടുള്ളത്. മൂന്നു വയസിന് താഴെയുള്ള ഒരു കുട്ടിക്ക് ഇത്ര ഒരു ചെറിയ ഒരു മുറിവിന് ഒരിക്കലും അനസ്തേഷ്യ ആരും സജസ്റ്റ് ചെയ്യില്ല എന്നാണ് മനസിലാക്കുന്നത്. അതൊക്കെ പരിശോധിക്കപ്പെടണം. അനസ്തേഷ്യ കൊടുത്ത ഒരു ഡോക്ടർക്ക് മാത്രം വന്ന വീഴ്ചയല്ല ഇത്. ആ സിസ്റ്റത്തിന്റെ മൊത്തം പ്രശ്നമാണ്', കുട്ടിയുടെ ബന്ധു ആരോപിച്ചു. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു.