കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണക്കിടെ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖക്കെതിരെ അതിജീവിതയായ നടി നല്‍കിയ ഹര്‍ജി തള്ളി. ദിലീപ് ഉള്‍പ്പെടെ പ്രതിയായിരുന്ന കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ശ്രീലേഖ നടത്തിയ പ്രസ്താവനയാണ് ഹര്‍ജിക്ക് കാരണം. ദിലീപ് നിരപരാധിയാണ് എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
ഒരു യുട്യൂബ് ചാനലിനും സ്വന്തം യുട്യൂബ് ചാനലിലും ശ്രീലേഖ ദിലീപിന് അനുകൂലമായി സംസാരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇത് സ്വാധീനിക്കപ്പെടുമെന്ന വിലയിരുത്തലുണ്ടായി. കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്.
കേസിന്റെ വിചാരണ നടക്കുന്ന ഘട്ടത്തില്‍ പ്രമുഖ പദവി വഹിച്ചിരുന്ന ഒരു വ്യക്തി ഇത്തരത്തില്‍ പ്രതികരിക്കുന്നത് സ്വാധീനിക്കപ്പെടുമെന്നായിരുന്നു നടിയുടെ വാദം. മാത്രമല്ല, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ അഭിപ്രായം പറഞ്ഞതും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയാണ് ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഒന്ന് മുതല്‍ ആറ് പ്രതികളെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ള ചിലരെ വിട്ടയച്ചു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശിക്ഷ റദ്ദാക്കണം എന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. അതിനിടെയാണ് ശ്രീലേഖക്കെതിരാരയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്- കഴിഞ്ഞ വര്‍ഷം 'അതിജീവിത' എനിക്കെതിരെ വിചാരണ കോടതിയില്‍ ഒരു കോടതിയലക്ഷ്യ കേസ് നല്‍കിയത് പത്രക്കാരൊക്കെ കുറെ ആഘോഷിച്ചതാണല്ലോ? ആ കേസ് ഇന്നലെ കോടതി തള്ളി. അതേക്കുറിച്ച് ഒരു വരി വാര്‍ത്ത പോലും ഇന്ന് എവിടെയും കണ്ടില്ല. അപ്രിയസത്യം പറയുന്നവരെ സമൂഹം ഇഷ്ടപ്പെടാറില്ല... സത്യത്തിന് എന്റെ ചിന്തയില്‍ വിവേചനങ്ങളില്ല. സത്യം, സത്യം മാത്രം! എപ്പോഴും! നടിയുടെ അഭിഭാഷകയായിരുന്ന ടിബി മിനി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ- ''നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് നിരപരാധിയാണ് എന്ന് ട്രയലിൻ്റെ സമയത്ത് ' പറഞ്ഞ മുൻ ജയിൽഡിജി.പി ആർ ശ്രീലേഖ ക്കെതിരെ വിക്ടിം കൊടുത്ത കോടതി അലക്ഷ്യ ഹർജിയും ദിലീപ് നികേഷ് കുമാർ ബൈജു പൗലോസ് എന്നിവർക്കെതിരയുള്ള കോടതി അലഷ്യ ഹർജികളും സമയം കഴിഞ്ഞു എന്നതടക്കമുള്ള സാങ്കേതിക കാരണങ്ങളാലാണ് തള്ളിയത്. മെറിറ്റിലേക്ക് കോടതി കടന്നില്ല. കോടതി അലക്ഷ്യ ഹർജികളുടെ സമയ പരിധി ഒരു വർഷമാണ്. ഈ ഹർജികൾ ഫയൽ ചെയ്തിട്ട് 2 വർഷത്തിലധികമായി .അനുവാദ ഹർജികളായിരുന്നു അത് 2 വർഷം ആയതിനാലാണ് ഹർജി തള്ളിയത്. മുൻ DGP ശീലേഖ വിക്ടിമിന് എതിരും പ്രതിക്ക് പ്രത്യേകിച്ച് എട്ടാം പ്രതിക്ക് അനുകൂലവുമായിരുന്നു. എന്നത് വ്യക്തവും''