ദിലീപ് ശിക്ഷിക്കപ്പെടണം, മറ്റു പ്രതികളുടെ ശിക്ഷ കൂട്ടണം, വെറുതെ വിടണം; 2 അപ്പീല്‍ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. രണ്ട് അപ്പീലുകളാണുള്ളത്. പ്രതികള്‍ സമര്‍പ്പിച്ചതും സര്‍ക്കാര്‍ സമര്‍പ്പിച്ചതും. പ്രതികളുടെ അപ്പീല്‍ ഹര്‍ജിയാണ് സര്‍ക്കാര്‍ ആദ്യം പരിഗണിക്കുക എന്ന് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് മുമ്പാണ് ഹൈക്കോടതി വിഷയം പരിഗണിക്കുന്നത്.

Advertisement

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പാണ് പ്രതികള്‍ക്ക് വിചാരണ കോടതി തടവ് ശിക്ഷ വിധിച്ചത്. ആദ്യ ആറ് പ്രതികളെ ശിക്ഷിക്കുകയും ദിലീപ് ഉള്‍പ്പെടെ ബാക്കിയുള്ള പ്രതികളെ കോടതി വെറുതെ വിടുകയുമായിരുന്നു. വിധിക്കെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അപ്പീല്‍ ഹര്‍ജികള്‍ ശ്രദ്ധിക്കപ്പെടുന്നത്.

Advertisement

പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ആവശ്യപ്പെടുന്നത്, ശിക്ഷ മരവിപ്പിച്ച് വെറുതെ വിടണം എന്നാണ്. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ദിലീപ് ഉള്‍പ്പെടെ വെറുതെ വിട്ടവരെ ശിക്ഷിക്കണം, നേരത്തെ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷ വര്‍ധിപ്പിക്കണം എന്നുമാണ്. വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി ഇക്കാര്യത്തില്‍ വേഗത്തില്‍ അന്തിമ തീരുമാനം എടുക്കും.

വിചാരണ കോടതി ശിക്ഷിച്ചാല്‍ പ്രതികള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് സ്വാഭാവിക നടപടിയാണ്. പ്രതിഭാഗത്തിന്റെയും സര്‍ക്കാരിന്റെയും അഭിപ്രായം കേട്ട ശേഷം വിചാരണ കോടതിയുടെ വിധി കൂടി പരിശോധിച്ച് ഹൈക്കോടതി ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും. ചില കേസുകളില്‍ ശിക്ഷ താല്‍ക്കാലികമായി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കാറുണ്ട്. ശേഷം അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് വരെ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ അവസരം ലഭിക്കും. എന്നാല്‍ നടിയുടെ കേസില്‍ ഇതിന് സാധ്യത കുറവാണ്.

Advertisement

കോളിളക്കം സൃഷ്ടിച്ച കേസാണ് നടിയുടേത്. മാധ്യമ ശ്രദ്ധ ഇത്രയധികം ലഭിച്ച കേസ് സമീപകാലത്ത് മറ്റൊന്നില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി എടുക്കുന്ന തീരുമാനം വളരെ ചര്‍ച്ചയാകാനും സാധ്യതയുണ്ട്. പ്രോസിക്യൂഷന്റെ അപ്പീലില്‍ ദിലീപിനെതിരെ കോടതി നടപടി സ്വീകരിക്കുമോ എന്നാണ് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം. നടനെതിരെ എന്ത് നിലപാട് സ്വീകരിച്ചാലും വലിയ ചര്‍ച്ചയാകും.

ദിലീപ് നല്‍കിയ ക്വട്ടേഷനാണ് നടി ആക്രമിക്കപ്പെട്ട സംഭവം എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ദിലീപുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഏറെ ചര്‍ച്ച ചെയ്യുപ്പെട്ട കേസിലെ അപ്പീല്‍ ഹര്‍ജിയിലെ വിധിയും അതുകൊണ്ടുതന്നെ വലിയ ചര്‍ച്ചയാകും. നടിക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ് ഹാജരാകുന്നത്.