'22 കാരറ്റിൽ കുറഞ്ഞ സ്വർണം വാങ്ങിയാലും നഷ്ടം വരില്ല, വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങാം, 3 മാസം കഴിഞ്ഞാൽ..'

സ്വർണവിലയിൽ വലിയ തോതിലുളള ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണക്കച്ചവടത്തിലും പല മാറ്റങ്ങളും സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിൻ പാലത്ര. പല ജ്വല്ലറികളും ഇപ്പോൾ അഡ്വാൻസ് ബുക്കിംഗ് എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. മാത്രമല്ല 22 കാരറ്റ് സ്വർണമേ പറ്റൂ എന്നുളള ആളുകളുടെ മനോഭാവത്തിലും മാറ്റമുണ്ടെന്ന് സീ ന്യൂസ് മലയാളത്തിനോട് ജസ്റ്റിൻ പാലത്ര പ്രതികരിച്ചു.

Advertisement

''സ്വര്‍ണം നേരത്തെ ബുക്ക് ചെയ്യുന്നതില്‍ നിന്ന് കടക്കാര്‍ ഇപ്പോള്‍ മാറിത്തുടങ്ങി. ഇപ്പോള്‍ അഡ്വാന്‍സ്ഡ് ബുക്കിംഗുകള്‍ അധികം എടുക്കുന്നില്ല. കാരണം വിലയില്‍ നിരവധി ഏറ്റക്കുറച്ചിലുകള്‍ വരുന്നത് കൊണ്ട് പണം നഷ്ടമുണ്ടാകുന്നുണ്ട്. ദിവസങ്ങളായി വിലയില്‍ ചാഞ്ചാട്ടമാണ്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളും ചാഞ്ചാട്ടത്തിലാണ്. നാളെ യുദ്ധം തീരുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ പിന്നെയും യുദ്ധം തുടരുന്നു.

Advertisement

കൂടാതെ ഡോളറിന്റെ വിലക്കൂടുതല്‍ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത തരത്തിലാണ്. മാത്രമല്ല ഫെഡറല്‍ പലിശ നിരക്ക് കൂട്ടിയേക്കാം എന്നതും സ്വര്‍ണവിലയെ ബാധിക്കുന്നു. പക്ഷേ ഭാവിയില്‍ സ്വര്‍ണവില കൂടാനുളള സാധ്യതകള്‍ തന്നെയാണ് കാണുന്നത്. മൂന്ന് മാസത്തോളം സ്വര്‍ണവില ഇതുപോലൊക്കെ തന്നെ നിന്നാലും പിന്നീട് വില ഉയരാന്‍ തന്നെയാണ് സാധ്യത.

സ്വര്‍ണം വാങ്ങാനാഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ വാങ്ങുന്നതാണ് നല്ലത്. അതിന് ഞങ്ങളൊരു സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 22 കാരറ്റ് മാത്രമല്ല 18 കാരറ്റ്, 14 കാരറ്റ്, ഇപ്പോള്‍ 9 കാരറ്റും ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. 9 കാരറ്റ് സ്വര്‍ണം വാങ്ങുകയാണെങ്കില്‍ ഗ്രാമിന് 5000 രൂപ മാത്രമേ ഉളളൂ.. 18 കാരറ്റ് വാങ്ങുകയാണെങ്കില്‍ 10000 രൂപയും 14 കാരറ്റ് ആണെങ്കില്‍ 8000 രൂപയുമേ വരുന്നുളളൂ.

Advertisement

ജനങ്ങള്‍ക്ക് വാങ്ങാവുന്ന രീതിയിലുളള ആഭരണങ്ങള്‍ ഞങ്ങളും ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. പണ്ടൊക്കെ 22 കാരറ്റ് അല്ലാതെ 18 കാരറ്റ് എന്നൊക്കെ കേട്ടാല്‍ ആളുകള്‍ മുഖം തിരിക്കുമായിരുന്നു. മാറ്റ് കുറഞ്ഞ സ്വര്‍ണമാണെന്ന തോന്നലായിരുന്നു. ഇപ്പോഴതിന് മാറ്റം വന്നിരിക്കുന്നു. 18 കാരറ്റ് നഷ്ടമല്ലേ വാങ്ങുന്നത് എന്ന ചിന്തയുണ്ട്. പക്ഷേ 18 കാരറ്റ് സ്വര്‍ണം വില്‍ക്കുമ്പോള്‍ അതിന്റെ വിലയേ എടുക്കുന്നുളളൂ. തിരിച്ച് കൊടുക്കുമ്പോള്‍ അതിന്റെ വില കിട്ടും. ജനങ്ങളെ സംബന്ധിച്ച് നഷ്ടമില്ല.

ട്രെന്‍ഡ് ഇപ്പോള്‍ മാറി. ടീനേജേഴ്‌സ് ഒക്കെ 18 കാരറ്റ് സ്വര്‍ണം അന്വേഷിച്ച് വരുന്നുണ്ട്. വില കൂടുന്നത് കൊണ്ട് കച്ചവടം കുറയുന്നുണ്ട്. അതിനാല്‍ കച്ചവടത്തില്‍ പിടിച്ച് നില്‍ക്കാനുളള മാറ്റം ആഭരണങ്ങളില്‍ ഞങ്ങളും ചെയ്യുന്നുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് കച്ചവടം വന്ന് തുടങ്ങിയിട്ടുണ്ട്'' .