സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിലവിലുള്ള ഇറക്കുമതി തീരുവ ഘടന അടിയന്തരമായി പുനഃപരിശോധിക്കണം എന്നും യുക്തിസഹമാക്കണം എന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെജിഎസ്എംഎ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഉയര്‍ന്ന തീരുവ കള്ളക്കടത്ത് വര്‍ധിപ്പിക്കുകയും നിയമാനുസൃതമായ സ്വര്‍ണ-വെള്ളി വ്യാപാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇവയുടെ കള്ളക്കടത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. തീരുവ വര്‍ധനവിന് ശേഷം സ്വര്‍ണക്കടത്ത് കേസുകള്‍ ഗണ്യമായി വര്‍ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
വെള്ളി കള്ളക്കടത്തില്‍ അതിലും വലിയ വര്‍ധനവാണ് ഉണ്ടായതെന്നും പിടിച്ചെടുക്കലുകളുടെ എണ്ണം പലമടങ്ങ് കൂടിയെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു. അനധികൃത ഇറക്കുമതി തടയുന്നതിനായി കസ്റ്റംസ് വകുപ്പും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇറക്കുമതി തീരുവയിലുണ്ടായ വന്‍ വര്‍ധനവ് കള്ളക്കടത്തിന് ശക്തമായ സാമ്പത്തിക പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ഇറക്കുമതി തീരുവ അന്താരാഷ്ട്ര വിപണിയും ആഭ്യന്തര വിപണിയും തമ്മിലുള്ള വില വ്യത്യാസം വര്‍ധിപ്പിക്കുകയും അതുവഴി അനധികൃത ഇറക്കുമതി കൂടുതല്‍ ലാഭകരമാക്കുകയും ചെയ്തു. തല്‍ഫലമായി, കള്ളക്കടത്ത് സ്വര്‍ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നുമുള്ള അനാരോഗ്യകരമായ മത്സരത്തെ നേരിടുന്നതിനൊപ്പം ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വഹിക്കാനും ജ്വല്ലറി ഉടമകളും വ്യാപാരികളും നിര്‍ബന്ധിതരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തീരുവ നിയമപരമായ ഇറക്കുമതി കുറയുന്നതിനും ഇത് സര്‍ക്കാര്‍ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതമായി ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ആവശ്യകത കുറയ്ക്കുന്നതിനുപകരം കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് മുന്‍കാലങ്ങളിലും തെളിയിച്ചിട്ടുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സന്തുലിതവും പ്രായോഗികവുമായ ഇറക്കുമതി തീരുവ നയം നിയമപരമായ ഇറക്കുമതി വര്‍ധിപ്പിക്കുകയും നികുതി പിരിവ് മെച്ചപ്പെടുത്തുകയും കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുകയും ആരോഗ്യകരവും കൂടുതല്‍ സുതാര്യവുമായ ബുള്ളിയന്‍, ആഭരണ വിപണിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് അസോസിയേഷന്‍ പറയുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനമായി ഉയര്‍ത്തിയതോടെ കള്ളക്കടക്ക് വര്‍ധിച്ചതായാണ് രേഖകള്‍ പറയുന്നത്. മേയ് 13 നാണ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. മേയ് 13 മുതല്‍ ജൂണ്‍ 30 വരെയുള്ള ഏഴ് ആഴ്ചകളില്‍ പിടിച്ചെടുത്ത വെള്ളിയുടെ അളവില്‍ 10 ഇരട്ടിയിലേറെ വര്‍ധനവും സ്വര്‍ണത്തില്‍ 186 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടായി എന്നാണ് വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ പാര്‍ലമെന്റില്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.