സംസ്ഥാനത്ത് സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോയെന്നതാണ് ആഭരണപ്രേമികൾ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും വില കുറയും. നിലവിലെ സാഹചചര്യത്തിൽ വരും ദിവസങ്ങളിൽ വില കുറയാൻ സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം നേരിയ തോതിൽ ഉയർന്നെങ്കിലും കേരളത്തിലെ വില മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് 1 ഗ്രാമിന് ഇന്നും 13220 രൂപയാണ് വില. അതായത് പവന് 1,05,760 രൂപ. അതേസമയം 18 കാരറ്റ് സ്വർണത്തിന് 10860 രൂപയാണ് ഗ്രാം വില,പവന് 86,880 രൂപയാണ് നൽകേണ്ടത്.
ഇന്ന് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 14 കാരറ്റ് സ്വർണം വാങ്ങുന്നതാണ് ഉചിതം. വെറും 67,720 രൂപയ്ക്ക് ഇവ ലഭിക്കും. സ്വർണ വില ഉയർന്ന് തുടങ്ങിയതോടെ 14 കാരറ്റ് ആഭരണങ്ങൾക്ക് ഡിമാൻ്റ് ഏറെയാണ്. യുവാക്കളാണ് കൂടുതലായി 14 കാരറ്റ് ആഭരണങ്ങൾ ചോദിച്ചെത്താറുള്ളതെന്നാണ് വ്യാപാരികൾ പറയുന്നത്. 9 കാരറ്റ് ആഭരണങ്ങൾക്കും സംസ്ഥാനത്ത് ഡിമാൻ്റ് കൂടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഭാഗത്തിലുള്ള ചെറിയ മാലകളും മോതിരങ്ങളുമെല്ലാം ധാരാളം എത്തിക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നു. ഇന്ന് 9 കാരറ്റ് ആഭരണങ്ങൾക്ക് ഗ്രാമിന് വില 5460 രൂപ മാത്രമാണ് ഉള്ളത്. 46,680 രൂപയാണ് പവന് നൽകേണ്ടത്. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾക്ക് ഈട് കൂടുതലായിരിക്കും. അതേസമയം ഇവയ്ക്ക ്പണിക്കൂലി കൂടുതലാണ്. 5 ശതമാനമാണ് അടിസ്ഥാന പണിക്കൂലി. ഇതിനൊപ്പം തന്നെ 3 ശതമാനം ജി എസ് ടി കൂടി നൽകേണ്ടതുണ്ട്. സ്വർണം നിക്ഷേപം എന്ന നിലയിലാണ് വാങ്ങുന്നതെങ്കിൽ ചെറിയ കാരറ്റ് ആഭരണങ്ങൾ വാങ്ങുന്നത് നഷ്ടമായിരിക്കും. ഇവ ബാങ്കിൽ പണയം വെയ്ക്കാൻ സാധിക്കില്ല. മാത്രമല്ല പിന്നീട് വിൽക്കുമ്പോൾ വലിയ നഷ്ടം നേരിടേണ്ടി വരും. സ്വർണ വില ഇനിയും കുറയുമോ? കേരളത്തിൽ 22 കാരറ്റ് ആഭരണങ്ങളോടാണ് ആളുകൾക്ക് പൊതുവെ പ്രിയം. മലയാളികളെ സംബന്ധിച്ച് സ്വർണം വെറുമൊരു ആഭരണം മാത്രമല്ല നിക്ഷേപ മാർഗം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് വിവാഹം പോലുള്ള ആവശ്യങ്ങളിൽ അവർ 22 കാരറ്റ് സ്വർണാഭരണങ്ങളെ മാത്രം ആശ്രയിക്കുന്നത്. വില ഉയർന്നെങ്കിലും വിവാഹ വാങ്ങലുകാർക്ക് പ്രിയം 22 കാരറ്റ് ആഭരണങ്ങളാണെന്ന് ജ്വല്ലറിക്കാർ പറയുന്നു. പണ്ട് കൂടിയ അളവിൽ സ്വർണം വാങ്ങിയിരുന്നവർ അളവ് കുറച്ചെങ്കിലും 22 കാരറ്റ് എന്ന ആവശ്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. വലിയ തോതിൽ വിൽപന നടക്കണമെങ്കിൽ സ്വർണ വില പവന് 1 ലക്ഷത്തിന് താഴേക്ക് പോകണം. അത് എപ്പോൾ സാധ്യമാകും എന്നാണ് ഞങ്ങളും ഉറ്റുനോക്കുന്നതെന്നാണ് വ്യാപാരികൾ പ്രതികരിക്കുന്നത്. അതേസമയം വൈകാതെ തന്നെ അത്തരമൊരു ഇടിവ് ഉണ്ടായേക്കുമന്ന പ്രതീക്ഷയാണ് ഇവർ പങ്കിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഇടിഞ്ഞാൽ കേരളത്തിലും സ്വർണ വില കുറയും. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്തിയാൽ സ്വർണ വില ഇടിയാനുള്ള സാധ്യത ശക്തമാകും. സ്വർണം ഔണ്‍സിന് 4000 ഡോളറിന് താഴക്ക് പോയാൽ കേരളത്തിൽ ഒരു പവൻ വില 1 ലക്ഷത്തിന് താഴേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും ഇനി പണ്ടെത്തെ നിലയിലേക്ക് സ്വർണം കൂപ്പുകുത്തില്ല. വില പരമാവധി 80,000 വരെ എത്താൻ മാത്രമാണ് സാധ്യതയെന്നും ഇവർ പറയുന്നു.