സ്വര്‍ണം കുതിച്ചു; ആശ്വാസം തീര്‍ന്നു, ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന, പുതിയ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറയുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു എങ്കിലും ബുധനാഴ്ച ഉച്ചയോടെ ചിത്രം മാറി. ബുധനാഴ്ച വൈകീട്ട് വര്‍ധനവ് രേഖപ്പെടുത്തിയ പിന്നാലെ വ്യാഴാഴ്ച രാവിലെയും സ്വര്‍ണവില കുതിച്ചു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്.

Advertisement

കേരളത്തില്‍ ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 1120 രൂപയും ഉയര്‍ന്നു. ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപ ഉയര്‍ന്നിരുന്നു. അതായത്, സ്വര്‍ണവില ഉയരാന്‍ തുടങ്ങിയപ്പോള്‍ അതിവേഗമാണ് കുതിപ്പ്. ഇനിയും വില കുറയുമെന്നും അപ്പോള്‍ വാങ്ങാമെന്നും കരുതിയിരുന്നവര്‍ക്കാണ് തിരിച്ചടിയായത്. ജൂലൈ മാസം സ്വര്‍ണത്തിന് കൂടുതല്‍ തിളക്കമുണ്ടാക്കുമെന്ന് പ്രവചിക്കുന്ന വിപണി നിരീക്ഷകരുമുണ്ട്.

Advertisement

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 13180 രൂപയാണ്. ഒരു പവന് 105440 രൂപയും. 18 കാരറ്റ് ഗ്രാമിന് 10835 രൂപയും പവന് 86680 രൂപയുമായി. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8435 രൂപയും പവന് 67480 രൂപയും നല്‍കണം. ഏറ്റവും കുറഞ്ഞ കാരറ്റായ ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 5440 രൂപയും പവന് 43520 രൂപയാണ് നല്‍കേണ്ടത്. അതേസമയം, ഇന്ന് വെള്ളിയുടെ ഗ്രാം വില 240 രൂപയില്‍ തുടരുകയാണ്.

സമ്പൂര്‍ണ സ്വര്‍ണമാണ് 24 കാരറ്റ്. 91.6 ശതമാനം സ്വര്‍ണം അടങ്ങിയതാണ് 22 കാരറ്റ്. 75 ശതമാനം സ്വര്‍ണമാണ് 18 കാരറ്റില്‍ ഉണ്ടാകുക. 58 ശതമാനം സ്വര്‍ണമാണ് 14 കാരറ്റിലുള്ളത്. 37.5 ശതമാനം സ്വര്‍ണമാണ് 9 കാരറ്റില്‍. സ്വര്‍ണത്തിന്റെ അംശം കുറയുന്നതിന് അനുസരിച്ചാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. കാരറ്റ് കുറയുന്നതിന് സ്വര്‍ണത്തിന്റെ അളവിലും കുറവുണ്ടാകും.

Advertisement

24 കാരറ്റില്‍ ബാര്‍, കോയിന്‍ എന്നിവ മാത്രമാണ് ലഭിക്കുക. 22 കാരറ്റില്‍ കോയിന്‍, ആഭരണം എന്നിവ കിട്ടും. എന്നാല്‍ പിന്നീട് താഴോട്ടുള്ള കാരറ്റുകളില്‍ ആഭരണം മാത്രമേ ലഭിക്കു. 22 കാരറ്റ് ആഭരണവും കോയിനും മാത്രമാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ വായ്പ തരുമ്പോള്‍ ഈടായി സ്വീകരിക്കുന്നത്. മറ്റു കാരറ്റുകള്‍ സ്വീകരിക്കില്ല.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.15 ലക്ഷം രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കാം. സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ആഭരണം വാങ്ങുന്ന വ്യക്തി നല്‍കണം. നേരിയ ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്. ആഭരണത്തിന് ഡിസൈന്‍ കൂടുതലുണ്ടെങ്കില്‍ പണിക്കൂലി അഞ്ച് ശതമാനം മതിയാകില്ല. ഡിസൈന്‍ കൂടുതലുണ്ടാകുക, ചെറിയ അളവിലുള്ള സ്വര്‍ണത്തിലെ ആഭരണങ്ങള്‍ എന്നിവയ്ക്ക് പണിക്കൂലി വര്‍ധിക്കും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി. അതുകൊണ്ടുതന്നെ പണിക്കൂലി എത്ര എന്നത് മൊത്തം ചെലവില്‍ നിര്‍ണായകമാണ്.