സ്വര്‍ണം മുകളിലേക്ക് തന്നെ.. പക്ഷെ വാങ്ങാനിരിക്കുന്നവര്‍ക്ക് ഇന്ന് തന്നെ വാങ്ങാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവ് തന്നെ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഈ മാസം മുഴുവന്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണവിലയില്‍ അവസാന രണ്ട് ദിവസം വില വര്‍ധിക്കുകയായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതോടെയാണ് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം താല്‍ക്കാലികമായി അവസാനിച്ചത്.

Advertisement

ബുധനാഴ്ചയായിരുന്നു യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിര്‍ണായകമായ യോഗം. ചെയര്‍മാന്‍ കെവിന്‍ വാര്‍ഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പലിശ നിരക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിക്ഷേപകര്‍ ഏറെ ഉറ്റുനോക്കിയ യോഗമായിരുന്നു ഇത്. അതേസമയം പലിശനിരക്ക് ഭാവിയില്‍ വര്‍ധിപ്പിച്ചേക്കും എന്ന ശക്തമായ സൂചനകളോടെയാണ് യോഗം അവസാനിച്ചത്.

Advertisement

ഇത് ആഗോള സ്വര്‍ണ വിപണിയിലാകെ പ്രതിഫലനമുണ്ടാക്കി. കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 200 രൂപയും ആണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 13230 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13255 രൂപയായി മാറി. ഒരു പവന് ഇന്നലെ 105840 രൂപയായിരുന്നു വില.

ഇത് ഇന്ന് 106040 ആയി മാറി. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും 1.06 ലക്ഷത്തിലേക്ക് പവന്‍ വില എത്തിയത്. ജൂലൈ മാസം മുഴുവന്‍ വലിയ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്. ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 103240 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക്. ജൂലൈ 23 ന് രേഖപ്പെടുത്തിയ 108000 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം സ്വര്‍ണത്തിന്റെ അടിസ്ഥാന വിലയാണ് 106040.

Advertisement

ഒരു പവന്റെ ആഭരണമാണ് വാങ്ങുന്നതെങ്കില്‍ വില 1.10 ലക്ഷം കടക്കും. സ്വര്‍ണ വിലയ്ക്ക് പുറമെ ജി എസ് ടി, പണിക്കൂലി, ഹാള്‍മാര്‍ക്ക് നിരക്ക് എന്നിവ കൂടി നമ്മളില്‍ നിന്ന് ഈടാക്കിയാണ് ആഭരണം നമുക്ക് ലഭിക്കുന്നത്. എന്നിരുന്നാലും ജനുവരിയിലെ സര്‍വകാല റെക്കോഡില്‍ നിന്ന് ഏകദേശം 18000 രൂപയോളം കുറവിലാണ് ഇപ്പോള്‍ സ്വര്‍ണം വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്.

അതിനിടെ സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. യുഎസ് ഡോളറിലുണ്ടായ മുന്നേറ്റവും യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതും കാരണം നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിരും എന്നും അങ്ങനെ വന്നാല്‍ വിലയില്‍ നേരിയ ഇടിവിന് സാധ്യതയുണ്ട് എന്നുമാണ് സ്വര്‍ണ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Advertisement

യുഎസ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും കുറവായത് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുത്തനെ ഉയര്‍ത്തുമെന്ന സാധ്യതയ്ക്ക് അയവുവരുത്തിയിട്ടുണ്ട്. ഇന്ന് എംസിഎക്‌സിലെ ഓഗസ്റ്റ് മാസത്തെ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.50 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 1,42,547 രൂപയിലും, സെപ്റ്റംബര്‍ മാസത്തെ വെള്ളി ഫ്യൂച്ചറുകള്‍ 0.40 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 2,19,117 രൂപയിലുമാണ് വ്യാപാരം നടത്തിയത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതിനെത്തുടര്‍ന്ന്, തൊട്ടുമുമ്പത്തെ വ്യാപാര സെഷനില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 1 ശതമാനവും വെള്ളി ഫ്യൂച്ചറുകള്‍ 1 ശതമാനത്തിലധികവും ഉയര്‍ന്നിരുന്നു.