സ്വർണ വില ബ്രേക്ക് എടുക്കുന്നത് കുതിക്കാൻ; 1.5ലക്ഷമാകും,കേന്ദ്രബാങ്കുകൾ തരുന്നത് എട്ടിൻ്റെ പണി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണക്കുതിപ്പ് അവസാനിച്ചെന്ന തരത്തിലുള്ള നിരീക്ഷണങഅങൾ പലകോണുകളിഷ നിന്നും ഉയരുന്നുണ്ട്. എന്നാൽ സെൻട്രൻൽ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നിടത്തോളം വില താഴേക്ക് പോകാൻ സാധ്യകയില്ലെന്നാണ് ഒഫീഷ്യൽ മോണിറ്ററി ആൻഡ് ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഫോറം (ഒഎംഎഫ്ഐഎഫ്) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

Advertisement

ആഗോള സാമ്പത്തിക വ്യവസ്ഥിതിയിൽ അനിശ്ചിതത്വം വർധിച്ചുവരികയാണ്.ഇത്തരമൊരു സാഹചര്യത്തിൽ സ്വർണം തന്നെയാണ് ഏറ്റവും വിശ്വസനീയമായ കരുതൽ ധനം എന്നാണ് കേന്ദ്ര ബാങ്കുകളുടെ നിലപാട്. ആഗോളതലത്തിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വർധിക്കുന്നതും പല രാജ്യങ്ങളുടെയും പൊതുക്കടം ഉയരുന്നതുമാണ് സ്വർണത്തിന് ഡിമാൻഡ് കൂട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന്റെ സമ്പത്ത് സംരക്ഷിക്കാൻ സ്വർണത്തേക്കാൾ മികച്ച മറ്റൊരു മാർഗമില്ലെന്നാണ് ഒട്ടുമിക്ക രാജ്യങ്ങളിലെയും റിസർവ് മാനേജർമാർ വിലയിരുത്തുന്നത്.

Advertisement

അതേസമയം വില ഉയരുമ്പോൾ കേന്ദ്ര ബാങ്കുകൾക്കും സ്വർണം വാങ്ങുന്നതിനുള്ള ചെലവുകൾ വർധിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും വകവെക്കാതെ ബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുകയാണെന്ന് ഒഎംഎഫ്‌ഐഎഫ് റിസർച്ച് ഹെഡ് ആൻഡ്രിയ കൊറിയ പറഞ്ഞു. വില കൂടിയാലും വിപണിയിൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറയില്ലെന്നും അവർ വ്യക്തമാക്കി.

ലോകത്താകമാനമുള്ള പത്ത് ലക്ഷം കോടി ഡോളറിലധികം ആസ്തി കൈകാര്യം ചെയ്യുന്ന 74 കേന്ദ്ര ബാങ്കുകളിലാണ് ഒഎംഎഫ്‌ഐഎഫ് സർവേ നടത്തിയത്. ഇതിൽ 82 ശതമാനം ബാങ്കുകളുടെ പക്കലും നിലവിൽ ഭൗതിക സ്വർണ ശേഖരമുണ്ട്. കഴിഞ്ഞ വർഷം ഇത് 71 ശതമാനം മാത്രമായിരുന്നു. കൂടാതെ വരും വർഷങ്ങളിൽ തങ്ങളുടെ സ്വർണശേഖരം ഇനിയും വർധിപ്പിക്കാൻ 30 ശതമാനം ബാങ്കുകൾ പദ്ധതിയിടുന്നുമുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിലവിൽ തന്നെ വൻതോതിൽ സ്വർണശേഖരമുള്ളതിനാൽ ആഫ്രിക്കൻ രാജ്യങ്ങളാണ് ഇപ്പോൾ സ്വർണം വാങ്ങിക്കൂട്ടുന്നതിൽ കൂടുതൽ മുന്നിൽ നിൽക്കുന്നത്.

Advertisement

സ്വർണവില ഇനിയും കൂടും

വില റെക്കോർഡ് നിലവാരത്തിൽ നിൽക്കുമ്പോഴും വരും വർഷങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് കേന്ദ്ര ബാങ്കുകളുടെ പ്രതീക്ഷ. 2027 ജൂണോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,000 മുതൽ 6,000 ഡോളർ വരെ (കേരളത്തിൽ ഒന്നര ലക്ഷത്തിന് മുകളിൽ) ഉയർന്നേക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത 61 ശതമാനം പേരും വിശ്വസിക്കുന്നത്. ഉയർന്ന വില കാരണം സ്വർണം വാങ്ങുന്നത് കുറയ്ക്കുമെന്ന് പറഞ്ഞത് വെറും 28 ശതമാനം ബാങ്കുകൾ മാത്രമാണ്. നിക്ഷേപങ്ങൾ പല മേഖലകളിലേക്ക് മാറ്റി സുരക്ഷിതമാക്കുക എന്നതാണ് കേന്ദ്ര ബാങ്കുകളുടെ പ്രധാന ലക്ഷ്യം. 51 ശതമാനം ബാങ്കുകളും ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ നിന്നുള്ള സുരക്ഷിതത്വം മുൻനിർത്തിയാണ് സ്വർണം സ്വന്തമാക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതലാണ്.

Advertisement

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിപണി നേരിടുന്ന ഭീഷണികളിലും മാറ്റം വന്നിട്ടുണ്ട്. മുൻപ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കായിരുന്നു പ്രാധാനമെങ്കിൽ ഇപ്പോൾ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ, അമേരിക്കയുടെ വിദേശനയങ്ങളിലെ അസ്ഥിരത, ഊർജ്ജ പ്രതിസന്ധി എന്നിവയാണ് പ്രധാന ആശങ്കകൾ. സർവേയിൽ പങ്കെടുത്ത 85 ശതമാനം പേരും മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെയാണ് ഏറ്റവും വലിയ ഭീഷണിയായി കാണുന്നത്. 81 ശതമാനം പേർ യുഎസ് നയങ്ങളിലെ മാറ്റങ്ങളെയും ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും യുഎസ് ഡോളർ തന്നെയാണ് ഏറ്റവും ശക്തമായ കറൻസിയെങ്കിലും വരും ദശകങ്ങളിൽ ഡോളറിന്മേലുള്ള ആശ്രിതത്വം കുറച്ച് മറ്റ് ആസ്തികളിലേക്ക് മാറാനാണ് 80 ശതമാനത്തോളം രാജ്യങ്ങളും താല്പര്യംപ്പെടുന്നത്. വരും വർഷങ്ങളിൽ സ്വർണം വാങ്ങുന്നതിന്റെ വേഗത കുറഞ്ഞാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന് വലിയ പ്രാധാന്യമുണ്ടാകും. 10 വർഷത്തെ പ്ലാൻ നോക്കുമ്പോൾ ഗവൺമെന്റ് ബോണ്ടുകളേക്കാൾ കോർപ്പറേറ്റ് ബോണ്ടുകൾക്കും സ്വർണത്തിനുമാണ് കേന്ദ്ര ബാങ്കുകൾ മുൻഗണന നൽകുന്നത്. നിലവിലെ സാമ്പത്തിക ആഘാതങ്ങൾ പെട്ടെന്ന് മാറിപ്പോകുന്ന ഒന്നല്ലെന്നും അത് വിപണിയിൽ തുടരുമെന്നും ബാങ്കുകൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷിതത്വത്തിനൊപ്പം മികച്ച ലാഭം കൂടി തരുന്ന കോർപ്പറേറ്റ് ബോണ്ടുകളിലേക്കും സ്വർണത്തിലേക്കും ഓഹരി വിപണിയിലേക്കും തങ്ങളുടെ നിക്ഷേപങ്ങൾ ഘട്ടംഘട്ടമായി മാറ്റാനാണ് ലോകത്തെ കേന്ദ്ര ബാങ്കുകൾ ഇപ്പോൾ തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.