കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. 440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ വില നേരിയ തോതില്‍ ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ സെപ്തംബറില്‍ വില കുറഞ്ഞേക്കുമെന്നും വിലയിരുത്തുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില കുറഞ്ഞു വന്നിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം ഉയര്‍ന്നു. രൂപയുടെ മൂല്യം ഇടിഞ്ഞു.
ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഹോര്‍മുസിന് പിന്നാലെ ബാബുല്‍ മന്തിബ് കടല്‍പാതയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ക്രൂഡ് വില ഉയര്‍ന്നത്. ഇതോടെ ഡോളര്‍ മൂല്യം വന്‍തോതില്‍ ഉയരുകയും സ്വര്‍ണവില കുത്തനെ ഇടിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കൂടിയിരിക്കുന്നത്.
കേരളത്തില്‍ വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 1360 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് 440 രൂപ ഉയരുകയാണ് ചെയ്തത്. ഇനിയുള്ള ദിവസങ്ങളില്‍ നേരിയ വര്‍ധനവിന് സാധ്യതയുണ്ട്. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 106280 രൂപയാണ് വില. ഗ്രാമിന് 13285 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 235 രൂപയായി നിലനില്‍ക്കുന്നു. വിപണിയില്‍ സ്വര്‍ണം വാങ്ങല്‍ താല്‍പ്പര്യം ശക്തമാണ് എന്ന സൂചനയാണുള്ളതെന്ന് സ്വര്‍ണവ്യാപാരികളുടെ സംഘടന കെജിഎസ്എംഎ ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്താന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇറാനെതിരെ വന്‍ നീക്കങ്ങള്‍ ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുകയും ചെയ്തു. അതേസമയം, അമേരിക്കയുടെ പലിശ നിരക്ക് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്ന ഘടകമാണ്. ജൂലൈയില്‍ പലിശ നിരക്ക് വര്‍ധന സാധ്യതയില്ലെന്നും ഫെഡറല്‍ റിസര്‍വിന്റഎ സെപ്തംബറിലെ യോഗത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കാമെന്നും വിലയിരുത്തുന്നു. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ബോണ്ട് നിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും സ്വര്‍ണവില കുറയുകയും ചെയ്യും. അതേസമയം, കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10915 രൂപയും പവന് 87320 രൂപയും നല്‍കണം. 14 കാരറ്റ് ഗ്രാമിന് 8505 രൂപയും പവന് 68040 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5485 രൂപയും പവന് 43880 രൂപയും നല്‍കണം. ഇതെല്ലാം സ്വര്‍ണത്തിന്റെ വിലയാണ്. എന്നാല്‍ ആഭരണം ഈ വിലയ്ക്ക് കിട്ടില്ല. ആഭരണം വാങ്ങുന്നവര്‍ ചില അധിക നിരക്ക് കൂടി നല്‍കേണ്ടി വരും. കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ് മിക്ക ജ്വല്ലറികളും വാങ്ങുന്നത്. ജിഎസ്ടി മൂന്ന് ശതമാനം നല്‍കണം. ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടി വരും. ഇതെല്ലാം ചേരുമ്പോള്‍ ഏകദേശം 10000 രൂപയ്ക്ക് അടുത്ത് അധിക നിരക്ക് പ്രതീക്ഷിക്കാം.