തിരുവനന്തപുരം: കേരളത്തിന് സില്‍വര്‍ ലൈന്‍ മാത്രമല്ല, അതിവേഗ പാതയും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ലെന്ന് കേന്ദ്രം. രാജ്യസഭയില്‍ സിപിഎമ്മിന്റെ എംപിയായ ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് വന്‍ തിരിച്ചടിയായേക്കും.
ഇടതുപക്ഷ സർക്കാർ കൊണ്ടുവന്ന അർദ്ധഅതിവേഗ പാത സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതിനാൽ ഇനി അതിൽ ചർച്ചകളൊന്നും സാധ്യമല്ലെന്നും, ഇ. ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നുവെച്ചതിനാൽ അതിലും ഇനി ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നുമാണ് കേന്ദ്ര നിലപാടെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. "ആവശ്യത്തിന് കോച്ച് ഫാക്ടറികൾ നിലവിലുണ്ട്" എന്ന ന്യായം പറഞ്ഞാണ് പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി കേന്ദ്രം ഉപേക്ഷിച്ചതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി എന്ന കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം കേന്ദ്ര സർക്കാർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം (31.07.2026) രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി നൽകിയ മറുപടിയിലാണ് ഈ ചതിയുടെ വ്യാപ്തി വ്യക്തമാകുന്നത്.
2008-09 ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. പ്രതിവർഷം 600 കോച്ചുകൾ നിർമ്മിക്കാൻ ശേഷിയുള്ള, 1,215 കോടി രൂപയിലധികം നിക്ഷേപം പ്രതീക്ഷിച്ച ഈ വൻകിട വ്യവസായ സംരംഭത്തിനായി സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു നൽകുകയും ചെയ്തു. 2012 ഫെബ്രുവരിയിൽ വലിയ ആഘോഷങ്ങളോടെ തറക്കല്ലിട്ട പദ്ധതി, 18 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ "ആവശ്യത്തിന് കോച്ച് ഫാക്ടറികൾ നിലവിലുണ്ട്" എന്ന ന്യായം പറഞ്ഞ് കേന്ദ്രം വെട്ടിനിരത്തിയിരിക്കുകയാണ്. നിലവിലുള്ള നിർമ്മാണ യൂണിറ്റുകൾ മതിയെന്ന വാദം കേവലം ഒരു പുകമറ മാത്രമാണ്. വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത കഞ്ചിക്കോടിനെ ആസൂത്രിതമായി ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ നയപരമായ ഒരു വഞ്ചനയാണ് കാട്ടിയത്. ഇതിലും പരിഹാസ്യമായ കാര്യം, കോച്ച് ഫാക്ടറിക്ക് പകരം അവിടെ റെയിൽവേയുടെ "ഭാവി വികസന ആവശ്യങ്ങൾക്കായി" ഭൂമി ഉപയോഗിക്കും എന്ന അനിശ്ചിതത്വവും അവ്യക്തവുമായ മറുപടിയാണ് നൽകിയിരിക്കുന്നത്! 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചത് ഒരു നിർമ്മാണ യൂണിറ്റല്ല, മറിച്ച് വെറും വാഗ്ദാനങ്ങൾ മാത്രമാണ്. അധിക കോച്ച് നിർമ്മാണ ശേഷി ആവശ്യമില്ലെന്ന് റെയിൽവേ തീരുമാനിച്ചിരുന്നെങ്കിൽപ്പോലും, അതേ വലിപ്പത്തിലുള്ള മറ്റൊരു റെയിൽവേ നിർമ്മാണ/വ്യവസായ പദ്ധതി കേരളത്തിന് നൽകാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടായിരുന്നു. ദേശീയതലത്തിൽ അംഗീകരിച്ച ഒരു വൻകിട പദ്ധതിക്കായി ഏറ്റെടുത്ത നൂറുകണക്കിന് ഏക്കർ ഭൂമി പതിറ്റാണ്ടുകളായി ഒന്നിനും ഉപയോഗിക്കാതെ കിടക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വലിയ വ്യവസായ നിക്ഷേപങ്ങളും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് കേന്ദ്രത്തിന്റെ ഈ വിവേചനം മൂലം നഷ്ടമായത്''.