നാളേയും മഴ തന്നെ, ഒപ്പം ഇടിമിന്നല്‍ സാധ്യതയും; 12 ഇടത്ത് ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ അവധി

സംസ്ഥാനത്ത് നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ 12 ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

ഈ ജില്ലകളില്‍ നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് തീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഈ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത് എന്നും മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത തുടരണം എന്നും അധികൃതര്‍ അറിയിച്ചു.

Advertisement

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് നാളെ അവധി. ഞായറാഴ്ച പൊതുഅവധി ദിനമാണെങ്കിലും സ്‌പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ എന്നിവ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍, ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും എന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു. റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണമെന്നും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കില്‍ അവധി നല്‍കാമെന്നും കളക്ടര്‍ പറഞ്ഞു.

Advertisement

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി തുടരും. കോഴിക്കോട് ജില്ലയില്‍ നാളെ എല്ലാ മദ്രസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ്ലൈന്‍ പഠന-പരിശീലന ക്ലാസുകളൊന്നും പാടില്ല.

ജില്ലയില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് എനന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടര്‍ച്ചയായി നാല് ഗ്രീന്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും എന്നും കളകളക്ടര്‍ വ്യക്തമാക്കി.

Advertisement

മലപ്പുറം ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്രസ്സകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും എന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല എന്നും കളക്ടര്‍ വ്യക്തമാക്കി.

കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഞായറാഴ്ച മദ്രസകള്‍, ട്യൂഷന്‍ സ്ഥാപനങ്ങള്‍, ഏതെങ്കിലും രീതിയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു